മലപ്പുറം: കോൺഗ്രസിന്റെ വയനാട് പുനരധിവാസം വൈകാൻ കാരണം സർക്കാറിനെ വിശ്വസിച്ചു പോയതാണെന്ന് മുസ്‍ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവിനെയും എന്നെയും വിളിച്ചിട്ട് സർക്കാർ പ്രോജക്ടുമായി സഹകരിക്കാൻ പ്രത്യേകമായി സംസാരിച്ചിരുന്നു. ആ സന്ദർഭത്തിൽ ഭൂമി കിട്ടും എന്നുള്ള വിശ്വാസത്തിൽ കോൺഗ്രസും ഞങ്ങളും കാത്തിരുന്നു. അങ്ങനെയാണ് ഇത്ര കാലതാമസമെടുത്തത് -അദ്ദേഹം പറഞ്ഞു.
‘കോൺഗ്രസിനെ കുറ്റം പറയാൻ പറ്റില്ല, അവർ സർക്കാറിനെ വിശ്വസിച്ചു പോയി. അതാണ് വൈകാൻ കാരണം. അവർക്ക് കർണാടകയിൽനിന്നുള്ള സോഴ്സസ് മുഴുവൻ സർക്കാർ പദ്ധതിയിലേക്ക് കൊടുത്തില്ലേ. ഗവൺമെന്റിന്റെ പ്രോജക്റ്റ് വല്ലാതെ താമസിക്കുമെന്ന് ഒരു ഘട്ടം എത്തിയപ്പോഴാണ് കോൺഗ്രസിന് മനസ്സിലായത്. നമ്മൾ നമ്മുടെ ഡ്യൂട്ടി നിർവഹിക്കണം എന്ന് രാഹുൽ ഗാന്ധി നിർബന്ധം പിടിച്ചു. പെട്ടെന്നുതന്നെ കെ.സി വേണോപാലിനെ അങ്ങോട്ട് അയച്ചു. പ്രതിപക്ഷ നേതാവടക്കം എല്ലാവരും കൂടി വേഗം സ്ഥലം വാങ്ങലും മറ്റുകാര്യങ്ങളും ഒക്കെ നടത്തി. സത്യസന്ധമായി ഉണ്ടായത് അതാണ്. ഞാൻ ഗവൺമെന്റിന്റെ ചടങ്ങിലും കോൺഗ്രസ് ചടങ്ങിലും പങ്കെടുത്തിരുന്നു.
സർക്കാരിന്റെ പ്രോജക്റ്റിൽ വിശ്വാസം അർപ്പിച്ച് ഞങ്ങളൊക്കെ ആദ്യഘട്ടത്തിൽ സഹകരിക്കുകയാണ് ചെയ്തത്. സർക്കാരിന്റെ പദ്ധതി വല്ലാതെ വൈകിയപ്പോൾ ഞങ്ങൾ വേഗം ചെയ്തു. കോൺഗ്രസിന് ചെറിയ താമസം വന്നു. പക്ഷേ, സർക്കാരിന്റെ പദ്ധതി അനന്തമായി പോവുകയാണെന്ന് അവരും തിരിച്ചറിഞ്ഞു. ഇതാണ് ഉണ്ടായത്. അവിടെ ദുരന്തം നേരിട്ട് ബാധിച്ചവർ മാത്രമല്ല, അതിന്റെ അനുബന്ധമായി കഷ്ടത അനുഭവിക്കുന്ന ഒരുപാട് ആളുകളും ഉണ്ട്. അവർക്ക് കോൺഗ്രസിന്റെ പദ്ധതി വളരെയധികം പ്രയോജനപ്പെടും എന്നാണ് എന്റെ അഭിപ്രായം’ -കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദുരന്തബാധിതർക്ക് മുസ്‍ലിം ലീഗ് നിർമിച്ച 51 വീടുകളിൽ ഇന്ന് ഗൃഹപ്രവേശനം നടത്തുന്നതോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സർക്കാരിനെ കാത്തുനിന്ന് കർണാടക ഗവൺമെന്റ് പൈസ കൊടുത്തു. അതുപോലെ കോൺഗ്രസും പൈസ കൊടുത്തു. എംഎൽഎമാരും കൊടുത്തു. ഗവൺമെന്റ് പദ്ധതിയിൽ വിശ്വാസം അർപ്പിച്ചു നിന്നവർ എല്ലാവരും ഒരു ഘട്ടം എത്തിയപ്പോഴാണ് പെട്ടുപോയി എന്ന് തിരിച്ചറിഞ്ഞത്. ഞങ്ങൾ ഇതിൽ വളരെ കോൺഷ്യസ് ആയിരുന്നു. ഈ പ്രോജക്റ്റിന്റെ ഫോളോ അപ്പിന് വേണ്ടി ഞാൻ റവന്യൂ മന്ത്രിയുടെ ഓഫിസിൽ പോയി. ഡിലേ ആകുമെന്ന് എനിക്ക് മനസ്സിലായി. അപ്പോൾ തന്നെ പാർട്ടിയിൽ റിപ്പോർട്ട് ചെയ്തു. സ്വാദിഖലി തങ്ങൾ പറഞ്ഞു, സ്ഥലം വാങ്ങാൻ. അല്പം വില കൂടുതൽ കൊടുക്കേണ്ടി വന്നു. എങ്കിലും ഞങ്ങൾ അധിക ചിലവ് കണക്കാക്കാതെ മുന്നോട്ടു പോയി. അതാണ് ഉണ്ടായത്’ -അദ്ദേഹം പറഞ്ഞു.
‘ഞങ്ങൾ ആറുമാസം സർക്കാരിന്റെ പദ്ധതിയുമായി സഹകരിച്ച് കാത്തിരുന്നവരാണ്. അത് നടക്കാൻ പോകുന്നില്ലെന്നും ഒരുപാട് താമസിക്കുമെന്നും പിന്നീട് മനസ്സിലായി. ഉടൻ ഞങ്ങളുടേതായ വഴിക്ക് തിരിഞ്ഞു. പ്രവർത്തകരുടെതടക്കം ആത്മാർത്ഥമായ സപ്പോർട്ട് ആണ് ഈ കാര്യത്തിൽ ഹെൽപ് ചെയ്തത്. പാണക്കാട് കുടുംബത്തിന്റെ ഇന്റഗ്രിറ്റി കാത്തുസൂക്ഷിച്ചു പോകുന്നവരാണ് പാർട്ടി. അതുകൊണ്ട് പറഞ്ഞ വാക്ക് പാലിക്കണം. രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ജാതിമത ഭേദമന്യെ കൊണ്ടുപോവുക എന്നത് ഞങ്ങളുടെ പ്രിൻസിപ്പിൾ ആണ്.
കേരളത്തിൽ പല കാര്യങ്ങളിലും വിമർശനം വരും. പക്ഷേ, നമ്മൾ സത്യസന്ധത പാലിച്ചാൽ പിന്നെ പ്രശ്നമില്ല. ഇതുവരെ 51 വീട് പൂർത്തിയാക്കി. ഒരുപാട് സന്നദ്ധ സംഘടനകൾ അവിടെ വീട് കൊടുത്തിട്ടുണ്ട്. അതൊക്കെ ഒന്നും രണ്ടും ഒക്കെയാണ്. ഇത്രയധികം ഒന്നിച്ച് നൽകാൻ സാധിച്ചത് വളരെയധികം സന്തോഷമായി. 105 വീടാണ് ഞങ്ങളുടെ ലക്ഷ്യം. ബാക്കിയുള്ളവയുടെ പണി വേഗം പൂർത്തിയാക്കും. ഇന്ന് വീട്ടുകാരാണ് ഭക്ഷണമൊരുക്കി ചടങ്ങ് സംഘടിപ്പിക്കുന്നത്. ഞങ്ങൾ മൂന്നു നാല് നേതാക്കന്മാരെ ക്ഷണിച്ചിട്ടുണ്ടെന്ന് മാത്രമേ ഉള്ളൂ. അവരുടെ കുടുംബത്തിന്റെ ഗൃഹപ്രവേശനമാണ്. അതിൽ പങ്കെടുക്കാനാണ് ഞങ്ങൾ പോകുന്നത്.
വീട് നിർമ്മിച്ച് നൽകുക മാത്രമല്ല ചെയ്തത്. ആ വീടുകളിൽ ആവശ്യമായ ഫർണിച്ചർ, ഒരു മാസത്തേക്കുള്ള ഭക്ഷ്യകിറ്റ് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. കാരണം, ഈ കുടുംബങ്ങളൊക്കെ വളരെ ബുദ്ധിമുട്ടിലാണ്. വാടക വീടുകളിൽ എല്ലാവരുടെയും സപ്പോർട്ടിലായിരുന്നു ജീവിതം. ജില്ല കമ്മിറ്റി, സംസ്ഥാന ഭാരവാഹികൾ, കരാറുകാർ, ആർക്കിടെക്റ്റ് തുടങ്ങി എല്ലാവരും ആത്മാർഥമായി അവരെ ഏൽപിച്ച ജോലി ചെയ്തു. ഒന്നിലും ഒരു കോംപ്രമൈസും ചെയ്തിട്ടില്ല.
ഓരോ വർക്കും അതത് മേഖലയിൽ പ്രശസ്തരായ കമ്പനികളെയാണ് ഏൽപ്പിച്ചത്. അവരുടെ ഇന്റഗ്രിറ്റി തെളിയിക്കുക എന്നതിൽ അവർക്ക് വാശി ഉണ്ടായിരുന്നു. അതാണ് ഈ പ്രോജക്ട് ഇത്രയും ഭംഗിയായി പൂർത്തിയാക്കാനായത്. അവിടെ ടൗൺഷിപ്പിന്റെ പണി തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങളും ടൗൺഹാളും അടക്കം ഒരുപാട് അധിക സൗകര്യങ്ങൾ വരും.
രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതോടുകൂടി തന്നെ നമ്മളാൽ കഴിയുന്ന സഹായ പ്രവർത്തനങ്ങളും സമൂഹത്തിന് ചെയ്യുന്ന പാർട്ടിയാണ് മുസ്‍ലിം ലീഗ്. അത് ഞങ്ങളുടെ മൂലതത്വമാണ്, ഞങ്ങളുടെ കൾച്ചർ ആണ്. ഓരോ പഞ്ചായത്തിലും ലീഗിന്റെ ഡയാലിസ് സെന്ററുകൾ വന്നുകൊണ്ടിരിക്കുകയാണ്. അവിടെ, രോഗികൾ മാത്രമാണുള്ളത്. ജാതിയും മതവും ഒന്നുമല്ല. ജീവകാരുണ്യ പ്രവർത്തനത്തിന് ഞങ്ങൾ കൊടുക്കുന്ന ഫോക്കസ് രാഷ്ട്രീയത്തിനൊക്കെ അതീതമാണ്. പുണ്യപ്രവർത്തിയായതിനാൽ പ്രതിഫലം ലഭിക്കുമെന്ന വിശ്വാസമുണ്ട്. ആ സദ്പ്രവൃത്തി എല്ലാ നിലയിലും ഞങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കുകയും ചെയ്യും -കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്‍ലിം ലീഗ് ഒരുക്കിയ 51 സ്നേഹ വീടുകളിലാണ് ദുരന്തബാധിതർ ഇന്ന് താമസം തുടങ്ങുന്നത്. വൈകീട്ട് നാലിന് തൃക്കൈപ്പറ്റയിൽ നടക്കുന്ന ചടങ്ങിൽ ദുരന്തബാധിതരുടെ അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും സംബന്ധിക്കുക. മറ്റുള്ളവർക്ക് പ്രവേശനമില്ല. ഗുണഭോക്താക്കളുടെ ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന പരിപാടിയായതിനാൽ അവരുടെ സ്വകാര്യത മാനിക്കണമെന്നും അനിയന്ത്രിതമായേക്കാവുന്ന ജനത്തിരക്ക് കണക്കിലെടുത്താണ് നിയന്ത്രണമെന്നും മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം പറഞ്ഞു.
മുസ്‍ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിർമിക്കുന്ന 105 വീടുകളിൽ 51 എണ്ണത്തിലാണ് ആദ്യഘട്ടത്തിൽ ഗൃഹപ്രവേശനം നടക്കുന്നത്. ഇവയുടെ സമർപ്പണം കഴിഞ്ഞ ഫെബ്രുവരി 28ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചിരുന്നു.
മുട്ടിൽ-മേപ്പാടി സംസ്ഥാന പാതയോട് ചേർന്ന് തൃക്കൈപ്പറ്റ വെള്ളിത്തോടാണ് എട്ടു സെന്റിൽ 1060 ചതുരശ്രയടിയിൽ വീടുകൾ നിർമിച്ചിരിക്കുന്നത്. മൂന്ന് കിടപ്പുമുറികൾ, രണ്ട് ശൗചാലയങ്ങൾ, അടുക്കള, ഡൈനിങ് ഹാൾ, വർക്ക് ഏരിയ, സിറ്റൗട്ട്, കട്ടപാകിയ മുറ്റം, മുൻവശത്ത് ഏഴു മീറ്റർ വീതിയിൽ ടൈൽ പാകിയ റോഡ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. ശുദ്ധജലത്തിന് കിണർ കുഴിച്ച് ടാങ്ക് സജ്ജീകരിച്ചിട്ടുണ്ട്. വീടുകൾക്കാവശ്യമായ ഫർണിച്ചറും മുസ്‍ലിം ലീഗാണ് നൽകിയത്. ആവശ്യമെങ്കിൽ രണ്ടാംനില പണിയാനുള്ള തറബലത്തോടെയാണ് നിർമാണം.
സർക്കാറിന്റെ ഗുണഭോക്തൃപ്പട്ടികയിൽ ഉൾപ്പെടുകയും എന്നാൽ, സർക്കാർ നൽകുന്ന വീട് വേണ്ടെന്നുവെച്ച് മുസ്‍ലിം ലീഗിന് അപേക്ഷ നൽകുകയും ചെയ്തവരെയാണ് ഇവിടേക്ക് പരിഗണിച്ചത്. മേപ്പാടി പഞ്ചായത്തിൽത്തന്നെ വീടുകൾ വേണമെന്ന ദുരന്തബാധിതരുടെ ആവശ്യത്തിന് പരിഗണന നൽകിയാണ് വെള്ളിത്തോട് ഇതിനായി സ്ഥലം വാങ്ങിയത്. രണ്ടാംഘട്ടത്തിൽ നൽകുന്ന വീടുകളുടെ നിർമാണവും പുരോഗമിക്കുകയാണ്. കമ്യൂണിറ്റി ഹാൾ, പാർക്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഇവിടെ ഒരുങ്ങും. ഗൃഹപ്രവേശന ചടങ്ങിൽ മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.