ഉണ്ണികൃഷ്ണൻ പോറ്റി

ശബരിമല സ്വർണക്കൊള്ള: ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 90 ദിവസത്തിന് ശേഷവും കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരിക്കുന്നത്.

പാസ്പോർട്ട് ഹാജരാക്കണം, പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നതുൾപ്പെടെ വിവിധ ഉപാധികളോടെയാണ് പോറ്റിക്ക് ജാമ്യം അനുവദിച്ചത്. ഇന്ന് വൈകിട്ടോടെ ജയിൽ മോചിതനാകും.

നേരത്തെ മുരാരി ബാബു ഉൾപ്പെടെ കേസിൽ ഉൾപ്പെട്ട മറ്റ് മൂന്നുപേർക്കുകൂടി കോടതി ജാമ്യം നൽകിയിരുന്നു. കേസിൽ എസ്.ഐ.ടി കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതാണ് ജാമ്യം അനുവദിക്കാനുള്ള പ്രധാന കാരണമായി കോടതി ചൂണ്ടിക്കാണിക്കുന്നത്.

ദ്വാരപാലക ശിൽപ പാളിയിലെ സ്വർണം അപഹരിച്ച കേസിൽ പോറ്റിക്ക് ജനുവരി 21ന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. കട്ടിളപ്പാളിക്കേസിൽ ബുധനാഴ്‌ച നടന്ന വാദത്തിൽ സ്വാഭാവിക ജാമ്യം നൽകുമെങ്കിൽ കർശന ഉപാധികൾ ഉറപ്പാക്കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

അതേസമയം, ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാലുടൻ ഉണ്ണികൃഷ്ണൻ പോറ്റിയെ പിടികൂടാനൊരുങ്ങിയിരിക്കുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പോറ്റിയെ ചോദ്യം ചെയ്യുന്നതിനായി ഇ.ഡി സമൻസ് തയാറാക്കിയിട്ടുണ്ട്. പോറ്റിയെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ ആണ് ഇ.ഡിയുടെ നീക്കം.

ജാമ്യം ലഭിച്ച തൊട്ടടുത്ത ദിവസം തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചുകൊണ്ടുള്ള സമൻസ് നൽകാനാണ് ഇ.ഡി തീരുമാനിച്ചിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന നിഗമനത്തിൽ പോറ്റിയുടെ 1.3 കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകൾ ഇ.ഡി നേരത്തെ മരവിപ്പിച്ചിരുന്നു.

Tags:    
News Summary - Sabarimala gold theft case | Unnikrishnan Potty granted bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.