പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ

ആലപ്പുഴയിൽ രണ്ടിടത്ത് പൊലീസുകാർക്ക് നേരെ പ്രതികളുടെ ആക്രമണം

ആലപ്പുഴ: ജില്ലയിലെ രണ്ടിടങ്ങളിൽ പൊലീസുകാർക്ക് നേരെ പ്രതികളുെട ആക്രമണം. സൗത്ത് സ്റ്റേഷനിലെ സി.പി.ഒ സജീഷിനും കുത്തിയതോട് സ്റ്റേഷനിലെ സി.പി.ഒ വിജേഷിനുമാണ് പരിക്കേറ്റത്. ഇവരിൽ സജീഷിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും വിജേഷിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രി ആലപ്പുഴയിലെ വലിയ ചുടുകാടിന് തെക്കുഭാഗത്താണ് സംഭവം. വെട്ട് കേസിലെ പ്രതിയായ കപിൽ ഷാജിയെ പിടികൂടാൻ സൗത്ത് സി.ഐയുടെ നേതൃത്വത്തിൽ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം നടന്നത്. കബിൽ ഷാജിയും സഹോദരൻ ലിനോജും പൊലീസുകാർക്ക് നേരെ വടിവാൾ വീശിയപ്പോഴാണ് സജീഷിന്‍റെ കൈപ്പത്തികൾക്ക് വെട്ടേറ്റത്. ഇരുകൈകളിലുമായി 24 തുന്നലുണ്ട്. ഉന്തിലും തള്ളിലും സൗത്ത് സി.ഐ അടക്കം പൊലീസുകാർക്കും പരിക്കേറ്റു.

രാത്രി എട്ടുമണിയോടെ കൃഷ്ണ നിവാസിൽ ജീവൻകുമാറിന്‍റെ വീട്ടിൽ കപിൽ ഷാജിയും ലിനോജും മാരകായുധവുമായി എത്തിയതാണ് സംഭവത്തിന് തുടക്കം. ജീവൻ കുമാറിന്‍റെ ഇളയമകനെ തേടിയാണ് കപിൽ ഷാജിയും ലിനോജും എത്തിയത്. തേടിയെത്തിയ ആൾ ഇല്ലാതിരുന്നതോടെ കൈയ്യിലുണ്ടായിരുന്ന വടിവാൾ അക്രമികൾ വീശിയപ്പോൾ ജീവൻ കുമാറിനും മൂത്തമകനും പരിക്കേറ്റു. വിവരമറിഞ്ഞെത്തിയ പൊലീസ് ലിനോജിനെ പിടികൂടാൻ നടത്തിയ ശ്രമത്തിനിടെയാണ് സജീഷിന് വെട്ടേറ്റത്.

കോടംതുരുത്തിൽ സഹോദരങ്ങൾ തമ്മിലുള്ള വാക്കുതർക്കവും അടിപിടിയും പരിഹരിക്കാൻ എത്തിയപ്പോഴാണ് കുത്തിയതോട് സ്റ്റേഷനിലെ പൊലീസുകാരൻ വിജേഷിന് കുത്തേറ്റത്. അടിപിടി നടത്തിയതിൽ ഒരാൾ കത്തി കൊണ്ട് വിജേഷിന്‍റെ നെഞ്ചിൽ കുത്തുകയായിരുന്നു. ഇയാളെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല. വലിയ ചുടുക്കാട്ടിലെ സംഭവത്തിന് ശേഷം കപിൽ ഷാജി ഒളിവിൽ പോയി. എന്നാൽ, സഹോദരൻ ലിനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോടംതുരുത്ത് കേസിൽ രണ്ടു പേർ കസ്റ്റഡിയിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.