''ധാർമികത നഷ്ടപ്പെടുത്തുന്ന തീരുമാനങ്ങൾ പിൻവലിക്കേണ്ടി വരുമെന്നുള്ളത് ഉറപ്പാണ്'', ലിംഗ സമത്വ പാഠ്യപദ്ധതി പരിഷ്കാരത്തിൽ പ്രതികരണവുമായി പി.എം.എ സലാം

ലിംഗ സമത്വ പാഠ്യപദ്ധതി കരടിൽ മാറ്റം വരുത്തിയ സർക്കാർ നടപടിയിൽ പ്രതികരണവുമായി മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. വിദ്യാഭ്യാസ മേഖലയിലെ സങ്കീർണമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കാതെ ഇതുപോലെ ജനങ്ങളുടെ ശത്രുത വിളിച്ചുവരുത്തുന്നതും ധാർമികത നഷ്ടപ്പെടുത്തുന്നതുമായ തീരുമാനങ്ങളുമായി വരുമ്പോൾ പിൻവലിക്കേണ്ടി വരുമെന്നുള്ളത് ഉറപ്പാണെന്നും അതുതന്നെയാണ് ഇവിടെയും സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലെ സമൂഹ മധ്യത്തിൽ അപഹാസ്യരായി തീരുമാനങ്ങൾ പിൻവലിക്കേണ്ടി വന്ന ഘട്ടങ്ങൾ ഒരുപാടുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

''ഇത്തരം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന കാര്യങ്ങളുമായി വരുമ്പോൾ ചിന്തയും സമൂഹത്തിലെ മറ്റുള്ളവരുമായി ചർച്ചയും പതിവാണ്. ഇടതുമുന്നണിക്ക് എല്ലാ കാലത്തും നഷ്ടപ്പെടുന്നത് അതാണ്. അവരുടെ ചില താൽപര്യക്കാർ പറയുന്നതിനനുസരിച്ച് ഓരോ വകുപ്പിലും കാര്യങ്ങൾ നടക്കുകയാണ്. എവിടെനിന്നാണ് ഇത് വരുന്നതെന്ന് അറിയില്ല. അവസാനം വഷളായി, സമൂഹ മധ്യത്തിൽ അപഹാസ്യരായി പിൻവലിക്കേണ്ടി വന്ന ഘട്ടങ്ങൾ ഒരുപാടുണ്ടായിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിൽ ഇത്തരം പരിഷ്കാരങ്ങൾ പതിവാണ്. നേരത്തെ അറബി ഭാഷക്കെതിരെയുണ്ടായ സമരം നമുക്കറിയാം. അതിനു ശേഷം മതമില്ലാത്ത ജീവനുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടായി. ഇതൊക്കെ ഒരു ആലോചനയോ ചർച്ചയോ ഇല്ലാതെ കൊണ്ടുവരുന്നതിന്റെ പ്രതിഫലനമാണ്. ഒരു കാര്യവുമില്ലാതെ സമൂഹത്തിൽ കുഴപ്പങ്ങളുണ്ടാകുക, ജനങ്ങളുടെ എതിർപ്പ് ചോദിച്ചുവാങ്ങുക എന്നത് ഇടതുമുന്നണിയുടെ സ്വഭാവമായി മാറിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ വേറെ നിരവധി പ്രശ്നങ്ങളുണ്ട്. മലപ്പുറം ജില്ലയിൽ മാത്രം അമ്പതിനായിരത്തോളം വിദ്യാർഥികൾ പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാതെ അലയുകയാണ്. അത്തരം സങ്കീർണമായ, ജനങ്ങളെ ബാധിക്കുന്ന, കേരളത്തിന്റെയും ഇന്ത്യയുടെയും ഭാവിയെ ബാധിക്കുന്ന ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ട് അതിനെ അഡ്രസ് ചെയ്യാൻ നിൽക്കാതെ ഇതുപോലെ ജനങ്ങളുടെ ശത്രുത വിളിച്ചുവരുത്തുന്നതും ധാർമികതയെ നഷ്ടപ്പെടുത്തുന്നതുമായ തീരുമാനങ്ങളുമായി വരുമ്പോൾ പിൻവലിക്കേണ്ടി വരുമെന്നുള്ളത് ഉറപ്പാണ്. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്'' അദ്ദേഹം പറഞ്ഞു.

Tags:    
News Summary - PMA Salam reacts on gender neutral curriculum reform

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.