റവന്യൂ വകുപ്പിലെ ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് ഇനി പൊതു മാനദണ്ഡം

തിരുവനന്തപുരം: റവന്യൂ വകുപ്പിലെ ജീവനക്കാരുടെ സ്ഥലം മാറ്റത്തിന് ഇനി പൊതുമാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കണമെന്ന് ഉത്തരവ്. ലാൻഡ് റവന്യൂ കമീഷണർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലകാണ് ഉത്തരവിട്ടത്. മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കാതെ സ്ഥലം മാറ്റം നൽകുന്നുവെന്ന് ആക്ഷേപം ഉയർന്നപ്പോഴാണ് ലാൻഡ് റവന്യൂ കമീഷണറോട് ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്. രാഷ്ട്രീയ ഇടപെടലിലൂടെ നടത്തുന്ന സ്ഥലംമാറ്റത്തിന് ഒരു പരിധിവരെ തടയിടാൻ ഈ ഉത്തരവിന് കഴിഞ്ഞേക്കുമെന്നാണ് ജീവനക്കാരുടെ പ്രതീക്ഷ.

വ്യവസ്ഥകൾ ഇങ്ങനെ.

  • സംസ്ഥാനതല സ്ഥലംമാറ്റങ്ങൾ എല്ലാ വർഷവും മാർച്ച് 31നകവും ജില്ല തലത്തിൽ ഏപ്രിൽ 30നകം പൂർത്തീകരിക്കണം.
  • സ്ഥലം മാറ്റം ആവശ്യമുള്ള ജീവനക്കാർ ജനുവരി 1 മുതൽ 31നകം നിശ്ചിത മാതൃകയിലുളള അപേക്ഷകൾ ഓഫിസ് തലവൻ വഴി ബന്ധപ്പെട്ട അധികാരികൾക്ക് സമർപ്പിക്കണം.
  • സ്ഥലംമാറ്റം ജില്ലക്ക് അകത്താണെങ്കിൽ കലക്ടർക്കും അന്തർ ജില്ലയിലാണെങ്കിൽ ലാൻഡ് റവന്യൂ കമീഷണർക്കും അപേക്ഷ സമർപ്പിക്കണം.
  • അപേക്ഷകൾ പരിശോധിച്ച് ഒഴിവുകൾക്കനുസൃതമായി മുൻഗണനാ ക്രമത്തിൽ കരട് പട്ടിക തയ്യാറാക്കി ഫെബ്രുവരി 28നകം നോട്ടീസ് ബോർഡിസും വെബ്സൈറ്റിലും പ്രസിദ്ധീകരിക്കണം
  • ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ 15 ദിവസത്തിനകം രേഖാമൂലം ബന്ധപ്പെട്ട അധികാരിയെ അറിയിക്കണം.
  • ആക്ഷേപങ്ങൾ പരിശോധിച്ച് തീർപ്പാക്കി ശേഷം മുൻഗണനാ പട്ടിക മാർച്ച് 31നകം നോട്ടീസ് ബോർഡിലും ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് മെയ് ഒന്നുമുതൽ നടപ്പാക്കും. അടുത്ത സ്ഥലം മാറ്റത്തിനുള്ള മുൻഗണന പട്ടിക നിലവിൽ വരുന്നതു വരെ ഈ പട്ടിക നിലവിലുണ്ടാവും.
  • ഒരു ജില്ലയിൽ പ്രവേശിക്കുകയും തുടർന്ന് അന്തർജില്ല സ്ഥലംമാറ്റം ലഭിക്കുന്നവരുടെ കാര്യത്തിൽ ഡി.ആർ.ബി ചട്ടങ്ങളും 1961 ലെ ഉത്തരവിലെ വ്യവസ്ഥകളും ബാധകമാകും. സീനിയോറിറ്റി പരിരക്ഷ നഷ്ടപ്പെടും.

  • വിരമിക്കൽ മൂലമോ തസ്തിക രൂപീകരണം വഴിയോ എല്ലാ വർഷവും ജൂൺ മാസം മുതൽ തുടർന്നുണ്ടാകുന്ന ഒഴിവുകൾ സീനിയോറിറ്റി ക്രമത്തിൽ നികത്തിയ ശേഷമായിരിക്കും സ്ഥാനക്കയറ്റം മൂലം ഉണ്ടാകുന്ന ഒഴിവുകൾ നികത്തുന്നത്.
  • തെരഞ്ഞെടുത്ത സ്ഥലത്ത് മൂന്നു വർഷം പൂർത്തിയാകാത്ത ജീവനക്കാരെ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെയോ അല്ലെങ്കിൽ മെയ് 31 വരെയോ സ്ഥലം മാറ്റാൻ പാടില്ല. എന്നാൽ, അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലം മാറ്റുന്നതിന് മൂന്നു വർഷ കാലാവധി ബാധകമല്ല.
  • മൂന്നു വർഷത്തെ സേവനം പൂർത്തിയാക്കിയെന്ന കാരണത്താൽ ഒരാളെ ഈ സ്ഥലം മാറ്റേണ്ടതില്ല. മൂന്നു വർഷത്തിലധികം ഒരു ജീവനക്കാരനെയും ഒരേ സീറ്റിൽ /സെക്ഷനിൽ തുടരുന്നതിന് അനുവദിക്കേണ്ടതില്ല. അഞ്ചു വർഷം പൂർത്തിയായാൽ നിർബന്ധമായും ഓഫിസ് മാറ്റം നൽകണം.
  • ഒഴിവ് ഇല്ലാത്ത കാരണത്താൽ സ്വന്തം ജില്ലയിൽ/ ഓപ്റ്റ് ചെയ്ത ജില്ലയിൽ നിന്നും സ്ഥലം മാറ്റപ്പെട്ട ജീവനക്കാരെ തിരികെ സ്ഥലംമാറ്റുന്നതിന് മൂന്നുവർഷം ഡ്യൂട്ടി സർവീസ് ബാധകമാകുന്നതല്ല.

  • ഒരു സ്ഥലത്തേക്ക് ഒന്നിൽ കൂടുതൽ വ്യക്തികൾ അപേക്ഷ നൽകിയാൽ സീനിയോറിറ്റി ഒന്നാമതായി പരിഗണിക്കണം
  • ഡെപ്യൂട്ടേഷൻ കാലയളവ് സ്ഥലം മാറ്റത്തിനുവേണ്ടി അർഹതയുള്ള കാലയളവായി പരിഗണിക്കില്ല
  • പരസ്പരം മാറ്റത്തിനു വേണ്ടിയുള്ള അപേക്ഷകൾ പരിഗണിക്കില്ല.
  • ജീവനക്കാരുടെ ബന്ധുക്കളോ ആശ്രിതരും മറ്റാരെങ്കിലും സമർപ്പിക്കുന്ന അപേക്ഷകൾ നിരസിക്കും.
  • പ്രസവാവധി കഴിഞ്ഞ് മടങ്ങിവരുന്ന വനിതാ ജീവനക്കാരെ 2007ലെ ഉത്തരവിലെ വ്യവസ്ഥ പ്രകാരം അവർക്ക് ഇഷ്ടപ്പെട്ട ഓഫീസിലേക്ക് സ്ഥലംമാറ്റത്തിന് അപേക്ഷിച്ചാൽ ഒന്നാമതായി മുൻഗണന നൽകണം.

  • ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ അവരുടെ സ്വന്തം ജില്ലയിലോ അവർ സ്വയം തിരഞ്ഞെടുക്കുന്ന ജില്ലയിലോ നിയമിക്കണം.
  • ഉദ്യോഗത്തിൽ നിന്നും വിരമിക്കാൻ ഒരു വർഷം മാത്രമുള്ള ജീവനക്കാരെ ആദ്യം വിരമിക്കേണ്ടവർക്ക് മുൻഗണന നൽകി അവരടെ ആവശ്യാനുസരണം ഓഫിസുകളിൽ നിയമിക്കണം.
  • ജില്ലതല ഓഫിസർമാർ നടത്തുന്ന സ്ഥലം മാറ്റങ്ങൾക്കും നിയമനങ്ങൾക്കുമെതിരെയുള്ള അപ്പീലുകൾ ബന്ധപ്പെട്ട വകുപ്പ് തലവൻമാർക്കും നൽകാം. വകുപ്പ് നടത്തുന്ന സ്ഥലം മാറ്റങ്ങൾക്കും നിയമനങ്ങൾക്കും എതിരെയുള്ള അപ്പീലുകൾ സർക്കാറിലെ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർക്കും സമർപ്പിക്കാം.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.