അസാമാന്യമായ പ്രതിഭയായിരുന്നു ഉണ്ണിയേട്ടൻ. രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ കാലംതൊട്ടേ അദ്ദേഹത്തെ അറിയാം. ഡൽഹിയിൽ പോകുന്ന കാലത്ത് അദ്ദേഹം മാതൃഭൂമിയുടെ സ്പെഷൽ കറസ്‌പോണ്ടന്റായിരുന്നു. ശങ്കേഴ്‌സ് വീക്കിലിയുൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹം എഴുതുന്നുമുണ്ടായിരുന്നു. 1971 മുതലാണ് അദ്ദേഹവുമായി അടുത്തിടപെടാൻ തുടങ്ങിയത്. വടകരയിൽ സ്ഥാനാർഥിയായി എത്തിയ കാലം തൊട്ട് ആ ബന്ധം ഹൃദയബന്ധമായി വളർന്നു. ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിലെ വ്യത്യസ്ത കാലഘട്ടങ്ങളിൽ ഉദിച്ചുയർന്ന നേതാക്കൾ തങ്ങളുടെ സവിശേഷമായ കഴിവുകൾ പ്രകടമാക്കിയാണ് ശ്രദ്ധേയരായത്. എന്നാൽ ഉണ്ണിയേട്ടന്റെ പ്രകൃതം, പെരുമാറ്റം, മാന്യത എന്നിവ അസാധാരണമായിരുന്നു.
1971-ൽ ലീലാ ദാമോദരന് വേണ്ടി ചുവരെഴുത്ത് നടക്കവെയാണ് കെ.പി. ഉണ്ണികൃഷ്ണൻ സ്ഥാനാർഥിയായി വടകരയിലേക്ക് വരുന്നത്. അത് ഞങ്ങൾക്ക് ഏറെ ആവേശം പകർന്നു. അന്ന് ഞാൻ കോഴിക്കോട്ടെ കോൺഗ്രസ് യുവജനപ്രസ്ഥാനത്തിന്റെ നേതാവുകൂടിയായിരുന്നു. വളരെ സ്നേഹത്തോടെയാണ് ഞങ്ങൾ പ്രവർത്തിച്ചിട്ടുള്ളത്.
പിന്നീട് രണ്ട് ക്യാമ്പുകളിലായി പരസ്പരം എതിർത്തും പ്രവർത്തിച്ചിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ അവസാനനാളുകൾ വരെ ആദരവാർന്ന ആത്മബന്ധം തുടരാൻ സാധിച്ചു.
1978-ൽ ഞാൻ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായി. ഇന്ദിരാഗാന്ധിയുമായി കൂടുതൽ അടുപ്പമുണ്ടായിരുന്ന കാലമായിരുന്നു അത്. കോൺഗ്രസ് പിളർപ്പിന്റെ കാലമായതിനാൽ പ്രമുഖ നേതാക്കളെല്ലാം മറുപക്ഷത്തായിരുന്നു. താനുമായി അടുത്ത ബന്ധം പുലർത്തിയ കെ.പി. ഉണ്ണികൃഷ്ണൻ വിട്ടുപോയതിൽ ഇന്ദിരാഗാന്ധിക്ക് വലിയ വിഷമമുണ്ടായിരുന്നു. 1980-ലെ തിരഞ്ഞെടുപ്പിൽ ഉണ്ണികൃഷ്ണനെതിരെ ഒരു ശക്തമായ മത്സരം തന്നെ അവർ ആഗ്രഹിച്ചു.
സി.പി.എം പിന്തുണയോടെ മത്സരിച്ച ഉണ്ണികൃഷ്ണനെതിരെ അന്ന് ഞാൻ സ്ഥാനാർഥിയായി. കോൺഗ്രസ് (യു) അംഗമായിരുന്ന അദ്ദേഹത്തോട് 41,000 വോട്ടിന് ഞാൻ പരാജയപ്പെട്ടു. പാർലമെന്റിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ എന്നും ആവേശം കൊള്ളിക്കുന്നതായിരുന്നു. അദ്ദേഹത്തെപോലെ ഒരു മികച്ച പാർലമെന്റേറിയൻ ഇല്ലാത്തതാണ് വർത്തമാന കാലത്തിന്റെ നഷ്ടം.
തയാറാക്കിയത്: എ. ബിജുനാഥ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.