വിജിലന്‍സിനെതിരായ വിമര്‍ശനം; സിംഗിള്‍ ബെഞ്ചിനെ സമീപിച്ച് മാര്‍ഗനിര്‍ദേശം തേടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിജിലന്‍സിനെതിരായ ഹൈകോടതി പരാമര്‍ശത്തില്‍ വിധിപ്രസ്താവിച്ച സിംഗിള്‍ ബെഞ്ചിനെ സമീപിച്ച്  വ്യക്തമായ മാര്‍ഗനിര്‍ദേശം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നേരത്തേ ഇത് സംബന്ധിച്ച് ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസിനെ സമീപിക്കുമെന്നാണ് താന്‍ പറഞ്ഞത്. എന്നാല്‍ അത് അബദ്ധമായിപ്പോയി. നിയമരംഗത്തുള്ള തന്‍െറ അറിവില്ലായ്മയാണ് കാരണം. ജനാധിപത്യ വ്യവസ്ഥിതിയില്‍ കാബിനറ്റ് തീരുമാനങ്ങള്‍ക്കുള്ള പ്രസക്തിയെ സംബന്ധിച്ച് നാഴികക്കല്ലായ പരാമര്‍ശമാണ് ഹൈകോടതി നടത്തിയിരിക്കുന്നത്. അതിനോട് ഒരു വിയോജിപ്പും സര്‍ക്കാറിനില്ളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കാബിനറ്റ് തീരുമാനങ്ങള്‍ക്കെതിരെ വിജിലന്‍സ് നീങ്ങുന്നത് സംബന്ധിച്ച ഹൈകോടതി പരാമര്‍ശം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സംസ്ഥാനത്ത് വിജിലന്‍സ് രാജാണോയെന്ന പരാമര്‍ശത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
നാല് എ.ഡി.ജി.പിമാര്‍ക്ക് ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നല്‍കിയ യു.ഡി.എഫ് സര്‍ക്കാറിന്‍െറ തീരുമാനത്തെ ഈ സര്‍ക്കാറും അംഗീകരിക്കുന്നു. കാബിനറ്റ് ഒരു തീരുമെടുത്താല്‍ അത് തീരുമാനമാണ്. പക്ഷേ വിധിയില്‍ രണ്ടു ഭാഗങ്ങളുണ്ടെന്ന് മനസ്സിലാക്കണം. ഒന്ന് വിജിലന്‍സിനെപ്പറ്റിയും മറ്റൊന്ന് വിജിലന്‍സ് കോടതിയെയും കുറിച്ചാണ്.

നമ്മുടെ നാട്ടില്‍ കുറേയാളുകള്‍ പരാതി നല്‍കാന്‍ മാത്രം ജനിച്ചവരാണ്. അവര്‍ വിജിലന്‍സിലേക്ക് പരാതികള്‍ അയച്ചുകൊണ്ടിരിക്കും. പരാതി ലഭിച്ചാല്‍ അതില്‍ എന്തെങ്കിലും വസ്തുതയുണ്ടോയെന്ന് അന്വേഷിക്കേണ്ടിവരും. വിജിലന്‍സ് അന്വേഷണമെന്നാല്‍ നമ്മുടെ നാട്ടില്‍ എന്തോ വലിയ സംഭവമാണ്. ഇനി അന്വേഷിക്കേണ്ടെന്ന് തീരുമാനിച്ചാല്‍ എന്തുകൊണ്ട് അന്വേഷിക്കുന്നില്ളെന്ന് വിജിലന്‍സ് കോടതി ചോദിക്കും. അതുകൊണ്ട് കോടതിയെ പേടിച്ച് വിജിലന്‍സിന് അന്വേഷിക്കേണ്ടിവരും. വകുപ്പിന്‍െറ പ്രവര്‍ത്തനം ക്രമീകരിക്കുന്നതിനാവശ്യമായ മാര്‍ഗനിര്‍ദേശം തേടാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

Tags:    
News Summary - pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.