'മരണമുറി, അറയ്ക്കല്‍ തറവാട്'; അശ്ലീല ചർച്ചക്കായി പ്രത്യേക ഗ്രൂപ്പുകൾ, രഹസ്യ സന്ദേശങ്ങൾക്ക് കോഡ് ഭാഷ -പൊലീസ് പിടിയിലായത് കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘം

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ സമൂഹമാധ്യമങ്ങൾ വഴി ബന്ധം സ്ഥാപിച്ച് ചൂഷണം ചെയ്യുന്ന സംഘങ്ങൾക്കെതിരെ ജാഗ്രതാ നിർദേശവുമായി പൊലീസ്. നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘത്തെ കോട്ടയം പള്ളിക്കലിൽ കഴിഞ്ഞ ദിവസം പിടികൂടിയതോടെയാണ് ഇവരുടെ പ്രവർത്തന രീതികൾ പുറത്തായത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നിവയിലൂടെ കുട്ടികളുമായി ബന്ധം സ്ഥാപിക്കുകയാണ് ഇവർ ചെയ്യുന്നത്. ഓൺലൈൻ ക്ലാസിന് വേണ്ടി മിക്ക കുട്ടികൾക്കും സ്മാർട്ട് ഫോണുകൾ സ്വന്തമായുള്ള സാഹചര്യം ഇവർ ഉപയോഗിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം 17കാരൻ അടക്കം മൂന്ന് പേരാണ് പള്ളിക്കൽ പൊലീസിന്‍റെ പിടിയിലായത്. കോട്ടയം മുണ്ടക്കയം, എരുമേലി വടക്ക് പുഞ്ചവയൽ കോളനിയിൽ ചലഞ്ച് ഷൈൻ എന്ന് വിളി ക്കുന്ന ഷൈൻ (20), ചൊള്ളാമാക്കൽ വീട്ടിൽ ജോബിൻ (19), ചാത്തന്നൂർ സ്വദേശിയായ 17 കാരൻ എന്നിവരാണ് അറസ്റ്റിലായത്.


'മരണമുറി, അറക്കൽ തറവാട് ' എന്നിങ്ങനെ പേരുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളാണ് ഇവർ ഇത്തരം പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചത്. പെൺകുട്ടികളുമായി ബന്ധം സ്ഥാപിച്ച് ഇത്തരം ഗ്രൂപ്പുകളിൽ ആഡ് ചെയ്യുകയാണ് രീതി.

പള്ളിക്കൽ സ്വദേശിയായ 15കാരിയെ മൂവർസംഘം ഇത്തരത്തിലാണ് ഇരയാക്കിയത്​. സാമൂഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടികളുടെ മൊബൈൽ നമ്പർ കണ്ടെത്തി റോങ്ങ് നമ്പർ എന്ന വ്യാജേന വിളിച്ചു പരിചയപ്പെടുകയായിരുന്നു. തുടർന്ന് ലൈംഗിക കാര്യങ്ങൾ ചർച്ച ചെയ്യുന്ന ഗ്രൂപ്പുകളിൽ ഉൾപ്പെടുത്തുകയും മറ്റുള്ളവർക്ക് നമ്പർ കൊടുക്കുകയും ചെയ്തു.


ഫോണിലൂടെ പരിചയപ്പെട്ടശേഷം, വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തി ലൈംഗിക കാര്യങ്ങൾക്ക്​ പെൺകുട്ടിയെ ഇവർ പ്രേരിപ്പിച്ചു. പെൺകുട്ടിയുടെ സ്വഭാവത്തിൽ മാറ്റം കണ്ട കുടുംബാംഗങ്ങൾ പള്ളിക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.


പ്രതികളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽനിന്നും നിരവധി പെൺകുട്ടികളുമായി ബന്ധം സ്​ഥാപിച്ചതിന്‍റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഗ്രൂപ്പുകളില്‍ അംഗങ്ങളായവരില്‍ ഭൂരിഭാഗവും ലഹരിയുപയോഗത്തിന് അടിമകളാണ്. മനോനില തകരാറിലായതും അക്രമവാസന പുലര്‍ത്തുന്നതുമായ നിലയിലാണ് ഇവരുടെ പെരുമാറ്റവും, സാമൂഹികമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന സന്ദേശങ്ങളും. വ്യത്യസ്ത ജില്ലകളില്‍ നിന്നുള്ളവരാണ് ഗ്രൂപ്പ് അംഗങ്ങളില്‍ പലരും. രഹസ്യസന്ദേശങ്ങള്‍ കൈമാറുന്നതിന് കോഡ് ഭാഷകള്‍ ഇവര്‍ ഉപയോഗിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. 



ഇത്തരം ഗ്രൂപ്പുകൾ സൈബർ വിങ്ങിന്‍റെ നിരീക്ഷണത്തിലാണെന്നും കുട്ടികളുടെ ഫോൺ ഉപയോഗം സംബന്ധിച്ച് രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും പൊലീസ് നിർദേശിക്കുന്നു.

Tags:    
News Summary - Police arrested child exploiting gang

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.