തൊടുപുഴ: ശതാഭിഷേകത്തിന്റെ നിറവിലാണ് തൊടുപുഴക്കാരുടെ പ്രിയപ്പെട്ട ഔസേപ്പച്ചൻ. അരനൂറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുന്ന പി.ജെ. ജോസഫ് 84ലെത്തുമ്പോഴും ചുറുചുറുക്കിന് കുറവില്ല. രാഷ്ട്രീയമാണ് കർമരംഗമെങ്കിലും മനസ്സുകൊണ്ട് കർഷകനാണദ്ദേഹം. മൃഗസ്നേഹി, ഗായകൻ തുടങ്ങിയ വിശേഷണങ്ങളും ചേരും. പുലർച്ച നാലിനാണ് പി.ജെയുടെ ഒരുദിനം തുടങ്ങുന്നത്. പ്രഭാതകർമങ്ങൾക്കുശേഷം പത്രവായന. പിന്നെ നേരെ മുറ്റത്തോട് ചേർന്നുള്ള തൊഴുത്തിലേക്ക്. അവിടെ പാട്ടുപെട്ടിയിൽനിന്ന് പഴയ പാട്ടുകൾ ഒഴുകിയെത്തുന്നുണ്ടാകും.
പശുക്കളെയെല്ലാം പേരെടുത്ത് വിളിച്ച് അടുത്തുചെല്ലും. ജില്ലയിൽതന്നെ ഏറ്റവുമധികം പാൽ വിൽക്കുന്ന ക്ഷീരകർഷകൻ കൂടിയാണ് ജോസഫ്. പിന്നീട് പുരയിടത്തിലേക്കാണ് പോക്ക്. ഇവിടെയില്ലാത്ത കൃഷികളില്ല. ഒരുവിധപ്പെട്ട പച്ചക്കറികളെല്ലാം ജൈവരീതിയിൽ സ്വന്തമായി ഉൽപാദിപ്പിക്കുന്നുണ്ട്. ഭക്ഷണകാര്യത്തിൽ മീനും പച്ചക്കറികളുമാണ് ജോസഫിന് പ്രിയം. ഇനി രാഷ്ട്രീയത്തിലേക്ക് കടന്നാൽ തൊടുപുഴയിൽനിന്ന് പി.ജെ. ജോസഫിനെയും ജോസഫിൽനിന്ന് തൊടുപുഴയെയും വേർപെടുത്താനാകില്ല.
പത്താം തവണയാണ് പി.ജെ തൊടുപുഴയിൽനിന്ന് എം.എൽ.എയാകുന്നത്. 1970ൽ എം.എൽ.എയായപ്പോൾ തുടങ്ങിയ നാടുമായുള്ള ആത്മബന്ധം ഇന്നും കാത്തുസൂക്ഷിക്കുന്നു. ആദ്യ നിയമസഭ പ്രവേശനം കഴിഞ്ഞ് എട്ടുവര്‍ഷങ്ങള്‍ക്കു ശേഷമാണ് മന്ത്രിയാകുന്നത്. 1978ൽ ആഭ്യന്തരമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അന്ന് രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ ആഭ്യന്തരമന്ത്രി പി.ജെയായിരുന്നു. തുടര്‍ന്ന് അഞ്ച് മന്ത്രിസഭകളില്‍കൂടി അദ്ദേഹം അംഗമായി. വിദ്യാഭ്യാസം, പൊതുമരാമത്ത്, എക്സൈസ്, റവന്യൂ, ജലവിഭവം തുടങ്ങിയ പ്രധാന വകുപ്പുകളെല്ലാം കൈകാര്യംചെയ്തു. പോരടിക്കുന്ന രണ്ട് മുന്നണികളിലും മാറിമാറി മന്ത്രിയായ വ്യക്തി എന്ന വിശേഷണവും പി.ജെക്ക് സ്വന്തം.
കേരള കോൺഗ്രസ് പലതവണ പിളർന്നപ്പോഴും പി.ജെ നിലപാടുകളുമായി മുന്നോട്ടുപോയി. കെ.എം. മാണിയുടെ മരണശേഷം ജോസ് വിഭാഗം എൽ.ഡി.എഫിലേക്ക് പോയപ്പോൾ ജോസഫും കൂട്ടരും യു.ഡി.എഫിൽ ഉറച്ചുനിന്നു. ഇപ്പോൾ കേരള കോൺഗ്രസ് ചെയർമാനാണ്. 1941 ജൂൺ മാസത്തിലാണ് പാലത്തിനാൽ ജോസഫ് ജോസഫ് എന്ന പി.ജെ. ജോസഫിന്റെ ജനനം. 84ന്റെ ആഘോഷങ്ങളൊന്നുമില്ലേ എന്ന ചോദ്യത്തിന്, ഇല്ലെന്ന് ചിരിച്ചുകൊണ്ട് പുറപ്പുഴ പാലത്തിനാൽ വീട്ടിലിരുന്ന് പി.ജെ മറുപടി പറഞ്ഞു. ക്രിസ്തുവും ഗാന്ധിജിയുമാണ് റോള്‍ മോഡല്‍.
ഏത് പ്രവര്‍ത്തി ചെയ്യുമ്പോഴും ഇവര്‍ രണ്ടുപേരും മനസ്സില്‍ തെളിഞ്ഞുവരുമെന്ന് അദ്ദേഹം പറയും. സംഗീതം കൂടെപ്പിറപ്പാണ്. സുജാത എന്ന സിനിമയിലെ എസ്.ഡി. ബര്മന് എഴുതിയ ജല്‍ത്തെ ഹെ... ജിസ്കെലിയെ എന്ന ഗാനമാണ് ഏറ്റവും പ്രിയം. കുടുംബത്തിലെ എല്ലാ കാര്യങ്ങളിലും ഒപ്പമുണ്ടായിരുന്ന ഭാര്യ ഡോ. ശാന്തയുടെയും മകൻ ജോക്കുട്ടന്റെയും വേർപാട് പി.ജെയുടെ വലിയ വേദനയായി തുടരുന്നു. ദിവസത്തില്‍ ഒരു നന്മയെങ്കിലും ചെയ്യാതെ കടന്നുപോകരുതെന്നാണ് വിശ്വാസപ്രമാണം. ഇതിന് മുടക്കംവരാതെ നോക്കുന്നു. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് കൂടുതല്‍ കരുത്ത് പകരുന്നുവെന്നും പി.ജെ. ജോസഫ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.