കേന്ദ്രഭരണമുണ്ടെന്ന ഭീഷണി ചെലവാകില്ല –പിണറായി

ന്യൂഡല്‍ഹി: കേന്ദ്രഭരണത്തിന്‍െറ ബലത്തില്‍ ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിട്ട 1959ലെ കാലമല്ല ഇതെന്ന് ബി.ജെ.പിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍െറ ഓര്‍മപ്പെടുത്തല്‍. കേന്ദ്രത്തില്‍ ഭരണമുണ്ടെന്ന ഭീഷണി, അത് ഏശുന്നിടത്ത് ചെലവാകും. കാലം മാറി. ’59ല്‍ കേരളത്തില്‍ സര്‍ക്കാറിനെ പിരിച്ചുവിട്ടിട്ടുണ്ട്. എന്നാല്‍, അതിനുശേഷം രാജ്യത്ത് എന്തെല്ലാം മാറി -മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ സംഭവങ്ങളുടെയും മറ്റും പശ്ചാത്തലത്തില്‍ ബി.ജെ.പി ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കുന്നതിനെക്കുറിച്ച വാര്‍ത്തലേഖകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പിണറായി വിജയന്‍. ഏതു പാര്‍ട്ടിയായാലും അക്രമരാഷ്ട്രീയത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ല. നിയമവാഴ്ച ഉറപ്പാക്കും. ക്രമസമാധാനപാലനത്തിന് ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. പുതിയ സാഹചര്യങ്ങളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വീണ്ടും വിളിക്കും.

കേരളത്തിലെ അക്രമങ്ങളില്‍ പ്രതിഷേധിച്ച് ആര്‍.എസ്.എസിന്‍െറ നേതൃത്വത്തില്‍ ചൊവ്വാഴ്ച കേരള ഹൗസിലേക്ക് മാര്‍ച്ചു നടത്തുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍, സംസ്ഥാനത്ത് നടത്തിവരുന്ന ആക്രമണങ്ങളില്‍നിന്ന് ആര്‍.എസ്.എസ് പിന്തിരിയണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടു.  

എയ്ഡഡ് കോളജുകളില്‍ അധ്യാപക നിയമനത്തിന് പണം വാങ്ങുന്നുണ്ടോ എന്ന കാര്യം വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കും. അധ്യാപക നിയമനം പി.എസ്.സിക്ക് വിടാന്‍ ആലോചിക്കുന്നില്ല. സ്വാശ്രയ വിഷയത്തില്‍ താന്‍ നടത്തിയ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എയ്ഡഡ് കോളജുകളില്‍ വിദ്യാര്‍ഥി പ്രവേശനത്തിന് പണംവാങ്ങുന്നത് കൃത്യമായ അഴിമതിയാണ്. അതേക്കുറിച്ച് പറഞ്ഞത് സ്വാശ്രയ മാനേജ്മെന്‍റുകളെപ്പറ്റിയാണെന്ന വ്യാഖ്യാനമാണ് വന്നത്. സ്വാശ്രയക്കാര്‍ പണം വാങ്ങുമെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എയ്ഡഡ് വിദ്യാലയങ്ങളില്‍ പണം വാങ്ങുന്നതും അതും തമ്മില്‍ വ്യത്യാസമുണ്ട്.

റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് കേരളത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെ രാഷ്ട്രപതിയുടെ മെഡലിന് ശിപാര്‍ശ ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയിട്ടില്ല. അബദ്ധം പറ്റിയത് കേന്ദ്രത്തിലാണ്. സംസ്ഥാനത്തുനിന്ന് കൃത്യമായി ലിസ്റ്റ് അയച്ചിട്ടുണ്ട്. എന്നാല്‍, പിന്നീട് കിട്ടിയില്ളെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ഒരു സന്ദേശം അയച്ചാല്‍ സമയമടക്കം ഇന്ന് രേഖയാണ്. അക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ആഭ്യന്തര സെക്രട്ടറിതന്നെ പിഴവ് സമ്മതിച്ചു. മലയാളികള്‍ക്ക് മെഡല്‍ കിട്ടുമോ എന്നു പക്ഷേ, തനിക്ക് പറയാനാവില്ല.

ഐ.എ.എസ് ഉദ്യോഗസ്ഥര്‍ മന്ത്രിസഭയുമായി സഹകരിച്ചുപോകുന്നുണ്ട്. അവര്‍ അവരുടെ ജോലിയെടുക്കുന്നു. ഓരോ പ്രവൃത്തിമേഖലയിലും ആളുകള്‍ പലതരക്കാരാണ്. ചിലര്‍ വികാരപരമായി കാര്യങ്ങള്‍ കാണും. ഇവിടെയും അങ്ങനെ സംഭവിച്ചിട്ടുണ്ടാകും. ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംരക്ഷിക്കും. എന്നാല്‍, വഴിവിട്ടു സംരക്ഷിക്കില്ളെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.