ഇവിടെ ‘എം.എൽ.എ’മാരുടെ വാഹനങ്ങളേ അനുവദിക്കൂ, ‘നിയമസഭാംഗം’ പറ്റില്ല; മാത്യു ടി. തോമസിനെ തടഞ്ഞ് വാച്ച് ആൻഡ് വാർഡ്

തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിലെ പാർക്കിങ്ങിലുണ്ടായ രസകരമായ സംഭവം പങ്കുവെച്ച് മുൻമന്ത്രിയും എം.എൽ.എയുമായ മാത്യു ടി. തോമസ്. എം.എൽ.എമാർക്കുള്ള പാർക്കിങ് സ്പേസിൽ ‘നിയമസഭാംഗം’ എന്ന ബോർഡ് വച്ച കാർ പാർക്ക് ചെയ്യാനാകില്ലെന്ന വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥന്‍റെ വാദമാണ് അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ കുറിച്ചത്. നിയമസഭയുടെ ഔദ്യോഗിക ഭാഷ സമിതിയുടെ അധ്യക്ഷൻ കൂടിയായ താൻ ഇതിങ്ങനെ പോട്ടെ എന്ന് തീരുമാനിക്കുന്നുവെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. തന്‍റെ വാഹനത്തിന്‍റെ നമ്പർ പ്ലേറ്റടങ്ങിയ ചിത്രവും എം.എൽ.എ പങ്കുവെച്ചിട്ടുണ്ട്.

പോസ്റ്റിന് കീഴെ രസകരമായ കമന്‍റുകളും വരുന്നുണ്ട്. ശുദ്ധമലയാളം ഉപയോഗിക്കുന്നതിലെ പരിമിതി ചിലർ ചൂണ്ടിക്കാണിച്ചു. സ്ഥിരമായി ഉപയോഗിക്കുന്ന വാക്കുകൾ മാറ്റേണ്ടതുണ്ടോ എന്നും ‘ഹോട്ടൽ’ എന്നതിന് പകരം ആരെങ്കിലും ‘ഭക്ഷണശാല’ എന്ന് എഴുതി വയ്ക്കുന്നുണ്ടോ എന്നും ഒരാൾ കമന്‍റിൽ ചോദിക്കുന്നു. പരീക്ഷ എഴുതാതെ പാർട്ടി വഴി നിയമനം കിട്ടി വന്നതാകുമെന്ന പരിഹാസ കമന്‍റും പോസ്റ്റിനു കീഴെയുണ്ട്.

ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം

ഞാൻ 2018 മുതൽ ഉപയോഗിക്കുന്ന കാറാണിത്. 2¼ ലക്ഷം കി മി ഓടിക്കഴിഞ്ഞു.
ഇന്ന് നിയമസഭയിൽ ചെന്ന് പാർക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ എന്നെ അത്ര പരിചയം ഇല്ലാത്ത ഒരു വാച്ച് & വാർഡ്, ഡ്രൈവർ സീറ്റിൽ ഇരിക്കയായിരുന്ന എന്നോട് വളരെ വിനയത്തോടെ പറഞ്ഞു.. "ഇവിടെ MLA മാരുടെ വാഹനങ്ങൾക്കു മാത്രേ പാർക്കിങ് അനുവദിക്കൂ"
നിയമസഭ അംഗങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പറ്റില്ലേ എന്ന എന്റെ ചോദ്യത്തിന് ഉടനെ മറുപടി വന്നു.., MLA മാരുടെ വാഹനം മാത്രമേ പറ്റു.
MLA എന്ന് ഇംഗ്ലീഷിൽ എഴുതിയാലേ ഒരു ഗമ ആവൂ എന്ന് പല തവണ എന്റെ ഡ്രൈവർ വിഷ്ണു പറഞ്ഞിട്ടുള്ളത് എത്ര ശരിയാണ് എന്ന് ഇന്ന് ബോധ്യപ്പെട്ടു. നിയമസഭയുടെ ഔദ്യോഗിക ഭാഷ സമിതിയുടെ അധ്യക്ഷൻ കൂടിയായ ഞാൻ ഇതിങ്ങനെ പോട്ടെ എന്ന് തീരുമാനിക്കുന്നു.

Tags:    
News Summary - Mathew T Thomas MLA | Niyamasabha Parking | Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.