സ്വകാര്യ വൈദ്യുതി വാങ്ങേണ്ടി വരുന്നത് വീഴ്ച; പദ്ധതികള്‍ അവതാളത്തിലായത് പ്രശ്നം

കൊച്ചി: സംസ്ഥാനം ഇരുട്ടിലാകുന്നത് ഒഴിവാക്കാന്‍ സ്വകാര്യ കമ്പനികളില്‍നിന്ന് വൈദ്യുതി വാങ്ങേണ്ടി വരുന്നതിന് ഇടയാക്കിയത് ഇടത്-വലത് സര്‍ക്കാറുകള്‍ വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്തതിലെ വീഴ്ച. കേരളത്തില്‍ ഉല്‍പാദനം 35 ശതമാനം വരെ മാത്രമായതാണ് പുറമെനിന്ന് വൈദ്യുതി വാങ്ങാന്‍ നിര്‍ബന്ധിതമാക്കുന്ന ഘടകം. 12 വര്‍ഷത്തിനിടെ സംസ്ഥാനത്ത് പുതുതായി ഉല്‍പാദിപ്പിക്കാനായത് സ്വകാര്യമേഖലയിലടക്കം 298.61 മെഗാവാട്ട് വൈദ്യുതിയാണ്. 3000 മെഗാവാട്ട് ലക്ഷ്യമിട്ടിടത്താണിത്. വി.എസിന്‍െറ നേതൃത്വത്തിലെ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് 163.35 മെഗാവാട്ടായിരുന്നു ഉല്‍പാദനം. ഇതാകട്ടെ മുന്‍ സര്‍ക്കാറുകള്‍ തുടങ്ങിവെച്ചതടക്കം പദ്ധതികളില്‍നിന്നാണ്.

സ്വകാര്യമേഖലയില്‍ 52.85 മെഗാവാട്ട് പദ്ധതികളും തുടങ്ങി. 500 മെഗാവാട്ട് ലക്ഷ്യമിട്ടിടത്താണിത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലെ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് ലക്ഷ്യമിട്ടത് 1000 മെഗാവാട്ട്. എന്നാല്‍, കമീഷന്‍ ചെയ്യാനായത്  56.06 മെഗാവാട്ട് മാത്രവും. 361 മെഗാവാട്ടിന്‍െറ ഏഴ് വന്‍കിട പദ്ധതികളും 116.4 മെഗാവാട്ടിന്‍െറ 17 ചെറുകിട പദ്ധതികളും അവതാളത്തിലായതാണ് ബോര്‍ഡിനെ പ്രതിസന്ധിയിലാക്കിയത്. 1162.87 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഇവയില്‍നിന്ന് ലഭിക്കേണ്ടതാണ്. പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ (60 മെഗാവാട്ട്), തൊട്ടിയാര്‍ (40), മാങ്കുളം (40), അച്ചന്‍കോവില്‍ (30), ചിന്നാര്‍ (28), ചെങ്കുളം ഓഗെമന്‍േറഷന്‍, അതിരപ്പള്ളി അടക്കമാണ് വന്‍ പദ്ധതികള്‍. 350.47 മെഗാവാട്ട് ലക്ഷ്യമിട്ട ചെറുകിട പദ്ധതികളും അവതാളത്തിലാണ്.

പാമ്പാര്‍, വാക്കല്ലാര്‍, മണിയാര്‍ ടെയില്‍ റെയ്സ്, പശുക്കടവ്, പൂഴിത്തോട്, വിലങ്ങാട്, ആനക്കാംപൊയില്‍, ചാത്തന്‍കോട്ട്നട രണ്ട്, പെരുന്തേനരുവി, ചിമ്മിണി, പീച്ചി, പത്തംകയം, കണ്ടപ്പഞ്ചല്‍, ആഡ്യന്‍പാറ, ബാരാപ്പോള്‍, കക്കടംപോയില്‍, മാര്‍മല, കക്കടാംപൊയില്‍ രണ്ട് എന്നിവയാണ് ചെറുകിട പദ്ധതികള്‍.
സ്വകാര്യ ഉല്‍പാദകരില്‍നിന്ന് 865 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ബോര്‍ഡ് സമര്‍പ്പിച്ച പദ്ധതി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷന്‍ തള്ളിയിരുന്നു. ഇതോടെ കേന്ദ്ര അനുമതിയോടെ വൈദ്യുതി വാങ്ങാന്‍ സംസ്ഥാന സര്‍ക്കാറിന്‍െറ സഹകരണത്തോടെ നീക്കം നടത്തുകയാണ് ബോര്‍ഡ്. ഡിസംബര്‍ മുതല്‍ 450 മെഗാവാട്ടും അടുത്ത ഒക്ടോബര്‍ മുതല്‍ 400 മെഗാവാട്ടും വൈദ്യുതി ദിനേന വാങ്ങുന്നതിനാണ് കരാര്‍. ഡിസംബര്‍ മുതല്‍ വാങ്ങുന്ന ആദ്യഘട്ട വൈദ്യുതിക്ക് സ്വകാര്യമേഖലക്ക് മാത്രം ശരാശരി 3000 കോടി രൂപയോളം പ്രതിവര്‍ഷം ചെലവിടണം.

മഴ വലിയ കുഴപ്പം ചെയ്യാതിരുന്ന മുന്‍ സര്‍ക്കാറിന്‍െറ കാലത്തെ അഞ്ച് വര്‍ഷംകൊണ്ട് മാത്രം പുറമെനിന്ന് വൈദ്യുതി വാങ്ങിയ വകയില്‍ 25581 കോടി രൂപയാണ് ബോര്‍ഡിന് ചെലവായതായാണ് റെഗുലേറ്ററി കമീഷനില്‍ സമര്‍പ്പിച്ച കണക്ക്. 2009-10ല്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ 3384 കോടിയാണ് ചെലവായതെങ്കില്‍  2012-13ല്‍ 7199 കോടിയും 2013-14ല്‍ 9609 കോടിയുമാണ് ചെലവഴിച്ചത്. വൈദ്യുതി ബോര്‍ഡിന്‍െറ നിലവിലെ കടം 56269 കോടി രൂപയാണ്. മുന്‍ വര്‍ഷങ്ങളില്‍ എന്‍.ടി.പി.സിയില്‍നിന്നാണ് വൈദ്യുതി വാങ്ങിയിരുന്നത്. വിപണിവിലയേക്കാള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇത് വേണ്ടെന്നുവെച്ച് സ്വകാര്യമേഖലയുമായി കരാറുണ്ടാക്കിയത്.

Tags:    
News Summary - private electricity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.