തിരുവനന്തപുരം: വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്കരണത്തിൽ (എസ്.ഐ.ആർ) ഹിയറിങ് അടക്കം അന്തിമപട്ടികക്കുള്ള നടപടികൾ പുരോഗമിക്കുമ്പോഴും അവസാനിക്കാതെ ഫീൽഡ്തല വിവരശേഖരണവും തെറ്റുതിരുത്തലും. 2002ലെ പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് മാപ്പിങ് നടന്നെങ്കിലും 2002ലെ വിവരങ്ങളും നിലവിലെ (2025) പട്ടികയിലെ വിവരങ്ങളുമായി പൊരുത്തപ്പെടാത്തവരുടെ വിശദാംശങ്ങൾ വ്യക്തതക്കായി ബി.എൽ.ഒമാർക്ക് വ്യപകമായി തിരിച്ചയക്കുകയാണ് കമീഷൻ.
പേരിലെയും ഇനീഷ്യലിലെയും ‘യുക്തിപരമായ പൊരുത്തക്കേടുകൾ’ ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യം ഫോമുകൾ തിരിച്ചയച്ചതെങ്കിൽ ഇപ്പോൾ വയസാണ് പ്രശ്നം. അമ്മയും മകനും തമ്മിൽ 15 വയസിൽ താഴെ വ്യത്യാസം, മുത്തശ്ശിയും പേരമക്കളും തമ്മിൽ 40 വയസിന് താഴെ വ്യത്യാസം, അച്ഛനും മക്കളും തമ്മിൽ 50 വയസിന് മുകളിലുള്ള വ്യത്യാസം എന്നിവ സംശയമായി ചൂണ്ടിക്കാട്ടിയാണ് ഫോമുകൾ തിരികെവിടുന്നത്. ഇത് പരിഹരിക്കാൻ വട്ടംകറങ്ങുകയാണ് ബി.എൽ.ഒമാർ.
പേരിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് രേഖകൾ സഹിതം അപ്ലോഡ് ചെയ്ത് ഇവയിലെ നടപടി പൂർത്തീകരിക്കും മുമ്പാണ് അടുത്ത പണി. മാപ് ചെയ്യാനാകാത്തവരുടെ നോട്ടീസ് വിതരണവും ഹിയറിങും നടക്കുന്നതിന് സമാന്തരമായാണ് ബി.എൽ.ഒമാർ വീണ്ടും വിവരശേഖരണത്തിന് ഇറങ്ങുന്നത്. വയസ് വ്യക്തത വരുത്തുന്നതിനുള്ള രേഖകൾ വോട്ടറിൽ നിന്ന് ശേഖരിച്ച് ബി.എൽ.ഒമാർ ആപ് വഴി അപ്ലോഡ് ചെയ്യണമെന്നാണ് നിർദേശം.
നെട്ടോട്ടത്തിന് കാരണം 2002 ലെ അപൂർണ പട്ടിക
അശാസ്ത്രീയവും അപൂർണവുമായി 2002ലെ പട്ടിക എസ്.ഐ.ആറിന് അവലംബമാക്കിയതാണ് നിലവിലെ പ്രതിസന്ധിക്കും നെട്ടോട്ടത്തിനും കാരണം. 2002ലെ എസ്.ഐ.ആർ എങ്ങനെയാണ് തയാറാക്കിയതെന്നത് വ്യക്തമല്ല. രേഖകളുടെ പിൻബലമില്ലാതെയുള്ള പേര് ചേർക്കലാകും അന്ന് നടന്നിട്ടുണ്ടാവുക. ഇതിലാകട്ടെ വ്യാപക പിശകുകളുണ്ട്. പേരിലെ അക്ഷരങ്ങളും ഇനീഷ്യലുമടക്കം കൃത്യപ്പെടുത്തും വിധം രേഖകൾ പരിഷ്കരിച്ച് തുടങ്ങിയത് ആധാർ വന്ന 2010ന് ശേഷമാണ്.
2002ലെ എസ്.ഐ.ആറിന് ശേഷം പല ഘട്ടങ്ങളിലായി പ്രത്യേക പരിഷ്കരണമായ സ്പെഷ്യൽ സമ്മറി റിവിഷന് (എസ്.എസ്.ആർ) വിധേയമാക്കിയതിനെ തുടർന്ന് താരതമ്യേന ഭേദപ്പെട്ട വോട്ടർ പട്ടികയാണ് 2025ലേത്. ഇത്തരത്തിൽ കുറ്റമറ്റ പട്ടികയിലെ വിവരങ്ങളെ 2002ലെ അപൂർണ പേരുവിവരങ്ങളുമായി പൊരുത്തപ്പെടുത്താനുള്ള സാഹസമാണ് നിലവിലെ അനിശ്ചിതത്വങ്ങൾക്ക് കാരണം. 2002ൽ മലയാളത്തിലുള്ള പട്ടിക ഇംഗ്ലീഷിലേക്ക് മാറ്റിയതിനെ തുടർന്നുള്ള വന്ന പൊരുത്തക്കേടുകളും ഇപ്പോൾ വോട്ടറുടെ ചുമലിലാണ്.
പേരിലെ പിശകിനും ഹിയറിങ് !
യുക്തിപരമായ പൊരുത്തക്കേടുകളുടെ പേരിൽ വോട്ടർമാരെ ഹിയറിങ് നടത്തില്ലെന്നാണ് നിർദേശമെങ്കിലും ഈ വിഭാഗങ്ങൾക്കും നോട്ടീസ് നൽകുന്നതായി ആക്ഷേപം. പേരിലെ പിശക് ചൂണ്ടിക്കാട്ടിയാണ് പലർക്കും നോട്ടീസ് ലഭിച്ചത്. മാപ്പ് ചെയ്യാനാകാത്തവർ പോലും രേഖകൾ ബി.എൽ.ഒയ്ക്ക് നൽകുകയും ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്താൽ അയാളെ ഹിയറിങ് നടത്തുന്നതിൽ നിന്ന് ഒഴിവാക്കുന്നതിൽ ഇ.ആർ.ഒമാർക്ക് വിവേചനാധികാരമുള്ളപ്പോഴാണ് മാപ്പ് ചെയ്തവരെ പേരിലെ പൊരുത്തക്കേടുകളുടെ പേരിൽ ഹിയിറങ്ങിന് വിളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.