നിയമവ്യവസ്ഥ പരിപാലിക്കേണ്ട സ്പീക്കർ ചട്ടങ്ങൾ ദുർവ്യാഖ്യാനം ചെയ്യുന്നു -ചെന്നിത്തല

തിരുവനന്തപുരം: നിയമവ്യവസ്ഥ പരിപാലിക്കാൻ ബാധ്യസ്ഥനായ സ്പീക്കർ സ്വന്തം മുഖം രക്ഷിക്കുന്നതിന് വേണ്ടി നിയമസഭാ ചട്ടങ്ങൾ ദുർവ്യാഖ്യാനം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡോളർ കള്ളക്കടത്ത് കേസിന്‍റെ അന്വേഷണം അട്ടിമറിക്കാൻ സ്പീക്കറും അദ്ദേഹത്തിന്‍റെ ഒാഫീസും ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

ഡോളര്‍ കടത്ത് പോലുള്ള ഹീനമായ ഒരു കേസിന്‍റെ അന്വേഷണത്തെയാണ് സ്പീക്കറും അദ്ദേഹത്തിന്‍റെ ഓഫീസും തടസപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നത് ഗൗരവമേറിയ കാര്യമാണ്. നിയമസഭ സമാജികര്‍ക്കുള്ള ഭരണഘടനാ പ്രകാരമുള്ള പരിരക്ഷ അവരുടെ സ്റ്റാഫിനും ലഭിക്കുമെന്ന സ്പീക്കറുടെയുടെയും സ്പീക്കറുടെ ഓഫീസിന്‍റെയും നിലപാട് നിയമാനുസൃതമല്ല. കേരള നിയമസഭയില്‍ തന്നെ മുന്‍പ് ഇത് സംബന്ധിച്ച് സ്പീക്കറുടെ റൂളിങ് ഉണ്ടായിട്ടുള്ളതാണ്. 1970കളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തിനോട് അനുബന്ധിച്ച് നിയമസഭാ വളപ്പില്‍ നിന്ന് ചില ജീവനക്കാരെ അറസ്റ്റ് ചെയ്ത സംഭവം പ്രവിലേജിന്‍റെ പരിധിയില്‍ വരികയില്ലെന്ന് അന്നത്തെ സ്പീക്കര്‍ റൂളിങ് നല്‍കിയിട്ടുണ്ട്. നിയമസഭാ സമാജികര്‍ക്കുള്ള പരിരക്ഷ അല്ലാത്തവര്‍ക്ക് ലഭിക്കുകയില്ലെന്നാണ് സ്പീക്കറുടെ റൂളിങ്. അത് ഇപ്പോഴും നിലനില്‍ക്കുകയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

തനിക്ക് ഭയമില്ലെന്ന് സ്പീക്കര്‍ പത്രസമ്മേളനത്തില്‍ പറയുന്നു. ഭയമില്ലെങ്കില്‍ എന്തിനാണ് തന്‍റെ പേഴ്‌സണല്‍ സ്റ്റാഫിനെ ചോദ്യം ചെയ്യുന്നത് തടസപ്പെടുത്താന്‍ സ്പീക്കര്‍ ശ്രമിക്കുന്നതെന്ന് ചെന്നിത്തല ചോദിച്ചു. സ്പീക്കര്‍ക്ക് ഒന്നും മറച്ചുവെക്കാനില്ലെങ്കില്‍ അന്വേഷണവുമായി സഹകരിച്ച് സത്യാവസ്ഥ പുറത്തു കൊണ്ടു വരാനല്ലേ അദ്ദേഹം ശ്രമിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

നേരത്തെ ലൈഫ് മിഷനിലെ അഴിമതി അന്വേഷിക്കുന്നതിന്‍റെ ഭാഗമായി ചില ഫയലുകള്‍ ഇഡി ആവശ്യപ്പെട്ടപ്പോള്‍ നിയമസഭയുടെ പ്രിവിലേജ് കമ്മിറ്റിയെ ദുരുപയോഗപ്പെടുത്തി അത് തടയാനുള്ള ശ്രമമുണ്ടായി. അന്ന് എത്തിക്‌സ് ആന്‍റ് പ്രിവിലേജ് കമ്മിറ്റിയുടെ യോഗം അസാധാരണമായി പ്രീപോണ്‍ഡ് ചെയ്ത് വിളിച്ചാണ് ആ പ്രശ്‌നത്തില്‍ നടപടി സ്വീകരിച്ചത്. ആ അട്ടിമറി ശ്രമത്തിന്‍റെ തുടര്‍ച്ചയായി വേണം ഇപ്പോഴത്തെ നീക്കത്തെയും കാണാനെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - Ramesh Chennithala attack to Speaker Sreeramakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.