പത്തംതിട്ട: കോയിപ്രത്ത് യുവാക്കളെ ക്രൂരമര്‍ദനത്തിനിരയാക്കിയ കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. ഇതിനായി അടുത്തദിവസം അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകും. സംഭവത്തിലെ ദുരൂഹത നീക്കാൻ ലക്ഷ്യമിട്ടാണ് കൂടുതൽ ചോദ്യംചെയ്യാനുള്ള തീരുമാനം. അന്വേഷണത്തോട് പ്രതികള്‍ ആദ്യഘട്ടത്തിൽ സഹകരിച്ചിരുന്നില്ല.
അതേസമയം, ഇവർ കൂടുതൽ പേരെ മർദനത്തിന് ഇരയാക്കിയെന്ന പ്രചാരണം പൊലീസ് തള്ളി. ഇത്തരത്തിൽ ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് തിരുവല്ല ഡിവൈ.എസ്.പി എസ്. നന്ദകുമാർ പറഞ്ഞു. പുതുതായി ആരും പരാതികളും നൽകിയിട്ടില്ല. ഉടൻതന്നെ കസ്റ്റഡി അപേക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
മനഃസാക്ഷിയെ ഞെട്ടിച്ച മർദനക്കേസിൽ കോയിപ്രം കുറവൻകുഴി ജയേഷ് രാജപ്പൻ (30), ഭാര്യ എസ്. രശ്മി (25) എന്നിവരാണ് അറസ്റ്റിലായത്. ജയേഷ് പോക്സോ കേസിലും പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി. 2016ൽ 16കാരിയെ പീഡിപ്പിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. അതിനിടെ, യുവാക്കളിലൊരാളുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിക്കുന്നതും മർദിക്കുന്നതുമായി നാല് ദൃശ്യങ്ങൾ രശ്മിയുടെ ഫോണിൽനിന്ന് പൊലീസ് കണ്ടെടുത്തു. രശ്മിയും ഒരു യുവാവുമൊത്തുള്ള ദൃശ്യവും ഇതിലുണ്ട്. ജയേഷിന്റെ ഫോണിൽ കൂടുതൽ ദൃശ്യങ്ങളുണ്ടെന്നും പൊലീസ് പറയുന്നു. ഫോണിലെ രഹസ്യഫോൾഡറിൽ സൂക്ഷിച്ചിരിക്കുന്ന ഇവ കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായം തേടിയിരിക്കുകയാണ് അന്വേഷണസംഘം.
റാന്നി സ്വദേശിയായ 29കാരനും ആലപ്പുഴ നീലംപേരൂർ സ്വദേശിയായ 19 കാരനുമാണ് മർദനത്തിന് ഇരകളായത്. ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തിലായിരുന്നു മർദനമെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ വൈരാഗ്യത്തിൽ പരിചയക്കാരായ യുവാക്കളെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്റ്റാപ്ലർ പിന്നുകൾ ജനനേന്ദ്രിയത്തിൽ അടിച്ചും പ്ലയറുകൊണ്ട് നഖം പിഴുതെടുത്തും ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഭാര്യ രശ്മിയെക്കൊണ്ടാണ് യുവാക്കളുടെ ശരീരത്തിൽ കൊടിയ മർദനം ഭർത്താവ് ജയേഷ് നടത്തിയത്. പൊലീസിന് ലഭിച്ച ദൃശ്യങ്ങളിൽ ഞെട്ടിക്കുന്ന ഈ രംഗങ്ങളുമുണ്ട്. കെട്ടിത്തൂക്കി മർദിക്കുന്ന രംഗങ്ങളും ലഭിച്ചു.
തിങ്കളാഴ്ച മർദനമേറ്റ ആലപ്പുഴ സ്വദേശിയുടെ മൊഴി പൊലീസ് വീണ്ടുമെടുത്തു. ഇയാളുമായി കോയിപ്രം ആന്താലിമണ്ണിലെ ജയേഷിന്റെ വീട്ടിലെത്തി തെളിവുകളും ശേഖരിച്ചു. മർദിച്ച രീതി ഇയാൾ പൊലീസിനെ കാട്ടിക്കൊടുത്തു. സൈക്കിൾ ചെയിൻ അടക്കമുള്ളവ ഉപയോഗിച്ചും മർദിച്ചിരുന്നു. ഇവ തെളിവെടുപ്പിൽ തിരിച്ചറിഞ്ഞു. അടുത്ത ദിവസം റാന്നി സ്വദേശിയായ 29കാരനെയും വീട്ടിലെത്തിച്ച് നടന്ന സംഭവം പൊലീസ് ചോദിച്ചറിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.