നിലമ്പൂർ: ശബരിമലയിലെ സ്വർണം കവർന്നതുമായി ബന്ധപ്പെട്ട കേസ് ഏതുസമയവും അട്ടിമറിക്കപ്പെടുമെന്ന് മുൻ എം.എൽ.എ പി.വി. അൻവർ. സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവ് അന്വേഷണത്തെ അട്ടിമറിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ആരോപണവിധേയനായ ഐ.പി.എസ് ഉദ്യോഗസ്ഥർക്കാണ് സർക്കാർ ചുമതല നൽകിയിരിക്കുന്നത്. സുജിത് ദാസിന് സന്നിധാനത്തും അങ്കിത് അശോകിന് പമ്പയിലും ചുമതല നൽകിയത് സംശയകരമാണ്. പാർട്ടി നേതൃത്വം അറിഞ്ഞുകൊണ്ടാണോ ഇതെന്ന് സി.പി.എം വ്യക്തമാക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.
“പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടയിൽ കേരളം ഗൗരവമായി ചർച്ച ചെയ്യേണ്ട പല വിഷയങ്ങളും കൈവിട്ടു പോകുകയാണ്. ശബരിമലയിലെ സ്വർണക്കവർച്ചയാണ് അതിൽ പ്രധാനം. ഹൈകോടതിയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് അന്വേഷണം നടക്കുകയാണ്. ചിലർ അറസ്റ്റിലായി. മറ്റുചിലരെ വൈകാതെ അറസ്റ്റ് ചെയ്യുമെന്നും വിവരമുണ്ട്. അന്വേഷണം ഏത് സമയത്തും അട്ടിമറിക്കപ്പെടും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഉദ്യോഗസ്ഥരിൽനിന്ന് രാഷ്ട്രീയക്കാരിലേക്ക് അന്വേഷണം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ദേവസ്വത്തിന്‍റെ കീഴിൽ ഇത്തരത്തിൽ നിരവധി കൊള്ള നടക്കുന്നുവെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്.
സർക്കാറിന്‍റെ പുതിയ ഉത്തരവ് അന്വേഷണത്തെ അട്ടിമറിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ശബരിമല സീസൺ ആരംഭിക്കാനിരിക്കെ ചുമതല നൽകിയിട്ടുള്ള ഉദ്യോഗസ്ഥരെ സംബന്ധിച്ചാണ് ഉത്തരവ്. ആരോപണവിധേയനായ ഐ.പി.എസ് ഉദ്യോഗസ്ഥൻ സുജിത് ദാസിന് സന്നിധാനത്ത് ചുമതല നൽകിയിരിക്കുന്നു. തൃശൂർ പൂരം കലക്കാൻ നേതൃത്വം നൽകിയ അന്നത്തെ കമീഷണർ അങ്കിത് അശോകാണ് അടുത്തയാൾ. അദ്ദേഹത്തിന് പമ്പയിലാണ് ചാർജ്. സ്വർണക്കൊള്ളയിൽ എസ്.ഐ.ടി അന്വേഷണം നടക്കവെയാണ് ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ ശബരിമലയിൽ ചുമതല നൽകുന്നത്. എന്തിനുവേണ്ടി ഇവരെ തന്നെ ശബരിമലയിലെ ചുമതല നൽകുന്നുവെന്ന് സർക്കാർ വ്യക്തമാക്കണം. പാർട്ടി നേതൃത്വം അറിഞ്ഞുകൊണ്ടാണോ ഇതെന്ന് സി.പി.എമ്മും വ്യക്തമാക്കണം” -പി.വി. അൻവർ പറഞ്ഞു.
അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമീഷണറുമായ എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യംചെയ്യും. ശ്രീകോവിലിന്റെ കട്ടിളപ്പാളിയിലെ സ്വര്‍ണം മോഷ്ടിച്ച കേസിൽ മൂന്നാം പ്രതിയായ വാസുവിന് ഉടൻ ഹാജാരാവാനാവശ്യപ്പെട്ട് നോട്ടിസ് നല്കി. കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദമായ ചോദ്യം ചെയ്യലിനാണ് നോട്ടിസ് നൽകിയത്.
നേരത്തെ ഈ കേസിൽ ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു. അറസ്റ്റും ഉണ്ടായേക്കുമെന്നാണ് സൂചന. വാസു ദേവസ്വം കമീഷണറായിരുന്ന സമയത്ത് സ്വർണം ചെമ്പായി രേഖപ്പെടുത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇതിനകം സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് സുധീഷ് കുമാർ, മുൻ തിരുവാഭരണം കമീഷണർ കെ.എസ്. ബൈജു എന്നിവരാണ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.