കുട്ടിയെ തട്ടിക്കൊണ്ടുപോകൽ; സി.സി ടി.വിയും തുണക്കുന്നില്ല, പ്രതിയെ പിടികൂടാൻ കഴിയാതെ പൊലീസ്

മാനന്തവാടി: നാലു വയസ്സുകാരിയെ ഇരുചക്രവാഹനത്തിൽ എത്തിയയാൾ തട്ടിക്കൊണ്ടുപോകുകയും പിന്നീട് കുട്ടിയെ കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ പ്രതിയെ പിടികൂടാൻ പൊലീസിനായില്ല. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ദ്വാരക പുലിക്കാട് റോഡരികിലെ വീട്ട് മുറ്റത്ത് കളിക്കുകയായിരുന്ന വട്ടപ്പാറ ബിജുവിന്റെ മകള്‍ ജിയന്നയെ കാണാതായത്. പിന്നീട് 2 മണിക്കൂറിന് ശേഷം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് സി.സി ടി.വി. കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണഷണത്തിലും കാര്യമായ പുരോഗതി ഇല്ലെന്നാണ് സൂചന.

ശനിയാഴ്ച രാത്രി 7.50 ഓടെ പുലിക്കാട് ഭാഗത്ത് നിന്നും ഒരാൾ ഇരുചക്രവാഹനം ഓടിച്ച് ബിജുവിന്റെ വീടിനരികെ എത്തുകയായിരുന്നു. വീടിന് സമീപത്തായി വണ്ടി നിർത്തുകയും വാഹനം ഓഫ് ചെയ്യാതെ വീടിനടുത്തേക്ക് നടക്കുകയുമായിരുന്നു. ഈ സമയം ബിജുവിന്റെ പട്ടി കുരച്ച് ശബ്ദം ഉണ്ടാക്കുകയും ചെയ്തിരുന്നു. അൽപ സമയത്തിനകം ഇയാൾ കുട്ടിയെ വാഹനത്തിലിരുത്തി തിരിച്ചുപോകുന്നതായി റോഡിൽ നിന്നും 60 മീറ്റർ മാറിയുള്ള വീട്ടിലുള്ള സി.സി ടി.വി ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നുണ്ട്.

ഈ വിവരം വെച്ചാണ് പൊലീസ് സി.സി ടി.വികൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. പരിശോധനയിൽ അഞ്ചാംമൈലിലെ ഒരു സി.സി ടി.വി യിലും ഇയാൾ കുട്ടിയുമായി പോകുന്നത് പതിഞ്ഞിരുന്നു. രണ്ടു മണിക്കൂറോളം നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയതിനു ശേഷം, തരുവണ പാലയാണ കക്കടവ് റോഡരികില്‍ കുട്ടിയെ കണ്ടെത്തിയതോടെയാണ് ആശ്വാസമായത്. 10 മണിയോടടുത്ത് തരുവണ പാലയാണ കക്കടവ് റോഡരികില്‍ വെച്ച് കുട്ടിയെ കിട്ടിയതോടെയാണ് നാടിന് ആശ്വാസമായത്.

പൊതുപ്രവര്‍ത്തകന്‍ കൂടിയായ ജോസ് പാലയാണയാണ് ഇവിടെ കുട്ടിയെ കാണുന്നത്. പിന്നീട് പൊലീസും നാട്ടുകാരുമെത്തി കുട്ടിയെ വീട്ടിലെത്തിക്കുകയായിരുന്നു. മാമന്റെ കൂടെയാണ് താന്‍ വന്നതെന്ന് കുട്ടി ജോസിനോടും വീട്ടുകാരോടും പറഞ്ഞിട്ടുണ്ട്. ഇയാൾ കുട്ടിയെ ദേഹോപദ്രവമൊന്നും ഏൽപിച്ചിട്ടില്ല. പിതാവിന്റെ പരാതിയിൽ പൊലീസ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തു. കുട്ടിയെ ചെവിയിലെ സ്വർണാഭരണം ഊരിമാറ്റാൻ ശ്രമിച്ചതോടെ നാലു വയസ്സുകാരി ഇത് ചെറുക്കുകയും ബഹളം വെച്ചതോടെ കുട്ടിയെ റോഡിൽ ഇറക്കി വിടുകയുമായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്.

വാഹന നമ്പറും ആളെയും തിരിച്ചറിയാന്‍ ശ്രമം തുടരുകയാണ്. പൊലീസ് എ .ഐ ചിത്രം ഉൾപ്പെടെ പുറത്ത് വിട്ടിരുന്നു. മാനന്തവാടി ഡിവൈ.എസ്.പി വി.കെ.വിശ്വംഭരന്റെ നേതൃത്വത്തിൽ മാനന്തവാടി വെള്ളമുണ്ട ഐ.പി.മാരായ പി.റഫീഖ്, ബിജു ആൻറണി എന്നിവരുടെ നേതൃത്വത്തിലുള്ള എട്ട് ടീമുകളാണ് അന്വേഷണം നടത്തുന്നത്.

Tags:    
News Summary - Child kidnapping, police unable to arrest suspect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.