കെ-റെയില്‍: സർവകക്ഷി യോഗം വിളിക്കണമെന്ന് ചെന്നിത്തല, മുഖ്യമന്ത്രിക്ക് കത്ത് നൽകി

തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകളും സംശയങ്ങളും ദുരീകരിക്കുന്നതിനായി അടിയന്തരമായി സര്‍വകക്ഷി യോഗം വിളിക്കണമെന്നും അതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.

കേന്ദ്ര ധനകാര്യ മന്ത്രാലയം ഉപേക്ഷിച്ച കെ-റെയില്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നത് അഴിമതിക്കും, റിയല്‍ എസ്റ്റേറ്റ് കുംഭകോണത്തിനും വേണ്ടിയാണെന്ന സംശയം ബലപ്പെടുകയാണെന്ന് ചെന്നിത്തല പറഞ്ഞു. കെ.ഫോണ്‍, ഇ-മൊബിലിറ്റി, ബ്രൂവറി- ഡിസ്റ്റിലറി, സ്പ്രിംഗ്‌ളര്‍ ഡാറ്റാ കച്ചവടം- പമ്പാ മണല്‍കടത്ത് തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള ക്രമക്കേടുകളുടെ തുടർച്ചയാണ് ഇതെന്ന് സംശയിക്കേണ്ടിരിക്കുന്നു. പദ്ധതിക്ക് കേന്ദ്ര സര്‍ക്കാറിന്‍റെ അനുമതിയില്ലെന്ന് മാത്രമല്ല, കേന്ദ്ര ധനകാര്യ മന്ത്രാലയം ഈ പദ്ധതി നിരാകരിക്കുകയും ചെയ്തതാണ്. മാത്രമല്ല ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പാരിസ്ഥിക ആഘാത പഠനങ്ങളോ സാമൂഹിക ആഘാത പഠനങ്ങളോ നടത്തിയിട്ടുമില്ല.

കേന്ദ്രം അനുമതി നിഷേധിച്ചിട്ടും , ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ട് പോകരുതെന്ന് റവന്യൂ വകുപ്പ് ആവശ്യപ്പെട്ടിട്ടും, അതിനെയെല്ലാം കാറ്റില്‍ പറത്തി ഭൂമിയേറ്റെടുക്കല്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് തന്നെ റിയല്‍ എസ്റ്റേറ്റ് കുംഭകോണം ലക്ഷ്യമിട്ടാണെന്ന ആരോപണം ഇതിനകം ഉയർന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഉടന്‍ സര്‍വ്വ കക്ഷിയോഗം വിളിച്ച് കെ റെയിലുമായി ബന്ധപ്പെട്ട ആശങ്കകളെല്ലാം പരിഹരിക്കണം. അതിന് ശേഷമേ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളാവൂ എന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

സുതാര്യവും, നിയമാനുസൃതമായ നപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് നടപ്പിലാക്കുന്ന വികസന പദ്ധതികള്‍ക്ക് യു.ഡി.എഫ് എതിരല്ല. എന്നാല്‍ അതിന്‍റെ മറവില്‍ നടത്തുന്ന വഴിവിട്ട നീക്കങ്ങളെ ചെറുക്കേണ്ട ബാധ്യത പ്രതിപക്ഷത്തിനുണ്ട്. പ്രത്യേകിച്ചും 20,000 കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരുന്ന സാഹചര്യത്തിൽ. കൺസൾട്ടൻസികൾക്ക് പണംതട്ടാനും കൂടെയുള്ളവർക്ക് കമീഷൻ ലഭിക്കാനും മാത്രം വികസനം എന്ന വ്യാജപേരിൽ നടക്കാത്ത പദ്ധതികൾ കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു. 

Tags:    
News Summary - ramesh chennithala demand all party meeting for k rail project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.