‘പ്രീ തെരഞ്ഞെടുപ്പ്’ സഭാ സമ്മേളനത്തിന് നയപ്രഖ്യാപനത്തോടെ ഇന്ന് തുടക്കം

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്‍റെ അവസാന നിയമസഭ സമ്മേളനത്തിന് ഗവർണറുടെ നയപ്രഖ്യാപനത്തോടെ ചൊവ്വാഴ്ച തുടക്കം. മാർച്ച് 26 വരെ നീളുന്ന സമ്മേളനം അവസാനിക്കുന്നതോടെ തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നതിനാൽ സമ്മേളനത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെ. സർക്കാറിന്‍റെ അവസാന ബജറ്റ് ഈ മാസം 29ന് അവതരിപ്പിക്കും. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് വമ്പൻ പ്രഖ്യാപനങ്ങളും ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്.

ബജറ്റിനൊപ്പം രാഷ്ട്രീയ വിവാദങ്ങൾ സഭയെ ചൂടുപിടിപ്പിക്കുമെന്ന് ഉറപ്പ്. തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ തിളക്കമാർന്ന വിജയത്തിന്‍റെ ബലത്തിലെത്തുന്ന യു.ഡി.എഫ് സർക്കാറിനെതിരെ ആവനാഴിയിൽ കരുതിയിരിക്കുന്നത് ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെയുള്ള ശക്തമായ അസ്ത്രങ്ങളാണ്.

കേസിൽ അറസ്റ്റിലായ നേതാക്കൾക്കെതിരെ നടപടിയെടുക്കാത്ത സി.പി.എം നിലപാട് ആയുധമാക്കി സഭയിൽ ആഞ്ഞടിക്കാനുള്ള തന്ത്രങ്ങളാണ് യു.ഡി.എഫ് ഒരുക്കുന്നത്. സ്വർണക്കൊള്ള തന്നെയാകും സഭയെ പ്രക്ഷുബ്ധമാക്കുകയെന്ന് ഉറപ്പാണ്. എന്നാൽ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗ കേസുകളിൽ അഴിക്കുള്ളിലായതാകും സി.പി.എമ്മിന്റെ പ്രധാന പ്രതിരോധ ആയുധം. സഭാ സമ്മേളനത്തിലുടനീളം രാഹുൽ വിഷയം ചർച്ചയാക്കാനാണ് എൽ.ഡി.എഫ് തീരുമാനം.

എന്നാൽ രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് ഉയർത്തിയും സ്ത്രീപീഢന കേസുകളിൽ സി.പി.എം നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കാതിരുന്നതും ചൂണ്ടിക്കാട്ടിയുള്ള പ്രതിരോധമായിരിക്കും കോൺഗ്രസിന്‍റേത്. സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ട് മന്ത്രി സജി ചെറിയാൻ, എ.കെ ബാലൻ ഉൾപ്പെടെയുള്ളവർ നടത്തിയ മുസ്ലിം, മലപ്പുറം വിരുദ്ധ പരാമർശങ്ങളും സഭയിൽ യു.ഡി.എഫ് ഉയർത്തിയേക്കും.

സർക്കാർ നടത്തിയ വികസന, ക്ഷേമ പ്രവർത്തനങ്ങൾ സഭാ ചർച്ചയിൽ കൊണ്ടുവരാനും എൽ.ഡി.എഫ് ശ്രമിക്കും. രാഹുലിനെ അയോഗ്യനാക്കാൻ ഡി.കെ മുരളി നൽകിയ പരാതി സ്പീക്കർക്ക് മുന്നിലുണ്ടെങ്കിലും അന്തിമ തീരുമാനം ഈ സമ്മേളനത്തിൽ ഉണ്ടാകാൻ സാധ്യതയില്ല.

വി.ഡി സതീശനെതിരായ പുനർജനി വിവാദത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന വിജിലൻസ് ശിപാർശയും പ്രതിപക്ഷം ആയുധമാക്കും. ചൊവ്വാഴ്ച ഗവർണർ നടത്തുന്ന നയപ്രഖ്യാപനത്തിൽ കേന്ദ്രവിരുദ്ധ പരാമർശങ്ങൾ ഉണ്ടെങ്കിൽ അവ സഭയിൽ വായിക്കുമോ എന്നതടക്കമുള്ള ആകാംക്ഷയും ഇന്ന് തുടങ്ങുന്ന സഭാ സമ്മേളനത്തിനുണ്ട്. 

Tags:    
News Summary - Pre-election, Assembly session begins today with policy announcement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.