വ്യാജ അഭിഭാഷക സെസി സേവ്യറിന് വേണ്ടി ഹാജരാകുന്നതിന് വിലക്ക്

ആലപ്പുഴ: വ്യാജ അഭിഭാഷക സെസി സേവ്യറിന് വേണ്ടി കോടതിയിൽ ഹാജരാകുന്നതിൽ അഭിഭാഷകർക്ക് ആലപ്പുഴ ബാർ അസോസി‍യേഷന്‍റെ വിലക്ക്. ഇന്നു ചേർന്ന അസോസി‍യേഷന്‍ ജനറൽ ബോഡി യോഗത്തിലാണ് വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചത്.

അസോസി‍യേഷന്‍ കോടതിയിൽ നൽകിയ പരാതിയിൽ സെസി സേവ്യറിന് വേണ്ടി വക്കാലത്ത് എടുക്കുന്നത് അച്ചടക്ക ലംഘനമായി കണക്കാക്കാനും ജനറൽ ബോഡി തീരുമാനിച്ചു. സെസി സേവ്യറിന്‍റെ അറസ്റ്റ് വൈകുന്നതിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി.

വ്യാജ അഭിഭാഷക കേസിൽ കഴിഞ്ഞ ദിവസം കോടതിയിൽ കീഴടങ്ങാനെത്തിയ സെസി സേവ്യർ, തനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്ന വിവരം അറിഞ്ഞതോടെ നാടകീയമായി മുങ്ങിയിരുന്നു. ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് പൊലീസിന്‍റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്.

യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി നടത്തിയതിനാണ് ഇവർക്കെതിരെ കേസെടുത്തത്. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിലാണ് ഇവരെത്തിയത്. ജാമ്യം കിട്ടാത്ത വകുപ്പുണ്ടെന്നറിഞ്ഞതും കോടതിക്ക് പിന്നിൽ നിർത്തിയിട്ട കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.

മതിയായ യോഗ്യതകളില്ലാതെയായിരുന്നു സെസി അഭിഭാഷകയായി പ്രവർത്തിച്ചത്. എൽ.എൽ.ബി ജയിച്ചിട്ടുണ്ടായിരുന്നില്ല. കോടതിയെയും ബാർ അസോസിയേഷനെയും വഞ്ചിച്ചതായാണ് പരാതി. കേസെടുത്തതോടെ ഇവർ ഒളിവിൽ പോവുകയായിരുന്നു.

എൽ.എൽ.ബി ജയിക്കാതെ സെസി സേവ്യർ മറ്റൊരാളുടെ റോൾ നമ്പർ നൽകി 2019ൽ ബാർ അസോസിയേഷനിൽ അംഗത്വം നേടിയത്. ഏപ്രിലിൽ നടന്ന ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ നിർവാഹക സമിതി അംഗവും പിന്നീട് ലൈബ്രേറിയനുമായി. അസോസിയേഷൻ നിർവാഹക സമിതി യോഗം ചേർന്ന് സെസി പുറത്താക്കുകയും പൊലീസിൽ പരാതി നൽകുകയായിരുന്നു. 

Tags:    
News Summary - Prohibition on appearing for fake lawyer Sessy Xavier

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.