കൊച്ചി: ഭാര്യ പുനർവിവാഹം ചെയ്തുവെന്നത് വാഹനാപകടത്തിൽ മുൻ ഭർത്താവ് മരിച്ചതിന്റെ നഷ്ടപരിഹാരം ലഭിക്കാൻ തടസ്സമല്ലെന്ന് ഹൈകോടതി. പുനർവിവാഹത്തിന്റെ പേരിൽ നഷ്ടപരിഹാരം നിഷേധിക്കുന്നത് വിധവകളുടെ പുനർവിവാഹത്തെ കോടതി നിരുത്സാഹപ്പെടുത്തുന്നതിന് തുല്യമാകുമെന്നും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ വ്യക്തമാക്കി. ജോലിയും പുനർവിവാഹവും പരിഗണിച്ച് ആശ്രിത എന്ന നിലയിലുള്ള നഷ്ടപരിഹാരം നിഷേധിച്ച മോട്ടോർ വാഹന ട്രൈബ്യൂണൽ ഉത്തരവ് ചോദ്യം ചെയ്ത് കൊല്ലം സ്വദേശിനി നൽകിയ ഹരജിയിലാണ് ഉത്തരവ്. ട്രൈബ്യൂണൽ അനുവദിച്ച 4.60 ലക്ഷം രൂപയുടെ നഷ്ടപരിഹാരം 16.25 ലക്ഷമായി വർധിപ്പിക്കുകയും ചെയ്തു.
2009 ജൂൺ 16ന് ഹരജിക്കാരിയുടെ ഭർത്താവ് വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ട്രൈബ്യൂണലിൽ ഹരജി നൽകിയത്. എന്നാൽ, ഭർത്താവ് മരിക്കുമ്പോൾ ഹരജിക്കാരിക്ക് ജോലിയുണ്ടായിരുന്നുവെന്നതും പിന്നീട് പഞ്ചായത്ത് ജീവനക്കാരനെ വിവാഹം കഴിച്ചതും പരിഗണിച്ച് ആശ്രിത എന്ന നിലയിലുള്ള നഷ്ടപരിഹാരത്തിന് അർഹതയില്ലെന്ന് വിലയിരുത്തിയ ട്രൈബ്യൂണൽ, കുറഞ്ഞ തുക നഷ്ടപരിഹാരമായി വിധിക്കുകയായിരുന്നു. പുനർവിവാഹത്തോടെ ഹരജിക്കാരിയുടെ ആശ്രിതത്വം പുതിയ ഭർത്താവിലേക്ക് മാറിയെന്നായിരുന്നു ഇൻഷുറൻസ് കമ്പനി വാദം.
എന്നാൽ, നഷ്ടപരിഹാരം തേടി ഹരജി നൽകുമ്പോൾ യുവതി പുനർ വിവാഹിതയായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അപകട സമയത്തെ വൈവാഹിക അവസ്ഥയാണ് കണക്കിലെടുക്കേണ്ടത്. ജോലിയുണ്ടായിരുന്നുവെന്നതുകൊണ്ട് ആശ്രിതയെന്ന പേരിലെ നഷ്ടപരിഹാരത്തിനുള്ള അർഹതയും ഇല്ലാതകുന്നില്ല. ചെറുപ്രായത്തിൽ ഭർത്താവ് മരിച്ചതാണ് പുനർവിവാഹത്തിന് കാരണമായതെന്നത് പരിഗണിക്കാതിരുന്ന ട്രൈബ്യൂണൽ നടപടി ന്യായീകരണമില്ലാത്തതണെന്നും കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.