തിരുവനന്തപുരം: ഇഷ്ടക്കാരെ പൊലീസ് മേധാവി കസേരയിലിരുത്താൻ വിചിത്ര നടപടിയുമായി ആഭ്യന്തരവകുപ്പ്. ഡി.ജി.പി സ്ഥാനത്തിന് കൂടുതൽ സാധ്യതയുള്ള രണ്ടുപേരോടും സ്ഥാനം വേണ്ടെന്ന് എഴുതിക്കൊടുക്കാനാണ് സംസ്ഥാന സർക്കാർ നിർദേശം. സംസ്ഥാനം നൽകിയ ആറുപേരുടെ പട്ടികയിൽ അഞ്ചും ആറും സ്ഥാനക്കാരും എ.ഡി.ജി.പിമാരുമായ സുരേഷ് രാജ് പുരോഹിത്, എം.ആർ. അജിത്കുമാർ എന്നിവർക്ക് കേന്ദ്രം നിഷ്കർഷിക്കുന്ന 30 വർഷത്തെ സർവിസും ഡി.ജി.പി റാങ്കുമില്ല. ഇവരിൽ ഒരാൾക്ക് മുൻഗണന ലഭിക്കാനാണ് സർക്കാർ നീക്കമെന്നാണ് ആക്ഷേപം.
പട്ടികയിലെ ഒന്നാം സ്ഥാനക്കാരനായ നിതിൻ അഗർവാളിനെ കേന്ദ്രംതന്നെ പരിഗണിക്കാനിടയില്ലാത്ത സാഹചര്യത്തിൽ രണ്ടും മൂന്നും സ്ഥാനക്കാരായ രവത ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരിൽ ഒരാൾക്കായിരുന്നു മുൻതൂക്കം. എന്നാൽ, ഇരുവരോടും പൊലീസ് മേധാവി പട്ടികയിൽനിന്ന് സ്വമേധയാ ഒഴിവാകണമെന്ന് ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടതാണ് വിവാദമായത്. ഒഴിവായാൽ മാത്രമേ യോഗേഷിന് കേന്ദ്ര ഡെപ്യൂട്ടേഷനുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകൂവെന്നും അറിയിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള രവത ചന്ദ്രശേഖറിനോടും പട്ടികയിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്ര അന്വേഷണ ഏജൻസികളിലെ നിയമനത്തിനുള്ള പാനലിലേക്ക് യോഗേഷ് ഗുപ്തയെ പരിഗണിക്കാൻ ഏപ്രിൽ അവസാനം കേന്ദ്രം ക്ലിയറൻസ് ആവശ്യപ്പെട്ടിരുന്നു. വിജിലൻസ് കേസോ അന്വേഷണമോ ഉണ്ടോ എന്നതുസംബന്ധിച്ച് ചീഫ് സെക്രട്ടറി പൊലീസ് മേധാവിയിൽനിന്ന് റിപ്പോർട്ട് വാങ്ങിയിട്ടും സർട്ടിഫിക്കറ്റ് നൽകിയില്ല. തുടർന്ന്, ജൂൺ ഒന്നിന് യോഗേഷ് ഗുപ്ത മുഖ്യമന്ത്രിയുടെ പോർട്ടലിൽ പരാതിനൽകി. പോര്‍ട്ടല്‍ വഴി മുഖ്യമന്ത്രിക്ക് പരാതി നല്കുന്ന ആദ്യ ഡി.ജി.പി യോഗേഷായിരിക്കും. ആ പരാതിയിലും നടപടിയുണ്ടായില്ല.
തുറന്ന പോരാട്ടത്തിലൂടെ യോഗേഷിന്റെ സാധ്യതകളടഞ്ഞതോടെ രവത ചന്ദ്രശേഖറിനായി കൂടുതൽ സാധ്യത. എന്നാൽ, കേന്ദ്രത്തിൽ ഉന്നത പദവിയിലായതിനാൽ പൊലീസ് മേധാവിയാകാൻ പരിഗണിക്കേണ്ടെന്ന് എഴുതിനൽകാൻ സർക്കാർ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹവും ആവശ്യം തള്ളി. 10 വർഷമായി ഐ.ബിയിലുള്ളതിനാൽ രവത കേന്ദ്രത്തിന്റെ ആളാണോയെന്നാണ് സർക്കാറിന്റെ സംശയം. കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവിട്ടതിന് സസ്പെൻഷനിലായ ഉദ്യോഗസ്ഥനാണെന്നതും രവതയെ സർക്കാറിന് അനഭിമതനാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.