വീണ ജോർജിനെ കൈയേറ്റം ചെയ്യുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചില്ലെന്ന് ആർ.പി.എഫ്

കൊച്ചി: ആരോഗ്യമന്ത്രി വീണ ജോർജിനെ കെ.എസ്.യു പ്രവർത്തകർ കൈയേറ്റം ചെയ്യുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചില്ലെന്ന് ആർ.പി.എഫ്. കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തിന് പിന്നാലെ ആർ.പി.എഫ് റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. എന്നാൽ, ഇതിലൊന്നും മ​ന്ത്രിയെ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ കണ്ടെത്താൻ സാധിച്ചില്ലെന്നാണ് ആർ.പി.എഫ് വ്യക്തമാക്കുന്നത്. അതേസമയമം, ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ചില സി.സി.ടി.വി കാമറകൾ പ്രവർത്തിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

കേസുമായി ബന്ധപ്പെട്ട് കേരള പൊലീസിന് കീഴിൽ പ്രവർത്തിക്കുന്ന ഗവ.റെയിൽവേ പൊലീസ് ആർ.പി.എഫിനോട് ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയി​ലാണ് ദൃശ്യങ്ങളില്ലെന്ന് വ്യക്തമായത്. റെയിൽവേ പ്ലാറ്റ്‌ഫോമിൽ നടന്ന ക്രമസമാധാനപ്രശ്‌നമായതിനാൽ റെയിൽവേ പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നത്. സംഭവത്തിൽ രാത്രിയോടെ കണ്ണൂർ റെയിൽവേ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു.

അതേസമയം, കഴിഞ്ഞ ദിവസത്തെ സംഘർഷങ്ങളിൽ വീണ ജോർജിന്റെ കഴുത്തിന് പരിക്കേറ്റുവെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. വീണ ജോർജിന്റെ കഴുത്തിനേറ്റ ക്ഷതം സാരമുള്ളതല്ലെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. കഴുത്തിന് ക്ഷതമേറ്റതിനാൽ അവരുടെ കൈക്ക് മരവിപ്പ് അനുഭവപ്പെടുന്നുണ്ട്. വീണ ജോർജ് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെ.എസ്.യു കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് ആരോഗ്യ മന്ത്രി വീണ ജോർജിന് പരിക്കേറ്റത്. മന്ത്രിയുടെ കഴുത്തിനും കൈക്കുമാണ് പരിക്കേറ്റത്. വന്ദേ ഭാരത് ട്രെയിനിൽ യാത്ര ചെയ്യാൻ എത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായത്. തുടർന്ന് യാത്ര റദ്ദാക്കുകയും മന്ത്രിയെ കണ്ണൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മന്ത്രിക്കൊപ്പം സ്പീക്കർ ഷംസീറും ഉണ്ടായിരുന്നു. കണ്ണൂരിൽ പലയിടത്തും മന്ത്രിക്കെതിരെ പ്രതിഷേധം നടന്നിരുന്നു.

ആദ്യം കല്യാടുള്ള ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായെത്തി. ഇതിന് ശേഷം പെരിങ്ങോത്ത് വെച്ചും മന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായി. ഇതിന് ശേഷം കണ്ണൂർ നഗരത്തിലെത്തിയ മന്ത്രിയുടെ വാഹനം തടഞ്ഞ് യൂത്ത് ലീഗും പ്രതിഷേധിച്ചു.

Tags:    
News Summary - RPF says it has not received CCTV footage of Veena George being assaulted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.