മാധ്യമപ്രവർത്തകരോട് ‘കടക്ക് പുറത്ത്’ പറഞ്ഞത് വിളിക്കാത്തിടത്തേക്ക് വന്നതുകൊണ്ട് -മുഖ്യമന്ത്രി

കോഴിക്കോട്: വിളിക്കാത്തിടത്തേക്ക് മാധ്യമപ്രവർത്തകർ പോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്ന് അങ്ങനെ വന്നതുകൊണ്ടാണ് പുറത്തുകടക്കെന്ന് പറയേണ്ടിവന്നത്. ദയവായി നിങ്ങളൊന്ന് പുറത്തേക്കു നിൽക്ക് എന്നതിന് പകരം നിങ്ങൾ പുറത്തുകടക്ക് എന്ന് പറഞ്ഞിട്ടുണ്ടാവും. അതാണുണ്ടായതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കാലിക്കറ്റ് പ്രസ്‌ക്ലബ് സംഘടിപ്പിച്ച ‘മീറ്റ് ദ ലീഡർ’ പരിപാടിയിലാണ് മുഖ്യമന്ത്രി മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.

2017 ജൂലൈയിൽ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയും ബി.ജെ.പി നേതാക്കളും തമ്മിൽ നടത്തിയ സമാധാന ചർച്ചയിൽനിന്നാണ് മാധ്യമങ്ങളോട് കടക്കുപുറത്തെന്ന് പറഞ്ഞ് കയർത്തത്. ഇത് ഏ​റെ വിവാദമായിരുന്നു. പുതിയ സാഹചര്യത്തിൽ മുഖ്യമന്ത്രി മാധ്യമങ്ങളുമായി സംവദിക്കുന്ന പരിപാടി സി.പി.എം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് എട്ട് വർഷം മുമ്പ് മുഖ്യമന്ത്രി നടത്തിയ കടക്കുപുറത്ത് പ്ര​യോഗത്തെക്കുറിച്ച് അദ്ദേഹത്തോടുതന്നെ ചോദ്യമുയർന്നത്. 

ജമാഅത്തെ ഇസ്‍ലാമി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്, ഗുഡ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല -മുഖ്യമന്ത്രി

കോഴിക്കോട്: ജമാഅത്തെ ഇസ്‍ലാമി കറകളഞ്ഞ വർഗീയവാദികളാണെന്ന നിലപാടാണ് എല്ലാകാലത്തും സി.പി.എമ്മിനുള്ളതെന്നും ഒരിക്കലും ഗുഡ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശുദ്ധമായ മതതീവ്രവാദ നിലപാടാണ് അവർക്കുള്ളത്. അവരുടെ നിലപാടിൽ ഇതുവരെ മാറ്റങ്ങൾ വന്നിട്ടില്ല. കാലിക്കറ്റ് പ്രസ് ക്ലബ് സംഘടിപ്പിച്ച ‘മീറ്റ് ദ ലീഡർ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജമാഅത്തെ ഇസ്‍ലാമി നേതാക്കൾ സംസാരിക്കാൻ അവസരം നൽകണമെന്ന് പറഞ്ഞപ്പോൾ സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫിസിൽ കൂടിക്കാഴ്ച നടത്തിയത് ശരിയാണ്. ആ കണ്ടതിൽ ഒരുതരത്തിലുള്ള ഗുഡ് സർട്ടിഫിക്കറ്റും നൽകാൻ തയാറായിട്ടില്ല. മാത്രമല്ല, നേതാക്കൾക്കൊപ്പമുണ്ടായിരുന്ന സോളിഡാരിറ്റി നേതാക്കളെ സാമൂഹികവിരുദ്ധരാണെന്ന് മുഖത്തുനോക്കി പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജമാഅത്തെ ഇസ്‍ലാമി-സി.പി.എം സഹകരണത്തിന്റെ കൂടുതൽ തെളിവുകൾ പുറത്തുവരുന്നതിനെക്കുറിച്ച ചോദ്യത്തിന് ‘ആ തെളിവുകൾ കൈയിൽവെച്ച് നിൽക്ക്’ എന്നായിരുന്നു മറുപടി. 1996ൽ ജമാഅത്തെ ഇസ്‍ലാമി എൽ.ഡി.എഫിനെ പിന്തുണച്ചതിനെ പ്രശംസിച്ച് ദേശാഭിമാനി പത്രത്തിൽ വന്ന മുഖപ്രസംഗം സംബന്ധിച്ച ചോദ്യത്തിന് ആ മുഖപ്രസംഗത്തിൽ ജമാഅത്തെ ഇസ്‍ലാമിയെക്കുറിച്ച് കൃത്യമായി വിലയിരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന് ജമാഅത്തെ ഇസ്‍ലാമി എങ്ങനെയാണ് തങ്കക്കുടങ്ങളായി മാറിയത്. 1992ൽ ജമാഅത്തെ ഇസ്‍ലാമിയെ കോൺഗ്രസ് സർക്കാറിന് നിരോധിക്കേണ്ട സ്ഥിതിവന്നു. അതിന്റെ ഭാഗമായുള്ള പ്രതിഷേധ വോട്ട് എന്നനിലയിലാണ് 1996ലെ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്‍ലാമി മനസ്സില്ലാമനസ്സോടെ ഇടതുപക്ഷത്തിന് വോട്ട് ചെയ്യാൻ തയാറായത്. അതിനുമുമ്പ് എല്ലാഘട്ടത്തിലും ഇടതുപക്ഷത്തെ ക്രൂരമായി ആക്രമിക്കുന്ന നിലപാടാണ് അവർ സ്വീകരിച്ചിരുന്നതെന്നും ​മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Pinarayi Vijayan Meet The Press at Calicut Press Club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.