കൊച്ചി: അറബിക്കടലിന്റെ അടിത്തട്ടിൽ ഉയർന്ന് നിൽക്കുന്ന മലകളോട് (സീമൗണ്ട്) ചേർന്ന് കാണപ്പെടുന്ന കൂന്തൾ, കണവ, നീരാളി വർഗയിനങ്ങളുടെ ലഭ്യതയും ജൈവവൈവിധ്യവും പഠനവിധേയമാക്കുന്ന ആഴക്കടൽ ഗവേഷണത്തിന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) തുടക്കമിട്ടു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ധനസഹായത്തോടെ രണ്ട് വർഷം നീളുന്നതാണ് 4.986 കോടി രൂപയുടെ ഗവേഷണ പദ്ധതി.
സീമൗണ്ട് കേന്ദ്രീകരിച്ച് വസിക്കുന്ന കൂന്തൾ, കണവ, നീരാളി തുടങ്ങിയവയുടെ വൈവിധ്യം, പരിസ്ഥിതി, ലഭ്യത, ജീവിത രീതികൾ എന്നിവ പഠനം നടത്തും. ഈ മത്സ്യയിനങ്ങളെ തിരിച്ചറിയാൻ നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ സംവിധാനങ്ങൾ വികസിപ്പിക്കും. കേന്ദ്ര സർക്കാറിന്റെ ഡീപ് ഓഷ്യൻ മിഷന്റെ വെർട്ടിക്കൽ-3 പ്രകാരം സൂരത്ത്കൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ട പര്യവേക്ഷണം രണ്ട് ഗവേഷണ സംഘങ്ങളുടെ നേതൃത്വത്തിൽ നടന്നു. സി.എം.എഫ്.ആർ.ഐയുടെ ഗവേഷണ യാനത്തിൽ സീനിയർ സയന്റിസ്റ്റ് ഡോ. ദിവ്യ വിശ്വംഭരന്റെയും സയന്റിസ്റ്റ് എം. കവിതയുടെയും നേതൃത്വത്തിൽ സർവേ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.