തിരുവനന്തപുരം: ബേപ്പൂരിൽ പി.വി അൻവറിനെ സ്ഥാനാർഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇതുമായി ബന്ധപ്പെട്ട് തന്റെ പ്രസ്താവനയിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് തന്നെ വ്യക്തത വരുത്തിയിട്ടുണ്ടെന്നും വി.ഡി സതീശൻ വ്യക്തമാക്കി. യു.ഡി.എഫിലെ സീറ്റ് വിഭജനത്തിന് ശേഷം മാത്രമേ സ്ഥാനാർഥികളുടെ കാര്യത്തിൽ ഉൾപ്പടെ തീരുമാനമെടുക്കുവെന്നും അദ്ദേഹം പറഞ്ഞു.
എസ്.എൻ.ഡി.പിക്കും എൻ.എസ്.എസും യു.ഡി.എഫിനോട് എതിർപ്പില്ലെന്ന് പറഞ്ഞതിൽ സന്തോഷമുണ്ട്. എന്നോടാണ് ഇരു സമുദായ സംഘടനകൾക്കും എതിർപ്പ്. എൻ.എസി.എസിന് തന്നോടുള്ള എതിർപ്പിന്റെ കാരണമെന്താണെന്ന് അറിയില്ല. എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ തന്നെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചപ്പോഴും അതിനോട് അതേരീതിയിൽ മറുപടി പറയാൻ താൻ തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വർഗീയതക്കെതിരായ നിലപാട് എടുത്തതിനാലാണ് വെള്ളാപ്പള്ളി നടേശന് തന്നോട് എതിർപ്പ്. വർഗീയതയോട് ഒരുതരത്തിലുമുള്ള കോംപ്രമൈസുമില്ല. ആര് വർഗീയത പറഞ്ഞാലും അതിനെ ശക്തമായി എതിർക്കുമെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
നിയമസഭ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ പി വി അന്‍വര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് സ്ഥിരീകരിച്ച് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്തെത്തിയിരുന്നു. ബേപ്പൂരിൽ പി വി അൻവർ പ്രചാരണം തുടങ്ങിയതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സണ്ണി ജോസഫിന്‍റെ പ്രതികരണം. ബേപ്പൂര്‍ എംഎല്‍എയായി പി വി അന്‍വര്‍ ജയിച്ച് വരും എന്നായിരുന്നു സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
പി.വി അൻവർ മണ്ഡലത്തിൽ അനൗപചാരിക പ്രചാരണം തുടങ്ങിക്കഴിഞ്ഞിരുന്നു. ലീഗ് നേതാവ് എം സി മായിന്‍ ഹാജി ഉള്‍പ്പെടെ മണ്ഡലത്തിലെ പ്രമുഖരെ അന്‍വർ നേരിട്ട് കണ്ട് പിന്തുണ തേടുകയും ചെയ്തിരുനനു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.