പോളിങ് ബൂത്തിലെ വെളിച്ചക്കുറവ് മൂലം സ്കൂളിലെ മേൽക്കൂരയുടെ ഓടിളക്കി മാറ്റിയപ്പോൾ
കക്കോടി: പോളിങ് ബൂത്തിലെ വെളിച്ചക്കുറവ് മൂലം മേൽക്കൂരയുടെ ഓടിളക്കി വോട്ടെടുപ്പ്. കോഴിക്കോട് കക്കോടി പഞ്ചായത്തിലെ മാതൃ ബന്ധു വിദ്യാശാല യു.പി സ്കൂളിലെ 131 എ ഓക്സിലറി ബൂത്തിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയയെ നാണിപ്പിക്കുന്ന തരത്തിൽ വോട്ടർമാർക്ക് വോട്ടുചെയ്യേണ്ടി വന്നത്.
വോട്ടെടുപ്പ് ആരംഭിച്ച രാവിലെ ഏഴു മണിയോടെ തന്നെ വെളിച്ചക്കുറവ് അനുഭവപ്പെട്ട വോട്ടർമാർ ബൂത്ത് കൺവീനർ എ.കെ. ബാബുവിനെയും ചെയർമാൻ മനോജ് ചീക്കപ്പറ്റയെയും പരാതി അറിയിച്ചു. ഇതേ തുടർന്ന് പ്രിസൈഡിങ് ഓഫിസറെ വിവരം അറിയിച്ചു. കൃത്യമായി ചിഹ്നം കാണാൻ പ്രയാസമുള്ളതായി ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ മേൽക്കൂരയിലെ ഓട് ഇളക്കാൻ തീരുമാനിച്ചു.
വെളിച്ചം കിട്ടുംവിധം ഓടിളക്കി മാറ്റിയാണ് പ്രശ്നം പരിഹരിച്ചത്. വെളിച്ചക്കുറവ് സംബന്ധിച്ച് തിങ്കളാഴ്ച വൈകീട്ടു തന്നെ അധികൃതർക്ക് സൂചന നൽകിയിരുന്നത് ഗൗനിക്കാതിരുന്നതാണ് പ്രയാസം സൃഷ്ടിച്ചത്. വെളിച്ചക്കുറവ് കാരണം വോട്ട് ചെയ്യുന്നതിന്‍റെ പിൻ ഭാഗം മറച്ചതുമില്ല. 132 എയിലെ മറയുടെ ഒരു ഭാഗം പൊളിച്ചു വിടർത്തിയാണ് പ്രശ്നം പരിഹരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.