പാലക്കാട്: കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) മാനേജ്‌മെന്റും പൊതുവിതരണ വകുപ്പും തൊഴിൽപരമായ വിവേചനം കാണിക്കുന്നതായി ആരോപിച്ച് സപ്ലൈകോയിലെ തനത് സ്ഥിരം ജീവനക്കാരും താൽക്കാലിക ജീവനക്കാരും സമരത്തിനിറങ്ങുന്നു. സപ്ലൈകോയിലെ ജീവനക്കാരിൽ പകുതി പൊതുവിതരണം, കൃഷി എന്നീ വകുപ്പുകളിൽനിന്ന് ഡെപ്യൂട്ടേഷനിൽ എത്തുന്നവരാണ്.
ഡെപ്യൂട്ടേഷൻ ജീവനക്കാരോട് തൊഴിൽസംബന്ധമായി മൃദുസമീപനം സ്വീകരിക്കുമ്പോൾ സപ്ലൈകോയിൽ നേരിട്ട് നിയമനം ലഭിക്കുന്ന സ്ഥിരം, താൽക്കാലിക ജീവനക്കാരെ അവഗണിക്കുന്നു എന്നാണ് ആരോപണം. സർക്കാർ പ്രഖ്യാപിച്ച പതിനൊന്നാം ശമ്പള കമീഷൻ ഉത്തരവുപ്രകാരമുള്ള ശമ്പളപരിഷ്‌കരണം രണ്ടു വർഷത്തിനുശേഷം 2023 മേയ് മുതലാണ് നടപ്പാക്കിയത്. 2019 ജൂലൈ മുതൽ 2023 ഏപ്രിൽ വരെ 46 മാസത്തെ ശമ്പള കുടിശ്ശിക തനത് ജീവനക്കാർക്ക് നൽകാൻ സാധ്യമല്ലെന്നാണ് ഭക്ഷ്യവകുപ്പ് പറയുന്നതെന്ന് യൂനിയൻ ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു.
2021 മാർച്ച് മുതൽ ഡെപ്യൂട്ടേഷൻ ജീവനക്കാർക്ക് സപ്ലൈകോയുടെ തനത് ഫണ്ട് ഉപയോഗിച്ച് ശമ്പള പരിഷ്‌കരണം നടപ്പാക്കുകയും 2019 ജൂലൈ മുതലുള്ള കുടിശ്ശിക അനുവദിക്കുകയും ചെയ്തു. സാമ്പത്തികമായി നഷ്ടം ഉണ്ടെന്നു പറയുമ്പോൾ ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് രണ്ടു രീതിയിൽ സപ്ലൈകോ ഫണ്ടിൽനിന്ന് ആനുകൂല്യം വിതരണം ചെയ്യുന്ന ഭക്ഷ്യവകുപ്പിന്‍റെ ഉത്തരവ് നിയമവിരുദ്ധവും വിവേചനപരവുമാണെന്നാണ് ആരോപണം.
സൂപ്പർ മാർക്കറ്റ്, മാവേലി സ്റ്റോർ തുടങ്ങി സപ്ലൈകോ ഔട്ട് ലെറ്റുകളിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും ദിവസവേതനക്കാരും താൽക്കാലിക തൊഴിലാളികളുമാണ്. ദിവസവേതനക്കാരെ നിയമിക്കുന്നതിന്റെ അടിസ്ഥാനം ഓരോ മാസവും ലഭിക്കുന്ന സെയിൽസ് കലക്ഷൻ അനുസരിച്ചാണ്. ഒരു മാസത്തിന്റെ അവസാന ദിവസം മാത്രമേ എത്ര ജീവനക്കാർക്കാണ് ശമ്പളം ലഭിക്കുക എന്നറിയാൻ കഴിയൂ.
മാസം മുഴുവൻ ജോലി ചെയ്തിട്ട് നിശ്ചയിച്ച കലക്ഷൻ തുകയിൽനിന്ന് 100 രൂപ കുറഞ്ഞാലും ജീവനക്കാരന് ശമ്പളം ലഭിക്കാത്ത അവസ്ഥയാണ്. അശാസ്ത്രീയമായ ടാർഗറ്റ് സംവിധാനം കാരണം ദിവസ വേതനക്കാർക്ക് പല മാസങ്ങളിലും ശമ്പളം ലഭിക്കാറില്ല. ഇത്തരം വിഷയങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ എംപ്ലോയീസ് യൂനിയൻ ജനുവരി 28,29 തീയതികളിൽ പണിമുടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.