തിരുവനന്തപുരം: അടുത്ത നിയസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സ്വയം പ്രഖ്യാപിച്ച് ബി.ജെ.പി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പാണ് താന്‍ നേമത്ത് സ്ഥാനാര്‍ഥിയാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കിയത്. തൃശൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് രാജീവ് ചന്ദ്രശേഖരൻ സ്ഥാനാർഥിത്വം വ്യക്തമാക്കിയത്.
'ഭരണശൈലിയില്‍ മാറ്റം വരുത്തും. ഡിജിറ്റല്‍ ഭരണം വീട്ടുപടിക്കല്‍ എന്നതാണ് ലക്ഷ്യം. ഭരണം കിട്ടിയാല്‍ 45 ദിവസത്തിനകം വികസന പദ്ധതി പ്രഖ്യാപിക്കും.' അദ്ദേഹം പറഞ്ഞു.
'റിപ്പോര്‍ട്ടര്‍ ടി.വി എം.ഡിക്കെതിരെ എടുത്ത കേസില്‍ കാര്യക്ഷമമായ അന്വേഷണം വേണം. മലയാള മാധ്യമങ്ങളുടെ പാരമ്പര്യത്തെ തന്നെ തകര്‍ക്കുന്ന കാര്യമാണ് ചെയ്തത്. ഇന്ത്യയില്‍ ആര്‍ക്കും ചാനല്‍ തുടങ്ങാനുള്ള അവകാശമുണ്ട്. പക്ഷേ, അതിന് ചില കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. മാധ്യമമെന്നത് ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന നാലാം തൂണാണ്. അതില്‍ ആരെങ്കിലും കൃത്രിമം കാണിച്ചാല്‍ അതില്‍ അന്വേഷണം വേണംറിപ്പോര്‍ട്ടര്‍ ടി.വിയുടെ എം.ഡി റൗഡി പട്ടികയില്‍ പെട്ടയാളാണോയെന്ന് പരിശോധിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
മാധ്യമങ്ങളുടെ മൂല്യം തകര്‍ക്കുന്ന നടപടിയാണ് ബാര്‍ക്കിലെ ക്രമക്കേടെന്നും നല്ല ജേണലിസമാണ് വിജയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
താൻ നൂറു ശതമാനവും മത്സരിക്കുമെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ വേണമെങ്കിൽ മണ്ഡലം ഏതെന്നും പറയാമെന്ന് പറഞ്ഞു. ഇതിനുശേഷമാണ് താൻ നേമത്ത് ആയിരിക്കും മത്സരിക്കുക എന്ന് പറഞ്ഞത്. ശശി തരൂർ ബി.ജെ.പിയിലേക്ക് വരുമോയെന്ന ചോദ്യത്തിന് പ്രതീക്ഷയില്ലെന്നായിരുന്നു മറുപടി.
സ്ഥാനാർഥി ചർച്ച ആരംഭിക്കും മുൻപേയാണ്സംസ്ഥാന അധ്യക്ഷന്റെ പ്രഖ്യാപനം. പാർലമെന്ററി പാർട്ടി യോഗം ചേർന്ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയാണ് ബി.ജെ.പിയുടെ രീതി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ശശി തരൂരിന് എതിരെ നേമത്ത് രാജീവ് ചന്ദ്രശേഖർ ലീഡ‍് ചെയ്തിരുന്നു. നിലവിൽ മന്ത്രി വി.ശിവൻകുട്ടിയാണ് നേമത്തെ എം.എൽ.എ. സംസ്ഥാനത്ത് ആദ്യമായി ബി.ജെ.പി അക്കൗണ്ട് തുറന്ന നിയമസഭാ മണ്ഡലമാണ് നേമം. അതുകൊണ്ട് തന്നെ ഒരുപാട് സ്ഥാനാർഥി മോഹികളുണ്ട് ഈ നിയോജക മണ്ഡലത്തിന്.
2016ൽ സിറ്റിങ് എം.എൽ.എയായ വി. ശിവന്‍കുട്ടിയെ പരാജയപ്പെടുത്തി മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാൽ വിജയിച്ച മണ്ഡലമാണ് നേമം. അടുത്ത തെരഞ്ഞെടുപ്പില്‍ അന്നത്തെ ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മത്സരിച്ചെങ്കിലും തോൽക്കുകയായിരുന്നു. വി. ശിവന്‍കുട്ടിയിലൂടെ എൽ.ഡി.എഫ് മണ്ഡലം തിരിച്ചുപിടിക്കുകയും ചെയ്തു.
മണ്ഡലത്തില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ തവണ ഇവിടെ മത്സരിക്കാനായി മുതിര്‍ന്ന നേതാവ് കെ. മുരളീധരനെ രംഗത്തിറക്കിയെങ്കിലും ഫലമുണ്ടായില്ല. 3, 949 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു 2021ലെ എൽ.ഡി.എഫ് വിജയം. ശിവന്‍കുട്ടി 55, 837 വോട്ട് നേടിയപ്പോള്‍ കുമ്മനം 51,888 വോട്ടും കെ മുരളീധരന് 36,524 വോട്ടുമാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.