കണ്ണൂർ: ‘‘കാര്യലാഭത്തിനുവേണ്ടി വേഷം മാറുന്നവരെ പരമപുച്ഛമാണ്. നിങ്ങളുടെ പാർട്ടിയിൽ ഇപ്പോൾ കയറിക്കൂടിയ അബ്ദുല്ലക്കുട്ടിമാർ കുറേയുണ്ട്. നാണമില്ലേ ഇവർക്ക്’’- രാജ്യസഭാംഗമായ ശേഷം തന്നെ കാണാനെത്തിയ സി. സദാനന്ദനോട് ടി. പത്മനാഭൻ പറയുന്നതാണ് ഈ വാക്കുകൾ. ബി.ജെ.പിയിലേക്ക് കൂടു മാറിയ എ.പി. അബ്ദുല്ലക്കുട്ടി, പത്മജ വേണുഗോപാൽ, കെ.എസ്. രാധാകൃഷ്ണൻ തുടങ്ങിയവരെയാണ് ടി. പത്മനാഭൻ കണക്കറ്റ് പരിഹസിച്ചത്.
അബ്ദുല്ലക്കുട്ടി എത്ര പാർട്ടിയിൽ പോയി. പത്മജയോടും പരമപുച്ഛമാണ്. തുടക്കം മുതൽ ഒരു പാർട്ടിയിൽ വിശ്വസിക്കുന്നവരോട് ബഹുമാനമാണ്. അതും ഇതും തമ്മിൽ വ്യത്യാസമുണ്ട്. കാരണമൊന്നും പറയേണ്ടല്ലേ-പത്മനാഭൻ പറഞ്ഞു. തൃശൂരിൽ ഒരു നരഹത്യ ഉടൻ നടക്കും. തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ പത്മജയെ തയാറാക്കുകയാണ്. എന്നാൽ, പത്മജക്ക് വേണ്ടത് ഗവർണർ സ്ഥാനമാണ്. ഗവർണറാവാനാണ് തനിക്ക് ഇഷ്ടമെന്ന് ഒരു നാണവുമില്ലാതെ അവർ പറയുന്നത് കേട്ടു. എവിടെയാണ് ഗവർണർ ആവുകയെന്ന് ചാനലുകാർ ചോദിച്ചപ്പോൾ ‘‘മലയാളിയെന്ന നിലയിൽ എനിക്ക് ഇഷ്ടം കേരളമാണല്ലോ. എങ്കിലും അദ്ദേഹം തരുന്നത് സ്വീകരിക്കും’’ എന്ന് ഒരു നാണവുമില്ലാതെ അവർ പറയുന്നത് കേട്ടു. ഗവർണർ സ്ഥാനം അവർ ഉറപ്പിച്ചു.
ഇത് പത്മജ പത്രക്കാരോട് പറഞ്ഞിട്ട് കൊല്ലം രണ്ടുകഴിഞ്ഞു. അതേപോലെ തന്നെയാണ് കെ.എസ്. രാധാകൃഷ്ണൻ. അടുത്ത സുഹൃത്താണ്, യോഗ്യനാണ്. അബ്ദുല്ലക്കുട്ടിയെ പോലെയല്ല. നല്ല സ്കോളറാണ്. ഒരു ദിവസം പത്രത്തിൽ വാർത്ത വന്നു. അയാൾ ബി.ജെ.പിയിൽ ചേരുന്നുവെന്ന്. ഉടൻ അദ്ദേഹത്തെ വിളിച്ചു. നിങ്ങൾ അങ്ങനെ വിശ്വസിക്കുന്നുണ്ടോ എന്നാണ് തിരിച്ച് അദ്ദേഹം ചോദിച്ചത്. ഒരിക്കലും വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞപ്പോൾ എന്നാൽ, അതാണ് സത്യമെന്ന് രാധാകൃഷ്ണൻ പറഞ്ഞു. കോൺഗ്രസ് എല്ലാ ഉന്നത സ്ഥാനവും അദ്ദേഹത്തിന് കൊടുത്തു. കാലടി സർവകലാശാല വൈസ് ചാൻസലറാക്കി. പി.എസ്.സി ചെയർമാനാക്കിയ കാര്യവും ടി. പത്മനാഭൻ പറഞ്ഞു. കാലുമാറുന്നവരുടെ കാരണം അറിയണമോ എന്ന് ചോദിച്ചപ്പോൾ, ‘‘പപ്പേട്ടന്റെ മനസ്സ് അറിയാം’’ എന്നു മാത്രമാണ് സി. സദാനന്ദൻ നൽകിയ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.