തിരൂർ: കേരള കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച താനൂർ പുത്തൻതെരു ഫിർദൗസ് ഓഡിറ്റോറിയത്തിൽ നടക്കും. വൈകീട്ട് 6.45ന് നടക്കുന്ന പരിപാടിയിൽ മന്ത്രി വി. അബ്ദുറഹ്മാൻ, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി. ആരിഫലി, കുറുക്കോളി മൊയ്തീൻ എം.എൽ.എ, ബൈത്തുസ്സകാത് കേരള ചെയർമാൻ ശൈഖ് മുഹമ്മദ് കാരകുന്ന്, തിരൂർ നഗരസഭ ചെയർമാൻ കീഴേടത്ത് ഇബ്രാഹിം ഹാജി, താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസ്കർ, പീപ്ൾസ് ഫൗണ്ടേഷൻ ചെയർമാൻ പി.ഐ. നൗഷാദ്, എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാഫി ഹാജി, അൻവർ സാദത്ത് കള്ളിയത്ത്, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വനിത വിഭാഗം സംസ്ഥാന പ്രസിഡന്റ് പി.ടി.പി. സാജിദ, സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് മലപ്പുറം ജില്ല പ്രസിഡന്റ് സമീർ കാളികാവ് തുടങ്ങിയവർ പങ്കെടുക്കും.
സകാത്തിനെ സാമൂഹിക പുരോഗതിക്കനുയോജ്യമായ രീതിയിൽ വിനിയോഗിച്ച് കാൽ നൂറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന സംഘടിത സകാത് സംവിധാനമായ ബൈത്തുസ്സകാത് കേരള ജനുവരി 20 മുതൽ ഫെബ്രുവരി 10 വരെയാണ് ‘ബൈത്തുസ്സകാത് കേരള ജീവിതങ്ങൾക്ക് നിറം നൽകുന്നു’ എന്ന തലക്കെട്ടിൽ കാമ്പയിൻ സംഘടിപ്പിക്കുന്നത്.
സകാത്തിന്റെ വ്യവസ്ഥാപിത ശേഖരണവും വിതരണവും പങ്കാളിത്ത സഹകരണ പദ്ധതികളും കാമ്പയിനിന്റെ ഭാഗമായി ചർച്ചചെയ്യും. ഭവന നിർമാണം, തൊഴിൽ പദ്ധതികൾ, ചികിത്സ, സ്‌കോളർഷിപ്, കുടിവെള്ള പദ്ധതി, പെൻഷൻ, കടബാധ്യത തീർക്കൽ തുടങ്ങിയ മേഖലകളിലായി അരലക്ഷത്തിലധികം വ്യക്തികൾക്കും കുടുംബങ്ങൾക്കും കഴിഞ്ഞ വർഷങ്ങളിൽ സഹായം നൽകാൻ ബൈത്തുസ്സകാത് കേരളക്ക് സാധിച്ചു. കഴിഞ്ഞ വർഷം 416 കുടുംബങ്ങൾക്ക് വീടുകളും 332 വ്യക്തികൾക്ക് തൊഴിൽസഹായവും 315 വിദ്യാർഥികൾക്ക് പഠനസഹായവും നൽകി. മഹല്ലുകൾ കേന്ദ്രമായ നൂറുകണക്കിന് പ്രാദേശിക സകാത് സംവിധാനങ്ങളിലൂടെയും വിനിയോഗിക്കപ്പെടുന്ന സകാത് ദാരിദ്ര്യനിർമാർജനത്തിലും ദരിദ്രജനവിഭാഗങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളുടെ പൂർത്തീകരണത്തിലും വലിയ പങ്കുവഹിക്കുന്നുണ്ട്. വാർത്തസമ്മേളനത്തിൽ പി.കെ. ഹബീബ് ജഹാൻ, ഡോ. അബ്ദുന്നാസർ കുരിക്കൾ, അബ്ദുറഹീം പുത്തനത്താണി, അയ്യൂബ് തിരൂർ, കെ.വി. ഫൈസൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.