അച്ഛനും മകനും ഷോക്കേറ്റ് മരിച്ച സംഭവം: വൈദ്യുതിവേലി നിർമിച്ചത് മാനദണ്ഡം പാലിച്ചല്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍

കിളിമാനൂര്‍: കിളിമാനൂരിൽ അച്ഛനും മകനും ഷോക്കേറ്റ് മരിക്കാൻ ഇടയാക്കിയ വൈദ്യുതിവേലി നിർമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ. കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് സമീപം കൃഷിഭൂമിയിലാണ് കുറിയിടത്തുകോണം കോണത്ത് വീട്ടില്‍ കൊച്ചുണ്ണി (58), മകന്‍ അഖില്‍ (33) എന്നിവരെ ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തി.

നാരായണന്‍ പോറ്റിയുടെ ഉടമസ്ഥതയിലുള്ള വയല്‍ പുരയിടത്തിലെ ചാലിൽ കാര്യസ്ഥന്‍ ഗോപാലനാണ് ചൊവ്വാഴ്ച രാവിലെ മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. വാഴ, മരച്ചീനി എന്നിവ കൃഷിചെയ്തിരുന്ന ഇവിടെ പന്നിശല്യം രൂക്ഷമായതിനാല്‍ കാലങ്ങളായി വൈദ്യതിവേലിയുണ്ട്. ഇതിൽനിന്നാകാം ഷോക്കേറ്റതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ജി. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘവും കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥരും ഫോറന്‍സിക് സംഘവുമെത്തി പരിശോധന നടത്തി.

ഇരുവരും മരിച്ചുകിടന്നതിന് സമീപം മരച്ചീനികള്‍ പിഴുതിട്ട നിലയിലായിരുന്നു. മാത്രമല്ല, ഈ ഭാഗത്ത് വൈദ്യുതിവേലിയുടെ കമ്പുകളും പിഴുതുമാറ്റിയ നിലയിലായിരുന്നു. രണ്ടുപേര്‍ ചാലില്‍ വൈദ്യുതാഘാതമേറ്റ് കിടക്കുന്നതുകണ്ട് കാര്യസ്ഥന്‍ ഗോപാലന്‍ ഇവ പിഴുതുമാറ്റിയെന്നാണ് പൊലീസ് നിഗമനം. ഗോപാലനെയും ഇവിടേക്ക് വൈദ്യുതി നൽകിയ വീടിന്റെ ഉടമ കുറിയിടത്ത് മഠത്തില്‍ വേണുപോറ്റിയും പൊലീസ് ചോദ്യം ചെയ്തുവരുന്നു. പുരയിടത്തിലേക്ക് മരത്തൂണുകള്‍നാട്ടി വൈദ്യുതിവേലി നിർമിച്ചതിന് കെ.എസ്.ഇ.ബി അനുമതിയില്ലെന്നാണ് സൂചന. വൈദ്യുതിവേലി നിർമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് ഇവിടെയെത്തിയ കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തി.

അംബികയാണ് കൊച്ചുണ്ണിയുടെ ഭാര്യ. അഖിലിന് പുറമെ ‌അതുല്യ എന്ന മകള്‍ കൂടിയുണ്ട്. ചിന്നുവാണ് അഖിലിന്റെ ഭാര്യ. അഖിലേഷ്, ആദേഷ് എന്നിവര്‍ മക്കളാണ്. ഇരുവരും ദലിത് വിഭാഗത്തിലുള്ള നിര്‍ധന കുടുംബാംഗങ്ങളാണ്. തെങ്ങുകയറ്റമടക്കമുള്ള കൂലിവേല ചെയ്താണ് കുടുംബം പുലര്‍ത്തിവന്നത്.  

Tags:    
News Summary - Father and son die of electric shock: KSEB officials say electric fence is illegal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.