എൻ്റെ ജ്യേഷ്ഠൻ അവസാന ശ്വാസംവരെ നെഹ്റു ഫാൻ

വിദ്യാർഥി രാഷ്ട്രീയത്തിൽ പ്രവേശിച്ച കാലം മുതൽ അവസാന ശ്വാസം വരെ ജവഹർലാൽ നെഹ്റുവിന്റെ ആരാധകനായിരുന്നു ഇന്നലെ വിടപറഞ്ഞ ജ്യേഷ്ഠസഹോദരതുല്യനായ എന്റെ സുഹൃത്ത് കെ.പി. ഉണ്ണികൃഷ്ണൻ. അദ്ദേഹം ആദ്യമായി പാർലമെന്റ് അംഗമായ കാലം മുതലാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്. ഞങ്ങൾ ഇടയ്ക്കിടയ്ക്ക് നിരന്തരമായി സംസാരിക്കുമായിരുന്നു.

മൂന്നാഴ്ച മുമ്പും ഞങ്ങൾ സംസാരിച്ചിരുന്നു; അന്ന് അദ്ദേഹം അതീവ അവശനായിരുന്നു. എന്റെ ഫോൺ ആണെന്ന് കേട്ടപ്പോൾ എടുത്തു, പക്ഷേ ഒരു വാക്കോ രണ്ടു വാക്കോ മാത്രമാണ് സംസാരിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി അദ്ദേഹം എന്നോട് സംസാരിച്ചിരുന്നതെല്ലാം രാജ്യത്ത് മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷമുള്ള ആപൽക്കരമായ പോക്കിനെക്കുറിച്ചായിരുന്നു. ഇതിനെ തടയാൻ കോൺഗ്രസിനു മാത്രമേ ശക്തിയുള്ളൂവെന്നും കോൺഗ്രസ് ആശയങ്ങൾ തിരിച്ചുവരണമെന്നും അദ്ദേഹം നിരന്തരം ഓർമ്മിപ്പിച്ചിരുന്നു. ഈ പറയുന്ന കാര്യങ്ങളിലെല്ലാം അദ്ദേഹത്തിന് കൃത്യമായ കാഴ്ചപ്പാടുമുണ്ടായിരുന്നു.

ജനാധിപത്യം, മതേതരത്വം, ബഹുസ്വരത, സാമൂഹിക സമത്വം, സാമൂഹിക നീതി തുടങ്ങിയ ജവഹർലാൽ നെഹ്റുവിന്റെ അടിസ്ഥാന നയങ്ങളാണ് ലോകത്തിലെ പല രാജ്യങ്ങളും ചിന്നഭിന്നമായിട്ടും ഇന്ത്യയെ തകരാതെ നിലനിർത്തുന്ന ആശയശക്തി. ഡോ. അംബേദ്കറുമായി സഹകരിച്ച് തയ്യാറാക്കിയ ഭരണഘടനയുടെ നിർമ്മിതിയിൽ നെഹ്റുവിന് വലിയ പങ്കുണ്ട്. ആ ഭരണഘടനയാണ് ഇന്ത്യയിലെ ജനങ്ങളുടെ ഏറ്റവും വലിയ കരുത്തെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു.

വിദ്യാർഥി രാഷ്ട്രീയ കാലം മുതൽ കോൺഗ്രസിൽ സജീവമായിരുന്ന ഉണ്ണികൃഷ്ണന്റെ വീടാണ് ഒരു കാലഘട്ടത്തിൽ കേരളത്തിലെ കോൺഗ്രസുകാരായ യുവാക്കൾക്ക് ഏറ്റവും കൂടുതൽ അഭയം നൽകിയത്. ബോംബെയിലെ നിർണായകമായ തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി നിയോഗിച്ച സംഘത്തിന്റെ തലവനും ഡൽഹിയിൽ ഏറ്റവും അംഗീകരിക്കപ്പെട്ട ഉന്നത രാഷ്ട്രീയ നേതാവുമായിരുന്നു അദ്ദേഹം. ചില നയപരമായ വശങ്ങളിൽ തെറ്റിപ്പിരിയേണ്ടി വന്നെങ്കിലും പിന്നീട് അദ്ദേഹം കോൺഗ്രസിലേക്ക് തന്നെ മടങ്ങി വന്നു.

ഇന്നിപ്പോൾ ലോകം മുഴുവൻ യുദ്ധഭീഷണിയിലാണ്. യുദ്ധം ഏറ്റവും കൂടുതൽ ആഘാതമേൽപ്പിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ജനങ്ങൾ ആശങ്കയോടെ കഴിയുന്ന സംസ്ഥാനം കേരളമാണ്. അമേരിക്കയും ഇസ്രായേലും ചേർന്ന് അടിച്ചേൽപ്പിച്ച യുദ്ധം ലോകത്തിനാകെ നാശം വിതയ്ക്കുകയാണ്. ഇതിന്റെ ഫലമായി ഇന്ത്യയിലും പ്രത്യാഘാതങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ ദശലക്ഷക്കണക്കിന് കുടുംബങ്ങൾ ഉത്കണ്ഠാഭരിതരാണ്.

ഈ അവസരത്തിൽ വി.പി. സിങ് സർക്കാരിൽ മന്ത്രിയായിരുന്ന കാലത്തെ ഇറാഖ്-കുവൈത്ത് യുദ്ധസാഹചര്യം ഞാൻ ഓർത്തുപോവുകയാണ്. അന്ന് അവിടെ കുടുങ്ങിയ ഇന്ത്യക്കാരെ, പ്രത്യേകിച്ച് മലയാളികളെ നാട്ടിലെത്തിക്കാനുള്ള ചുമതല കേന്ദ്രമന്ത്രിസഭ നൽകിയത് ഉണ്ണികൃഷ്ണനെയായിരുന്നു. നൂറുകണക്കിന് വിമാനങ്ങൾ ഉപയോഗിച്ച് ഒന്നര ലക്ഷത്തോളം ഇന്ത്യക്കാരെയാണ് അദ്ദേഹം സുരക്ഷിതമായി നാട്ടിലെത്തിച്ചത്. രാജ്യത്തിന്റെ പ്രശംസ ഒന്നടങ്കം പിടിച്ചുപറ്റിയ നടപടിയായിരുന്നു അത്. അന്ന് ഉണ്ണികൃഷ്ണൻ സാഹസികമായി ഇറാഖിൽ പോയതും സദ്ദാം ഹുസൈനുമായി കൂടിക്കാഴ്ച നടത്തിയതും, ഇന്ത്യക്കാരെ മടക്കി അയക്കാൻ സദ്ദാം സഹായിച്ചതുമെല്ലാം ഇന്നും എന്റെ ഓർമ്മയിലുണ്ട്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹം എഴുതിയ ലേഖനങ്ങളിലെല്ലാം ഊന്നിപ്പറഞ്ഞത് ജവഹർലാൽ നെഹ്റുവിന്റെ അടിസ്ഥാന നയങ്ങൾ കോൺഗ്രസ് ഉയർത്തിപ്പിടിക്കണം എന്നതായിരുന്നു. നെഹ്റു വിഭാവനം ചെയ്ത ജനാധിപത്യം, മതേതരത്വം, ബഹുസ്വരത, സാമൂഹിക നീതി എന്നിവയിലൂടെ മാത്രമേ ഇന്ത്യക്ക് രക്ഷയുള്ളൂ എന്ന് അദ്ദേഹം വിശ്വസിച്ചു. കോൺഗ്രസ് ശക്തിപ്പെട്ടില്ലെങ്കിൽ രാജ്യം ആപൽക്കരമായ പാതയിലേക്ക് നീങ്ങുമെന്ന് അദ്ദേഹം നിരന്തരം ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. ഈ നിർണായക കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ വേർപാട് രാജ്യത്തിന് വലിയ നഷ്ടം തന്നെയാണ്.

Tags:    
News Summary - Until his final breath, my elder brother was a follower of Nehru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.