നേതാക്കൾ പറയുന്ന കാര്യങ്ങൾ അനുസരിക്കുന്നുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ‘പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നില്ല’

പാലക്കാട്: കോൺഗ്രസ് നേതാക്കൾ പറയുന്ന കാര്യങ്ങൾ താൻ അനുസരിക്കുന്നുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, കെ. സുധാകരൻ, കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ എന്നിവരെല്ലാം തന്റെ നേതാക്കളാണ്. അവർ പറയുന്നത് അനുസരിക്കുന്നുണ്ട്. സസ്പെൻഷനിലുള്ള ആൾ പാർട്ടി പരിപാടിയിൽ പങ്കെടുക്കരുത് എന്നാണ് നേതാക്കൾ പറഞ്ഞത്. താൻ പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നില്ലെന്നും രാഹുൽ വ്യക്തമാക്കി.

നിയമസഭ ഉപതെരഞ്ഞെടുപ്പിൽ തന്നെ വിജയിപ്പിക്കാൻ കഷ്ടപ്പെട്ടവർക്കായാണ് വോട്ട് തേടി വീടു കയറുന്നത്. അവരുടെ ആവശ്യം നിറവേറ്റേണ്ട ബാധ്യത രാഷ്ട്രീയമായി ഉണ്ട്. പദവിക്കുവേണ്ടി വീടു കയറി തുടങ്ങിയ ആളല്ല. വോട്ടില്ലാത്ത കാലത്ത് പാർട്ടിയുടെ പ്രചാരണത്തിനായി വീടു കയറിയ ആളാണ്.

ആ ശീലം രണ്ടു കാലും കുത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം തുടരും. പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും അത് തുടരും. സസ്പെൻഷൻ കാലത്ത് പാലിക്കേണ്ട അച്ചടക്കം പാലിച്ചാണ് മുന്നോട്ടു പോകുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ ഗർഭഛിദ്ര ആരോപണത്തിൽ ഇരയായ യുവതി രേഖാമൂലം പരാതി നൽകിയാൽ മാത്രം നടപടിയെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. സ്ത്രീകളെ ശല്യം ചെയ്തതിന് സ്വമേധയാ എടുത്ത കേസിൽ യുവതിയുടെ മൊഴിയെടുത്തുവെങ്കിലും രാഹുലിനെതിരെ ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ല. പുതിയ ശബ്ദരേഖകള്‍ പുറത്തുവന്ന സാഹചര്യത്തിൽ യുവതി പരാതിയുമായി എത്തുമോയെന്നാണ് ക്രൈംബ്രാഞ്ച് ഉറ്റുനോക്കുന്നത്.

രാഹുലിനെതിരായ മാധ്യമവാർത്തകളുടെയും ശബ്ദരേഖയുടെയും അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതികളിലാണ് സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തതിന് സ്വമേധയാ കേസെടുത്തത്. ആരോപണം ഉന്നയിച്ച സ്ത്രീകളെ സമീപിച്ച് രാഹുലിനെതിരെ മൊഴി രേഖപ്പെടുത്താനായിരുന്നു നീക്കം. പക്ഷേ, ആരും മൊഴി നൽകിയില്ല. ഗ‌ർഭഛിദ്രത്തിന് നിർബന്ധിച്ചതായി പറയുന്ന ശബ്ദരേഖയിലെ യുവതിയെയും പൊലീസ് കണ്ടെത്തിയിരുന്നു.

ഒരു വനിത ഐ.പി.എസ് ഉദ്യോഗസ്ഥ യുവതിയിൽ നിന്ന് നേരിട്ട് മൊഴിയെടുത്തുവെങ്കിലും രാഹുലിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ചില്ല. കൂടുതൽ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തിലും യുവതിയുമായി അന്വേഷണ സംഘത്തിലെ ചിലർ ബന്ധപ്പെട്ടിരുന്നു. പക്ഷേ പരാതിയുമായി യുവതി സമീപിച്ചാൽ മാത്രമേ നിയമപരമായി മുന്നോട്ടു പോകാൻ ക്രൈംബ്രാഞ്ചിന് കഴിയൂ.

Tags:    
News Summary - Rahul Mamkootathil says he is following what Congress leaders say

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.