പിണറായിക്കെതിരെ പോസ്റ്റിട്ടു; ഹരീഷ്​ പേരടിയെ വിലക്കി പു.ക.സ

കോഴിക്കോട്​: സി.പി.എം ആഭിമുഖ്യമുള്ള പുരോഗമന കലാസാഹിത്യസംഘത്തിന്‍റെ (പു.ക.സ) ചടങ്ങിൽ നടൻ ഹരീഷ്​ ​പേരടിയെ വിലക്കിയത്​ വിവാദമാകു​ന്നു. സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരായ ഫേസ്​ബുക്ക്​ പോസ്റ്റുകളാണ്​ ഹരീഷിനെ വിലക്കാൻ കാരണം. പ്രമുഖ നാടകപ്രവർത്തകൻ എ. ശാന്തകുമാറിന്‍റെ ചരമവാർഷികത്തോടന​ുബന്ധിച്ച്​ 'ശാന്തനോർമ'എന്ന പേരിൽ കോഴിക്കോട്​ ടൗൺഹാളിൽ നാല്​ ദിവസത്തെ പരിപാടികളിൽ വ്യാഴാഴ്ച അനുസ്മരണ സദസ്​ ഉദ്​ഘാടനം ചെയ്യേണ്ടിയിരുന്നത്​ ഹരീഷ്​ പേരടിയായിരുന്നു. എന്നാൽ, പ​ങ്കെടുക്കേണ്ടതില്ലെന്ന്​ പു.ക.സ നേതാക്കൾ അറിയിക്കുകയായിരുന്നു. ചടങ്ങിലെ മുഖ്യാതിഥിയാകേണ്ടിയിരുന്ന നടൻ സുധീഷിനെ ഉദ്​ഘാടകനാക്കിയാണ്​ ഹരീഷിനെ ഒഴിവാക്കിയത്​.

കോയമ്പത്തൂരിലെ സിനിമ ​സെറ്റിൽ നിന്ന്​ അവധി ചോദിച്ച്​ എറണാകുളത്തെ വീട്ടിലെത്തിയ ശേഷം ഭാര്യ ബിന്ദുവിനെയും കൂട്ടി കോഴിക്കോട്ടേക്ക്​ തിരിക്കുന്നതിനിടെയാണ്​ സംഘാടകർ വിളിച്ചതെന്ന്​ ഹരീഷ്​ പേരടി ഫേസ്​ബുക്കിൽ കുറിച്ചു. പ്രത്യേക രാഷ്ട്രിയ സാഹചര്യത്തിൽ ഹരീഷ് ഈ പരിപാടിയിൽ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന സ്നേഹം പൊതിഞ്ഞ വാക്കുകളായിരുന്നു അവർ പറഞ്ഞതെന്ന്​ ഹരീഷ്​ എഴുതുന്നു.

ശാന്തനെയോർക്കാൻ തനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവിശ്യമില്ലയെന്നും ഹരീഷ്​ പറയുന്നു. ശാന്തകുമാറിന്‍റെ പ്രശസ്തമായ 'പെരുംകൊല്ലൻ' എന്ന നാടകത്തിലെ 'ദാമേട്ടാ സത്യങ്ങൾ വിളിച്ചു പറയാൻ എനിക്കെന്‍റെ ചൂണ്ടുവിരൽ വേണം' എന്ന വാചകത്തോടെയാണ്​ ഫേസ്​ബുക്ക്​ കുറിപ്പ്​ അവസാനിപ്പിക്കുന്നത്​.

പിണറായി വിജയനെതിരായ പ്രതിഷേധവും കറുത്ത മാസ്ക്​ നിരോധിക്കലും കൊടുമ്പിരി​കൊണ്ട കഴിഞ്ഞ ദിവസം ഹരീഷ്​ പേരടി ഫേസ്​ബുക്കിൽ പിണറായിക്കെതിരെ പരോക്ഷമായ പോസ്റ്റ്​ ഇട്ടിരുന്നു. രണ്ട്​ ദിവസത്തേക്കെങ്കിലും കറുത്ത കുപ്പായവും കറുത്ത മാസ്കും ധരിക്കുക. പേടിതൂറിയനായ ഫാഷിസ്റ്റിന്​ ​നേരെയുള്ള പ്രതിഷേധമാണിതെന്നായിരുന്നു ഫേസ്​ബുക്ക്​ പ്രതിഷേധക്കുറിപ്പ്​. ഇതാണ്​ പു.ക.സയെ പ്രകോപിപ്പിച്ചത്​.

ഈ പോസ്​റ്റാണ്​ ഹരീഷിനെ ചടങ്ങിൽ നിന്ന്​ വിലക്കാൻ കാരണമെന്നും പ​ങ്കെടുക്കേണ്ട എന്ന കാര്യം അദ്ദേഹത്തെ അറിയിക്കാൻ വൈകിപ്പോയതിൽ ഖേദമുണ്ടെന്നും പു.ക.സ ജില്ല സെക്രട്ടറി യു. ഹേമന്ദ്​ കുമാർ പറഞ്ഞു.

കലാകാരന്റെ ജീവിതം അഭിപ്രായ വ്യത്യാസങ്ങളുടെ യാത്രതന്നെയാണ്. കലാകാരന്റെ രാഷ്ട്രീയവും അതാണ്. എല്ലാവരും ഒറ്റ നിറമായി മാറണം എന്ന് പറയുന്നത് ശരിയല്ല. ജനാധിപത്യ രാഷ്ട്രത്തിൽ ഒട്ടും ചേരാത്തതാണ് അതെന്നും ഹരീഷ് പേരടി പ്രതികരിച്ചു. 

മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയ്യുന്ന വിമാനത്തിലെ പ്രതിഷേധവും മുതിർന്ന കോൺഗ്രസ്സ് നേതാവ് എ.കെ ആൻറ്റണി ഇരിക്കുമ്പോൾ കോൺഗ്രസ് ഓഫീസിനുനേരെയുള്ള ആക്രമണവും പ്രതിഷേധാർഹമാണെന്നും ഹരീഷ്​ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. സിനിമ നടന്മാരുടെ സംഘടനയായ അമ്മയിൽ നിന്ന്​ രാജിവെച്ച ഹരീഷ്​ ഫേസ്​ബുക്കിൽ ധീരമായ അഭിപ്രായപ്രകടനങ്ങൾ നടത്തുന്ന അപൂർവം നടനാണ്​.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: 

ശാന്താ ഞാൻ ഇന്നലെ കോയമ്പത്തൂരിലെ ലോക്കേഷനിൽ നിന്ന് അനുവാദം ചോദിച്ച് പു.കാ.സ യുടെ സംഘാടനത്തിലുള്ള നിന്റെ ഓർമ്മയിൽ പങ്കെടുക്കാൻ എറണാകുളത്തെ വീട്ടിലെത്തി..ഇന്നലെ രാത്രിയും സംഘാടകർ എന്നെ വിളിച്ച് സമയം ഉറപ്പിച്ചു...ഇന്ന് രാവിലെ ഞാൻ ബിന്ദുവിനേയും കൂട്ടി കോഴിക്കോട്ടേക്ക് പുറപ്പെട്ടു...

പാതി വഴിയിൽവെച്ച് സംഘാടകരുടെ ഫോൺ വന്നു...പ്രത്യേക രാഷ്ട്രിയ സാഹചര്യത്തിൽ ഹരീഷ് ഈ പരിപാടിയിൽ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന സ്നേഹം പൊതിഞ്ഞ വാക്കുകളിൽ ...നിന്റെ ഓർമ്മകളുടെ സംഗമത്തിൽ ഞാൻ ഒരു തടസ്സമാണെങ്കിൽ അതിൽ നിന്ന് മാറി നിൽക്കുകയെന്നതാണ് എനിക്ക് നിനക്ക് തരാനുള്ള ഏറ്റവും വലിയ സ്നേഹവും..അതുകൊണ്ട് ഞാൻ മാറി നിന്നു ...

ഇത് ആരെയും കുറ്റപ്പെടുത്തുന്നതല്ല... ഇതാണ് സത്യം...പിന്നെ നിന്നെയോർക്കാൻ എനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവിശ്യമില്ലല്ലോ..."ദാമേട്ടാ സത്യങ്ങൾ വിളിച്ചു പറയാൻ എനിക്കെന്റെ ചൂണ്ടുവിരൽ വേണം"നാടകം-പെരുംകൊല്ലൻ...🙏🙏🙏❤️❤️❤️

Tags:    
News Summary - PUKASA ban Hareesh peradi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.