കോഴിക്കോട്: പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴവാങ്ങിയെന്ന പരാതിയില്‍ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതിനു പിന്നാലെ പരാതിക്കാരന്‍റെ വീടിന് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി പ്രമോദ് കോട്ടൂളി. വിവാദത്തിൽ പാര്‍ട്ടിക്ക് പരാതി നല്‍കിയ ചേവായൂര്‍ സ്വദേശി ശ്രീജിത്തിന്റെ വീടിനു മുന്നിൽ അമ്മക്കും മകനുമൊപ്പമാണ് സമരം തുടങ്ങിയത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും സത്യാവസ്ഥ അമ്മയെ ബോധ്യപ്പെടുത്തണമെന്നും പ്രമോദ് പറഞ്ഞു.
താന്‍ പാര്‍ട്ടിയെ വെല്ലുവിളിച്ചിട്ടില്ല. പാര്‍ട്ടി തോല്‍ക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ല. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. അതു പുറത്തുകൊണ്ടുവരണമെന്നും പ്രമോദ് പറഞ്ഞു. തനിക്കെതിരെ നടപടിയെടുത്ത പാര്‍ട്ടി കോഴ വിവാദത്തില്‍ തെളിവ് തരണമെന്നും പ്രമോദ് പ്രതികരിച്ചു. പ്രമോദിനെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കാനും തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും നീക്കാനും ശനിയാഴ്ച ചേർന്ന സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. പിന്നാലെയാണ് പ്രമോദ് അമ്മക്കൊപ്പം പരാതിക്കാരന്‍റെ വീടിനു മുന്നിലെത്തിയത്.
ആരോപിക്കപ്പെടുന്നതുപോലെ 22 ലക്ഷം രൂപ ആർക്ക് എപ്പോൾ എവിടെ വെച്ച് നൽകിയെന്ന് പ്രമോദ് ചോദിച്ചു. ഈ 22 ലക്ഷം രൂപ ആരെങ്കിലും വാങ്ങിയിട്ടുണ്ടെങ്കില്‍ അത് ആര്‍ക്കാണ് നൽകിയത്, എപ്പോഴാണ്, എന്നാണ്- ഇത്തരം വിരങ്ങള്‍ എന്റെ അമ്മയെ ബോധ്യപ്പെടുത്തണം. പരാതിക്കാരൻ തെളിവുസഹിതം കാര്യങ്ങൾ വ്യക്തമാക്കണമെന്നും പ്രമോദ് നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
കോഴ വാങ്ങിയെന്ന ആരോപണത്തിൽ പ്രമോദ് പാർട്ടിക്ക് നൽകിയ വിദശീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയ യോഗം ആക്ഷേപമുന്നയിച്ചവരുടെ മൊഴിയടക്കം പരിഗണിച്ചാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചത്. സി.ഐ.ടി.യു ജില്ല സെക്രട്ടറി ഉൾപ്പെടെ തെരഞ്ഞെടുക്കപ്പെട്ട മറ്റു സ്ഥാനമാനങ്ങളിൽ നിന്നും പ്രമോദിനെ ഒഴിവാക്കും. പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശിയായ ഡോക്ടറിൽ നിന്ന് 22 ലക്ഷം കൈപ്പറ്റിയെന്നാണ് പ്രമോദിനെതിരെ ഉയർന്ന ആരോപണം. മന്ത്രി പി.എ. മുഹമ്മദ് റിയാസ് വഴി അംഗത്വം തരപ്പെടുത്താമെന്നായിരുന്നു വാഗ്ദാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.