രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എൽ.എ
പാലക്കാട്: അർധരാത്രിയിൽ പ്രത്യേക അന്വേഷണസംഘം(എസ്.ഐ.ടി) നടത്തിയ ഓപറേഷനിൽ ഒടുവിൽ രാഹുൽ മാങ്കൂട്ടത്തിൽ കുടുങ്ങി. പ്രാദേശിക പൊലീസിന് പോലും വിവരം നൽകാതെ അതീവ രഹസ്യമായാണ് മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുലിനെതിരെ അന്വേഷണസംഘം നീക്കം നടത്തിയത്.
കാരണം ആദ്യ ബലാത്സംഗക്കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്യുന്നത് ഹൈകോടതി തടഞ്ഞിരുന്നു. രണ്ടാമത്തെ കേസിൽ വിചാരണ കോടതി ജാമ്യവും അനുവദിച്ചു. എസ്.ഐ.ടി മേധാവി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
പാലക്കാട് എത്തിയതു മുതൽ പൊലീസ് രാഹുലിനെ രഹസ്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. രാഹുൽ പാലക്കാട്ടെ കെ.പി.എം ഹോട്ടലിൽ ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെ കസ്റ്റഡിയിൽ എടുക്കാനുള്ള ഒരുക്കങ്ങളും തുടങ്ങി. ഷൊർണൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഹോട്ടലിലെത്തി. റിസപ്ഷനിലുള്ളവരുടെ ഫോണുകൾ പിടിച്ചെടുത്തു. രാഹുലിന്റെ ഡ്രൈവറും സഹായിയും അടക്കം പുറത്തുപോയി എന്നുറപ്പാക്കിയതിനു ശേഷം അർധരാത്രി 12.15 ഓടെ രാഹുൽ താമസിച്ചിരുന്ന മുറിയിലെത്തി. വാതിലിൽ തട്ടിയെങ്കിലും വാതിൽ തുറക്കാൻ രാഹുൽ തയാറായില്ല. പൊലീസാണെന്നും കസ്റ്റഡിയിലെടുക്കാനാണ് എത്തിയതെന്നും അറിയിച്ചതോടെ രാഹുൽ വാതിൽ തുറന്നു. 12.30ഓടെ രാഹുലിനെ കസ്റ്റഡിയിലെടുത്തു.
കസ്റ്റഡിയിലെടുത്തതിന് പിന്നാലെ രാഹുലിനെ പത്തനംതിട്ട എ.ആർ ക്യാപിലെത്തിച്ചു. അവിടെ വെച്ച് ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നിലവിൽ രാഹുലിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യൽ പൂർത്തിയായതിനു ശേഷം രാുഹലിനെ തിരുവല്ല മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
പത്തനംതിട്ട തിരുവല്ല സ്വദേശിയാണ് രാഹുലിനെതിരെ പരാതി നൽകിയത് എന്നാണ് വിവരം. ലൈംഗിക പീഡനം, സാമ്പത്തിക ചൂഷണം, ഗർഭഛിദ്രം എന്നിവയടക്കമുള്ള കുറ്റങ്ങളാണ് രാഹുലിനെതിരെയുള്ളത്.
നിലവിൽ വിദേശത്ത് താമസിക്കുന്ന ഇവർ അന്വേഷണത്തിന്റെ ഭാഗമായി ഉടൻ നാട്ടിലെത്തിയേക്കും. വിഡിയോ കോൺഫറൻസിലൂടെയാണ് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.