കണ്ണൂർ: ആരോഗ്യ മന്ത്രി വീണ ജോർജിനെ കെ.എസ്.യു ആക്രമിച്ചു എന്ന് തെളിയിക്കുന്ന വിഡിയോ ഹാജരാക്കിയാൽ ഒരു പവൻ സ്വർണം സമ്മാനമായി പ്രഖ്യാപിച്ച് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. മന്ത്രി വീണ ജോർജിനെ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു എന്ന് പറയുന്ന വീഡിയോ തെളിവായി ഹാജരാക്കിയാൽ നിങ്ങൾക്കും നേടാം ഒരു പവൻ സ്വർണം എന്നെഴുതിയ പോസ്റ്ററാണ് കോൺഗ്രസ് പുറത്തുവിട്ടത്.
വീണ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിക്കുന്നതായി ഇതുവരെ പുറത്തുവന്ന ദൃശ്യങ്ങളിൽ കണ്ടെത്താനായിട്ടില്ല. റെയിൽവെ സ്റ്റേഷനിൽ നടന്ന ആക്രമണമായതിനാൽ റെയിൽവെ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
മന്ത്രിയുടെ അടുത്ത് കറുത്ത തുണിയുമായി എത്തിയെന്ന രീതിയിൽ ഒരു വിഡിയോ ദൃശ്യം പ്രചരിച്ചിരുന്നെങ്കിലും ഇത് മന്ത്രിയുടെ ഗൺമാൻ ധരിച്ച കരിനീല വസ്ത്രമാണെന്ന് പിന്നീട് തെളിഞ്ഞു.
കെ.എസ്.യു പ്രവർത്തകർ മന്ത്രിയുടെ സമീപത്ത് പോലും എത്തിയിട്ടില്ലെന്നും സ്പീക്കർ എ.എൻ ഷംസീറിന്‍റെ നേതൃത്വത്തിൽ തയ്യാറാക്കിയ മന്ത്രിയുടെ തിരക്കഥയാണിതെന്നും കോൺഗ്രസ് പറഞ്ഞു.
മന്ത്രിയുടേത് നാടകമാണെന്നും കഴുത്ത് ഉളുക്കിയതിന് ഐ.സി.യുവിൽ ചികിത്സിക്കേണ്ട സാഹചര്യമില്ലെന്നുമാണ് കെ.എസ്.യു നേതാക്കൾ പറഞ്ഞത്. എന്നാൽ കെ.എസ്.യു മന്ത്രിയെ കൊല്ലാൻ ശ്രമിച്ചു എന്നാണ് സി.പി.എം വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.