തിരുവനന്തപുരം: സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിഴചുമത്താനും ലഹരികേസുകൾ പിടിക്കാനും ക്വാട്ട നിശ്ചയിച്ചതിനെതിരെ പൊലീസ് സേനയിൽ അതൃപ്തി. ഐ.പി.എസുകാർ തമ്മിലുള്ള മൽസരത്തിന്റെ ഭാഗമായാണ് ഇത്തരം ക്വാട്ടകളെന്നും പൊലീസ് സോനംഗങ്ങളെ മാനസികമായി തകർക്കുന്ന നടപടികളാണ് ഉന്നത ഉദ്യോഗസ്ഥരിൽ നിന്നുണ്ടാകുന്നതെന്നും സേനാംഗങ്ങൾ പറയുന്നു.
മികച്ച പൊലീസ് മേധാവി താനാണെന്ന് തെളിയിക്കാനുള്ള ഐ.പി.എസ് ഓഫീസർമാരുടെ അനാരോഗ്യകരമായ മത്സരം സേനാംഗങ്ങൾക്ക് വലിയ സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ടെന്നാണ് മുൻ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി സീറ്റ് ബെൽറ്റ്, ലഹരി പ്രതികളെ കണ്ടെത്താനുള്ള കോമ്പിങ് സംസ്ഥാന വ്യാപകമായി തുടരുകയാണ്. ഓരോ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും നിശ്ചിത ടാർഗറ്റ് നിശ്ചയിച്ച് നൽകിയിരിക്കുകയാണ്.
തങ്ങൾക്ക് നിശ്ചയിച്ച് നൽകിയ ലക്ഷ്യത്തിലെത്താൻ കീഴ്ജീവനക്കാർക്ക് എസ്.എച്ച്.ഒമാർ ക്വാട്ട നിശ്ചയിച്ച് നൽകിയിട്ടുണ്ട്. അത് കൈവരിക്കാത്ത ചിലർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകുന്ന നടപടികൾ തുടരുകയാണ്. ഇത് പല സേനാംഗങ്ങളെയും കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. ക്വാട്ട തികയ്ക്കാൻ നിരപരാധികളെ ഉൾപ്പെടെ കേസിൽ പ്രതിയാക്കേണ്ടി വരുന്ന സാഹചര്യമാണുള്ളതെന്ന് സേനാംഗങ്ങൾ സമ്മതിക്കുന്നു.
തങ്ങൾക്ക് അനുവദിച്ച ടാർഗറ്റ് കണ്ടെത്തിയില്ലെങ്കിൽ സി.ഐമാർക്ക് മേലുദ്യോഗസ്ഥരിൽ നിന്നും കടുത്ത ശകാരമാണ് ഏറ്റുവാങ്ങേണ്ടിവരുന്നത്. അത്തരം സമ്മർദ്ദം മുറുകുമ്പോൾ എസ്.എച്ച്.ഒമാർ കള്ളക്കേസുകൾ എടുക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്.
ദൈനംദിന ക്വാട്ട തികഞ്ഞില്ലെങ്കിൽ പിറ്റേദിവസത്തെ അവലോകനത്തിൽ എങ്ങനെ അഭിമുഖീകരിക്കുമെന്നുള്ള ഭീതിയിലാണ് പല എസ്.എച്ച്.ഒമാരും. ഒരു സ്റ്റേഷനിൽ കുറഞ്ഞത് രണ്ട് മയക്കുമരുന്ന് കേസുകളും 20 ലധികം സീറ്റ് ബെൽറ്റ് കേസുകളും പിടിക്കണമെന്ന ക്വാട്ടയാണ് നിശ്ചയിച്ച് നൽകിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.