ന്യൂഡൽഹി: സമഗ്ര ശിക്ഷാ കേരളം പദ്ധതിയുടെ കേന്ദ്ര കുടിശ്ശിക ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ കണ്ട് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നുവെന്നും കേന്ദ്രം അനുഭാവപൂർവം നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പി.എം ശ്രീയുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പം ഉണ്ടെന്നും സംസ്ഥാനം ഉപസമിതിയെ വെച്ചിട്ടുണ്ടെന്നും കൂടിക്കാഴ്ചയിൽ വാക്കാൽ അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് അനുകൂലമായോ പ്രതികൂലമായോ ഒന്നും മന്ത്രി പറഞ്ഞില്ലെന്നും ശിവൻകുട്ടി വിശദീകരിച്ചു. ഫണ്ട് നഷ്ടപ്പെടാതിരിക്കാനുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി, ഇനി എല്ലാം വരുന്നിടത്തുവെച്ച് കാണാമെന്നും ഉപസമിതി റിപ്പോർട്ട് വന്നതിന് ശേഷമേ കത്ത് നൽകൂവെന്നും വ്യക്തമാക്കി.
വിദ്യാർഥികൾ വന്ദേഭാരത് ട്രെയിനിനുള്ളിൽ ഗണഗീതം പാടിയതും അതിന്റെ വിഡിയോ ദക്ഷിണ മേഖല റെയിൽവേയുടെ ഔദ്യോഗിക പേജിൽ പങ്കുവെച്ചതും അത്യന്തം ഗൗരവമേറിയതാണ്. അന്വേഷണം നടത്തി അച്ചടക്ക നടപടിയെടുക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിദ്യാഭ്യാസ ഡയറക്ടറെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും ബാക്കി കാര്യങ്ങൾ തീരുമാനിക്കുക. സി.ബി.എസ്.ഇ സ്കൂളുകൾക്ക് അംഗീകാരം കിട്ടണമെങ്കിൽ സംസ്ഥാനത്തിന്റെ അനുമതി വേണമെന്നും എൻ.ഒ.സി ഏത് സമയവും റദ്ദാക്കാൻ സർക്കാറിന് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു.
ജനുവരിയിൽ തിരുവനന്തപുരത്ത് നടക്കുന്ന ‘കേരള എജുക്കേഷൻ കോൺക്ലേവ് 2026’ൽ മുഖ്യാതിഥിയായി ധർമേന്ദ്ര പ്രധാൻ പങ്കെടുക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.