തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംസ്ഥാനത്തെ അതിദാരിദ്രമുക്തമായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ നടൻ മമ്മൂട്ടി സംസാരിക്കുന്നു.
തിരുവനന്തപുരം: സംസ്ഥാനം അതിദാരിദ്ര്യത്തിൽ നിന്ന് മാത്രമേ മുക്തമാവുന്നുള്ളൂ,ദാരിദ്ര്യം ഇനിയും ബാക്കിയെന്ന് മമ്മൂട്ടി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. ഏത് കണ്ണഞ്ചിപ്പിക്കുന്ന വികസനമുണ്ടെങ്കിലും വിശക്കുന്ന വയറിന് മുന്നിൽ ഒരു വികസനത്തിനും വിലയില്ല. അതുകൂടെ കണ്ടുകൊണ്ടാവണം പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടത്. പ്രഖ്യാപനം അതിന്റെ മാതൃക കൂടെയാവട്ടെയെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
കേരളം തന്നെക്കാൾ ചെറുപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. ‘കേരളത്തിന് എന്നെക്കാൾ നാലഞ്ചുവയസ് കുറവാണ്. കേരളം എന്നെക്കാൾ ഇളയതാണ്, എന്നെക്കാൾ ചെറുപ്പമാണ്, അപ്പോ പ്രതീക്ഷിക്കാവുന്നതേയുള്ളു കേരളം എത്ര ചെറുപ്പമാണെന്ന്,’ മമ്മൂട്ടി പറഞ്ഞു. കേരളത്തിന്റെ സാമൂഹ്യ സൂചികകൾ പലപ്പോഴും ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. ലോകത്തെ അതിസമ്പന്ന രാജ്യങ്ങളുടെ 20ൽ ഒരുഭാഗം പോലുമില്ലാത്ത കേരളമാണ് ഇത്രയും വലിയ നേട്ടങ്ങൾ കൊയ്യുന്നത്. സാമൂഹിക സേവന രംഗത്ത് നമ്മൾ ഒരുപാട് മുന്നിലാണ്, മറ്റ് പലരെയും അപേക്ഷിച്ച് മുന്നിലാണ്. ഈ നേട്ടങ്ങളെല്ലാം കൈവന്നത് നമ്മുടെ സാമൂഹിക ബോധത്തിന്റെ, ജനാധിപത്യബോധത്തിന്റെ ഫലമായാണെന്നും മമ്മൂട്ടി പറഞ്ഞു.
മുഖ്യമന്ത്രി അതിദാരിദ്ര്യ മുക്ത കേരളത്തെ പ്രഖ്യാപിക്കുമ്പോൾ അതിലും വലിയ ഉത്തരവാദിത്വമേറ്റെടുക്കുന്നുവെന്നാണ് മനസിലാക്കുന്നത്. അതിദാരിദ്ര്യത്തിൽ നിന്ന് മാത്രമേ നാം മുക്തരായിട്ടുള്ളൂ. ദാരിദ്ര്യം ഇനിയും നമ്മുടെ മുന്നിൽ ബാക്കിയാണ്. ഒരുപാട് പ്രതിസന്ധികളെ കേരളം തോളോട് തോൾ ചേർന്ന് അഭിമുഖീകരിച്ചിട്ടുണ്ട്. സ്വാതന്ത്രലബ്ദിക്ക് ശേഷം ദാരിദ്ര്യരേഖ ഈ നിലയിൽ എത്തിച്ചത് നമ്മുടെ സാമൂഹ്യബോധമാണ്. പരസ്പര സ്നേഹവും വിശ്വാസവും അതിർവരമ്പുകളില്ലാതെയുള്ള സാഹോദര്യവുമാണ് നമ്മുടെ സാമൂഹിക സമ്പത്ത്. ഭരണ നേതൃത്വത്തിൽ അർപ്പിക്കപ്പെട്ടിട്ടുള്ള ഉത്തരവാദിത്വം വളരെ വിശ്വാസപൂർവം നിർവഹിക്കും എന്നാണ് താൻ വിശ്വസിക്കുന്നത്. അതിന്, ജനങ്ങളിൽ നിന്ന് സാഹോദര്യബോധവും സമർപ്പണവുമുണ്ടാവണം. അതുണ്ടാവുമെന്നാണ് വിശ്വസിക്കുന്നതെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
കുറച്ചുമാസങ്ങളായി പൊതുവേദികളും പുറത്തും അധികം ഇറങ്ങാത്ത ആളാണ് താൻ. ഇപ്പോഴെത്തുമ്പോൾ പലയിടത്തും കണ്ണഞ്ചിപ്പിക്കുന്ന വികസനമുണ്ടായിരിക്കുന്നു. എറണാകുളത്തുനിന്ന് ദീർഘദൂരം യാത്രചെയ്താണ് വരുന്നത്. യാത്രചെയ്യാൻ ബുദ്ധിമുട്ടാണ്. അത് വരും മാസങ്ങളിൽ ശരിയാവുമെന്ന് വിശ്വസിക്കുന്നു. രാജപാതകളും വലിയ കെട്ടിടങ്ങളും നിർമിക്കുന്നത് കൊണ്ട് നാം വികസിതരാകുന്നില്ല. വികസിക്കേണ്ടത് നമ്മുടെ സാമൂഹിക ബോധമാണ്. അതുണ്ടാവണമെങ്കിൽ ദാരിദ്ര്യം പരിപൂർണമായി തുടച്ചുനീക്കപ്പെടണം. അത്തരം സ്ഥലങ്ങൾ തന്റെ അറിവിൽ വിരളമാണ്. കേരളം പലതിലും മാതൃകയാണ്. അതിനായി തോളോട് തോൾ ചേർന്നിറങ്ങണം. ഏത് കണ്ണഞ്ചിപ്പിക്കുന്ന വികസനമുണ്ടെങ്കിലും വിശക്കുന്ന വയറിന് മുന്നിൽ ഒരു വികസനത്തിനും വിലയില്ല. അതുകൂടെ കണ്ടുകൊണ്ടാവണം പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടത്. പ്രഖ്യാപനം അതിന്റെ മാതൃക കൂടെയാവട്ടെ എന്നും മമ്മൂട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.