'പ്രിയദർശിനി' തരംഗം: കെഎസ്ആർടിസിയിൽ വനിതാ യാത്രികരിൽ 4.25 ലക്ഷത്തിന്റെ വർധന

തിരുവനന്തപുരം: ഓർഡിനറി ബസുകളിലെ സൗജന്യയാത്ര പദ്ധതിയായ ‘പ്രിയദർശിനി’ ആരംഭിച്ചതിന് പിന്നാലെ കെ.എസ്​.ആർ.ടി.സിയിലെ വനിത യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായെന്ന് മന്ത്രി സി.പി. ജോൺ. പദ്ധതിയുടെ രണ്ടാംദിവസമായ ചൊവ്വാഴ്ച ഓർഡിനറി ബസുകളിൽ 18.56 ലക്ഷം യാത്രക്കാരാണുണ്ടായിരുന്നത്. ഇതിൽ 11.84 ലക്ഷം സ്ത്രീകളായിരുന്നു. 7.25 ലക്ഷം സ്ത്രീയാത്രക്കാരുണ്ടായിരുന്ന മുൻ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 4.25 ലക്ഷം പേരുടെ വർധന. ചൊവ്വാഴ്ച 2.46 കോടി രൂപയുടെ സൗജന്യയാത്രയാണ് അനുവദിച്ചത്. ഈ തുക സർക്കാർ കെ.എസ്.ആർ.ടി.സിക്ക് കൈമാറും. സമൂഹത്തിൽനിന്ന് പദ്ധതിക്ക് അനുകൂലമായ പ്രതികരണമാണുള്ളതെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.

തിങ്കളാഴ്ച 9.53 ലക്ഷം സ്ത്രീകളാണ് സൗജന്യയാത്ര ചെയ്തത്. അന്ന് മൊത്തം 17.01 ലക്ഷംപേർ ഓർഡിനറി ബസുകളിൽ യാത്രചെയ്തു. വനിത യാത്രക്കാരിൽ മാത്രമല്ല, മൊത്തം യാത്രക്കാരിലും വർധനവുണ്ട്. ചൊവ്വാഴ്ച 25.53 ലക്ഷം പേർ കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്ര ചെയ്തു. തൊട്ടുമുൻപത്തെ ചൊവ്വാഴ്ചയെ അപേക്ഷിച്ച് 25.8 ശതമാനത്തിന്റെ വർധനയുണ്ട്. ചൊവ്വാഴ്ച ഓർഡിനറി ബസുകളിലെ യാത്രക്കാരിൽ 64 ശതമാനവും സ്ത്രീകളായിരുന്നു. അതായത്, മൂന്ന് യാത്രക്കാരിൽ രണ്ടുപേർ സ്ത്രീകൾ. തിങ്കളാഴ്ചയെ അപേക്ഷിച്ച് 2.21 ലക്ഷം സ്ത്രീ യാത്രക്കാർ ചൊവ്വാഴ്ച അധികമെത്തി. ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ ശ്രമമാരംഭിച്ചു. അതിൽ പരസ്യം ഒരു പ്രധാന ഘടകമാണ്.

ഇ-ബസുകൾ ഹൈറേഞ്ചുകളിൽ പ്രായോഗികമല്ല. കിലോമീറ്ററിന് ഏഴ് രൂപയാണ് ഇ-ബസുകളുടെ ചെലവെങ്കിൽ ഡീസൽ ബസുകൾക്ക് ഇത് 24 രൂപയാണ്. ബാറ്ററി ലൈഫ് കൂടി പരിഗണിക്കേണ്ടതുണ്ട്. ഡീസൽ ബസിനേക്കാൾ വലിയ തുക മുൻകൂറായി ചെലവാക്കിയാലേ ഇ-ബസുകൾ വാങ്ങാനാകൂ.

15 കൊല്ലം കൊണ്ട് ഘട്ടംഘട്ടമായി പണമടയ്ക്കുന്ന സംവിധാനമാണെങ്കിൽ കുഴപ്പമില്ല. നിലവിൽ അങ്ങനെയുള്ള സൗകര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പ്രിയദർശിനി ബസുകളിൽ വനിതകൾ പണം നൽകി ടിക്കറ്റെടുക്കാൻ സന്നദ്ധത അറിയിച്ചാലും വാങ്ങാൻ സാധിക്കില്ലെന്ന് മന്ത്രി സി.പി. ജോൺ. സൗജന്യയാത്ര സ്ത്രീകൾ അനുഭവിക്കുക. സൗജന്യയാത്രക്ക് വിഷമമുണ്ടെങ്കിൽ ഇത്തരം ബസുകളിൽ കയറാതിരിക്കുക. ഒരു സ്ത്രീ ടിക്കറ്റ് എടുക്കാൻ തയാറായാലും പണമീടാക്കി ടിക്കറ്റ് നൽകാൻ കണ്ടക്ടർക്ക് അധികാരമില്ല. സ്ത്രീയെന്ന നിലക്കാണ് ആനുകൂല്യം നൽകുന്നത്. സംഭാവനയായി നൽകാൻ ശ്രമിച്ചാൽപോലും കെ.എസ്.ആർ.ടി.സിക്ക് വാങ്ങാൻ സംവിധാനമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - 'Priyadarshini' wave: 4.25 lakh more women passengers on KSRTC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.