തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ മുൻകൂർ ജാമ്യത്തിനുള്ള തീവ്ര ശ്രമത്തിൽ. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയെയോ ഹൈകോടതിയെയോ സമീപിക്കാനാണ് നീക്കം. എം.എൽ.എ ആണെന്നതും അറസ്റ്റ് ചെയ്യാനുള്ള നീക്കവും ചൂണ്ടിക്കാട്ടി ഹൈകോടതി ജാമ്യ ഹരജി വേഗത്തിൽ പരിഹരിക്കണമെന്നതാണ് ആവശ്യപ്പെടുക. കൊച്ചിയിലെ അഭിഭാഷകനുമായി രാഹുൽ സംസാരിച്ചതായാണ് വിവരം.
അസാധാരണ സാഹചര്യം ഉണ്ടെങ്കിലേ നേരിട്ട് ഹൈകോടതിയിൽ എത്താവൂ എന്ന് സുപ്രീംകോടതി നിർദേശം നിലവിൽ ഉള്ളതിനാൽ തിരുവന്തപുരം ജില്ലാ സെഷൻസ് കോടതിയെ സമീപിക്കണോ എന്നും ആലോചിക്കുന്നുണ്ട്.
അതേസമയം രാഹുലുമായി ബന്ധപ്പെടാനുള്ള പൊലീസിന്‍റെ നീക്കം വിജയിച്ചിട്ടില്ല. പത്തനംതിട്ട, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് രാഹുലിനായി അന്വേഷണം നടത്തിവരികയാണ് പൊലീസ്. രാഹുൽ എവിടെ എന്ന ചോദ്യത്തിന് ആരും വ്യക്തമായ ഉത്തരം നൽകുന്നില്ല. ഇന്നലെ രാഹുലിനെതിരെ പരാതി നൽകിയെന്ന വാർത്ത വന്നതുമുതൽ എം.എൽ.എ ഓഫിസും പൂട്ടിയ നിലയിലാണ് ഉള്ളത്. അതേസമയം, പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ് കോടതിയിൽ ഇന്ന് അപേക്ഷ നൽകും.
യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിത ഗർഭഛിദ്രം എന്നീ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശേഷം നേമം പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറും. അതിജീവിതയുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
മുൻകൂർ ജാമ്യത്തിനായി രാഹുൽ കൊച്ചിയിലെ അഭിഭാഷകരുമായി സംസാരിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇന്നലെ വൈകീട്ടോടെയാണ് അതിജീവിത മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി ലൈംഗിക പീഡന പരാതി നൽകിയത്. ഒപ്പം ഡിജിറ്റൽ തെളിവുകളും മെഡിക്കൽ രേഖകളും കൈമാറി. പരാതി മുഖ്യമന്ത്രി ഡി.ജി.പിക്ക് കൈമാറിയിരുന്നു.
രാഹുലിനെതിരായ ചാറ്റുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. രാഹുൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സജീവമാകുന്നതിനിടെയായിരുന്നു ചാറ്റുകൾ പുറത്ത് വന്നത്. ഇതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ ഗർഭഛിദ്ര ആരോപണത്തിൽ ഇരയായ യുവതി രേഖാമൂലം പരാതി നൽകിയാൽ മാത്രം നടപടിയെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനമെടുത്തിരുന്നത്.
സ്ത്രീകളെ ശല്യം ചെയ്തതിന് സ്വമേധയാ എടുത്ത കേസിൽ യുവതിയുടെ മൊഴിയെടുത്തുവെങ്കിലും രാഹുലിനെതിരെ ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ല. പുതിയ ശബ്ദരേഖകള്‍ പുറത്തുവന്ന സാഹചര്യത്തിൽ പരാതി കിട്ടിയാൽ മാത്രം നടപടിയെന്ന നിലപാടിലായിരുന്നു ക്രൈംബ്രാഞ്ച്.
നേരത്തെ രാഹുലിനെതിരായ മാധ്യമവാർത്തകളുടെയും ശബ്ദരേഖയുടെയും അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതികളിലാണ് സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തതിന് സ്വമേധയാ കേസെടുത്തത്. ആരോപണം ഉന്നയിച്ച സ്ത്രീകളെ സമീപിച്ച് രാഹുലിനെതിരെ മൊഴി രേഖപ്പെടുത്താനായിരുന്നു നീക്കം.
എന്നാൽ, ആരും മൊഴി നൽകാൻ എത്താത്തതിനെ തുടർന്ന് അന്വേഷണം വഴിമുട്ടിയിരുന്നു.കൂടുതൽ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തിലും യുവതിയുമായി അന്വേഷണ സംഘത്തിലെ ചിലർ ബന്ധപ്പെട്ടിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് യുവതിയുടെ പരാതി ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.