തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. മറ്റു സമുദായങ്ങളെ അധിക്ഷേപിക്കുന്നവരെ വിമർശിക്കും. അത്തരത്തിൽ വിമർശിക്കുമ്പോൾ സമുദായത്തെയല്ല അധിക്ഷേപം നടത്തിയവരെ മാത്രമാണ് വിമർശിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയുടെ കാറിൽ കയറ്റിയതുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കിയത് ബിനോയ് വിശ്വമാണ്. വെള്ളാപ്പള്ളിയെ കാണുമ്പോൾ കൈകൊടുക്കുമെന്ന പറഞ്ഞ ബിനോയ് വിശ്വം എന്നാൽ, അദ്ദേഹത്തെ കാറിൽ കയറ്റില്ലെന്ന് വ്യക്തമാക്കി. ബിനോയ് വിശ്വം സമുദായ വിരുദ്ധനാണെന്ന് ആരും പറയില്ലല്ലോയെന്നും മുരളീധരൻ ചോദിച്ചു.
മലപ്പുറം ജില്ലയേയും മുസ്‍ലിം സമുദായത്തേയും അധിക്ഷേപിച്ചത് കൊണ്ടാണ് വെള്ളാപ്പള്ളിയെ വിമർശിച്ചത്. ശ്രീനാരായണ ഗുരു സ്ഥാപിച്ച ഒരു സംഘടനയുടെ തലപ്പത്തിരുന്ന് പറയാൻ പാടില്ലാത്തതാണ് വെള്ളാപ്പള്ളി പറഞ്ഞതെന്നും മുരളീധരൻ വ്യക്തമാക്കി.
എസ്.എൻ.ഡി.പിയും എൻ.എസ്.എസും ഒരുമിക്കുന്നത് യു.ഡി.എഫിന് തിരിച്ചടിയാവില്ല. സമുദായനേതാക്കൾ പറയുന്നത് അനുസരിച്ചല്ല അംഗങ്ങൾ വോട്ട് ചെയ്യുന്നത്. അങ്ങനെയാണെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്രയും വലിയ ജയം യു.ഡി.എഫിന് ഉണ്ടാവില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമുദായ സംഘടനകൾ തമ്മിലുള്ള ഐക്യം സ്വാഗതം ചെയ്യുകയാണെന്നും കെ.മുരീളധരൻ പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയിൽ എസ്.ഐ.ടി അന്വേഷണത്തിൽ സംശയമുണ്ടെന്നും കെ.മുരളീധരൻ പറഞ്ഞു. തന്ത്രിയെ കുടുക്കി മന്ത്രിയേയും മുൻ മന്ത്രിയേയും രക്ഷിക്കാനാണോ ശ്രമമെന്ന് സംശയമുണ്ട്. കേന്ദ്ര ഏജൻസികൾ സ്വർണ്ണക്കൊള്ള അന്വേഷിക്കണോയെന്ന ചോദ്യത്തിന് ഹൈകോടതി മേൽനോട്ടത്തിൽ മാത്രം അത്തരത്തിലുള്ള അന്വേഷണം നടത്തിയാൽ മതിയെന്ന് മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.