രാഹുൽ ഗാന്ധി കണ്ണൂരിലെത്തി; ഞായറാഴ്ച പുലർച്ചെ വയനാട്ടിലേക്ക്

മട്ടന്നൂർ: വയനാട്ടിലേക്കുള്ള യാത്രക്കായി രാഹുൽ ഗാന്ധി എം.പി കണ്ണൂർ വിമാനത്താവളത്തിലെത്തി. ശനിയാഴ്ച രാത്രി എട്ടിനാണ് വാരാണസിയിൽനിന്ന് പ്രത്യേക വിമാനത്തിൽ രാഹുൽ ഗാന്ധി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. വെള്ളിയാംപറമ്പിലെ ഗ്രീൻ പ്ലാനറ്റ് റിസോർട്ടിലാണ് രാത്രി താമസം. ഞായറാഴ്ച പുലർച്ച അഞ്ചോടെ റോഡ് മാർഗം വയനാട്ടിലേക്ക് തിരിക്കും.

വന്യജീവി ആക്രമണത്തിൽ പ്രതിഷേധം ആളിക്കത്തുന്ന വയനാട്ടിലേക്ക് ഭാരത് ജോ‍ഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നൽകിയാണ് രാഹുൽ എത്തുന്നത്. കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെയും അജീഷിന്റെയും വീടുകൾ രാഹുൽ സന്ദർശിക്കും. ഞായറാഴ്ച ഉച്ചവരെ വയനാട്ടിൽ നിന്ന ശേഷം ഭാരത് ജോഡോ ന്യായ് യാത്ര പുനഃരാരംഭിക്കാനായി മൂന്ന് മണിക്ക് പ്രയാഗ്‌രാജിലേക്ക് തിരിച്ചേക്കും.

കാട്ടാനയാക്രമണത്തിൽ കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരനായിരുന്ന പോൾ കൊല്ലപ്പെട്ടതിനെ തുടർന്നാണ് വലിയ പ്രതിഷേധമുയർന്നത്. നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

കുറുവ എക്കോ ടൂറിസം ജീവനക്കാരനായ പാക്കം സ്വദേശി പോളിനെ വെള്ളിയാഴ്ച രാവിലെയാണ് കുറുവദ്വീപിലേക്കുള്ള വഴിയിൽ വനത്തിനുള്ളിലെ ചെറിയമല ജങ്ഷനിൽ വെച്ച് കാട്ടാന ആക്രമിച്ചത്. വാരിയെല്ലുകൾക്കു ഗുരുതര പരുക്കേറ്റിരുന്നു. ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

17 ദിവസത്തിനിടെ വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് പോൾ. കാട്ടാനയുടെ ആക്രമണത്തിൽ ജനുവരി 29ന് തോൽപെട്ടി നരിക്കല്ലിൽ കാപ്പിത്തോട്ടത്തിൽ കാവൽക്കാരനായിരുന്ന ലക്ഷ്മണൻ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 10ന് മാനന്തവാടി ചാലിഗദ്ദയിൽ അയൽവാസിയുടെ വീട്ടുമുറ്റത്തുവെച്ച് പനച്ചിയിൽ അജീഷ് എന്നയാളും കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - Rahul Gandhi arrives in Kannur; Sunday morning to Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.