കൊച്ചി: സ്വകാര്യവത്കരണത്തിന് പുതുവഴിവെട്ടുന്ന കിഫ്ബി നിർദേശങ്ങൾക്ക് കീഴടങ്ങി കെ.എസ്.ആർ.ടി.സി മുന്നോട്ട്. കിഫ്ബിയിൽനിന്ന് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പുതിയ ഉപകമ്പനി രൂപവത്കരിച്ചശേഷം ബസുകൾ വാങ്ങി നിരത്തിലിറക്കാനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. അതിനുശേഷം കിഫ്ബിയിൽനിന്ന് അധിക ധനസഹായം സ്വീകരിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനമായി.
കെ.എസ്.ആർ.ടി.സിയെ നാല് ലാഭകേന്ദ്രങ്ങളാക്കാനും കിഫ്ബി നിർദേശാനുസരണം സ്പെഷൽ പർപ്പസ് വെഹിക്കിളായ (എസ്.പി.വി) കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റ് രൂപവത്കരണത്തിനും ഭരണസമിതിയിൽ വിദഗ്ധാംഗങ്ങളെ ഉൾപ്പെടുത്താനും യോഗത്തിൽ അംഗീകാരം നൽകി. സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന കോർപറേറ്റ് സ്വകാര്യവത്കരണത്തിനാണ് ഇടതു സർക്കാർ പച്ചക്കൊടി വീശിയത്. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളും കോർപറേഷനുകളും മുന്നോട്ടുവെക്കുന്ന സ്വകാര്യവത്കരണത്തിെൻറ കുറിപ്പടിയാണ് കെ.എസ്.ആർ.ടി.സിക്ക് കിഫ്ബി കൈമാറിയിരിക്കുന്നത്.
നടത്തിപ്പിലെ കെടുകാര്യസ്ഥതയും അഴിമതിയും വഴി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ പൊതുമേഖല സ്ഥാപനങ്ങൾക്ക് വായ്പ നൽകി സ്വകാര്യവത്കരിക്കാനാണ് കിഫ്ബി ലക്ഷ്യമിടുന്നത്. എറണാകുളം ബസ് സ്റ്റാൻഡ് കാരക്കാമുറിയിലേക്ക് മാറ്റാനും 50 വർഷത്തേക്ക് പാട്ടത്തിന് റിലയൻസിന് കൈമാറാനും ഉന്നതതലത്തിൽ ആലോചന നടന്നതായി പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച ഉദ്യോഗസ്ഥൻ 'മാധ്യമ'ത്തോട് പറഞ്ഞു. മറ്റ് ബസ് സ്റ്റേഷനുകളും സ്വകാര്യവ്യക്തികൾക്കും കമ്പനികൾക്കും പാട്ടത്തിന് കൈമാറാനാണ് നീക്കം. നഷ്ടത്തിൽനിന്ന് കരകയറാൻ മറ്റ് മാർഗമില്ലെന്നാണ് എം.ഡിയുടെ നിലപാട്. പ്രതിവർഷം 1500 കോടിയോളം സർക്കാർ മുതൽമുടക്കിയിട്ടും നഷ്ടത്തിൽ ഓടുകയാണ് സ്ഥാപനം. പ്രതിമാസ വരുമാനവും ചെലവും തമ്മിലുള്ള അന്തരം 45 മുതൽ 60 കോടി വരെയാണ്. പെൻഷൻ നൽകുന്നതിന് പ്രതിമാസം ഏകദേശം 70 കോടി ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.