തിരുവനന്തപുരം: കനത്ത തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ പശ്ചാത്തലത്തിൽ പിണറായി വിജയനും പാർട്ടി സെക്രട്ടറിക്കുമെതിരെ സെക്രട്ടറിയേറ്റ് യോഗത്തിലുണ്ടായത് രൂക്ഷ വിമർശനങ്ങൾ. എം.വി. ഗോവിന്ദൻ സ്ഥാനമൊഴിയുന്നതാണ് നല്ലതെന്നും പിണറായി വിജയൻ ശൈലി മാറ്റാൻ തയാറാകണമെന്നും അഭിപ്രായമുയർന്നു. തെരഞ്ഞെടുപ്പ് അവലോകനങ്ങളുടെ രീതിയിലും കാരണം കണ്ടെത്തലുകളിലും പരമ്പരാഗത ശൈലി ഉടച്ചുവാർക്കണമെന്ന അഭിപ്രായമായിരുന്നു മറ്റൊന്ന്. യോഗത്തിന് സമയം മുൻകൂട്ടി നിശ്ചയിച്ച ശേഷം ചർച്ചകൾ അപൂർണമായി അവസാനിപ്പിക്കുന്നതിലും വിമർശനമുണ്ടായി. ഇക്കാര്യം യോഗത്തിൽ പങ്കെടുത്ത ജനറൽ സെക്രട്ടറി എം.എ. ബേബി അംഗീകരിക്കുകയും ചെയ്തു.
ആദ്യം യോഗവും വൈകീട്ട് നാലിന് വാർത്താസമ്മേളനവും നിശ്ചയിച്ചായിരുന്നു കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് യോഗം ചേർന്നത്. ഈ രീതി ശരിയല്ലെന്ന യോഗത്തിന്‍റെ പൊതുവികാരം അംഗീകരിച്ചതോടെയാണ് നാലിന് സെക്രട്ടറിയുടെ വാർത്താസമ്മേളനത്തിന് ശേഷവും സെക്രട്ടറിയേറ്റ് യോഗം തുടരാനും അത് 13 മണിക്കൂറോളം നീളാനും കാരണമായത്. ഓരോ അംഗങ്ങളും സമയമെടുത്ത് പറയാനുള്ളതെല്ലാം പറഞ്ഞു.
പാർട്ടിക്കുള്ളിൽ ശക്തമായി ഉയർന്ന എതിർവികാരം തിരിച്ചറിയാൻ കഴിയാതിരുന്നത് വലിയ വീഴ്ചയായി എന്നതാണ് സെക്രട്ടറിയേറ്റിന്‍റെ കുറ്റസമ്മതം. കനത്ത പ്രഹരത്തെ കണക്കു നിരത്തി ന്യായീകരിക്കാൻ നിൽക്കരുത്. നേതാക്കൾ പറയുന്നതെല്ലാം അതേ പടി ഉൾക്കൊണ്ടും അനുസരിച്ചും നീങ്ങുന്ന അണികളെ എപ്പോഴും പ്രതീക്ഷിക്കരുത്. കണ്ണൂരിലടക്കം തെറ്റായ തീരുമാനങ്ങളുണ്ടായി എന്ന വിമർശനവും ചർച്ചയിലുണ്ടായി. ആത്മപരിശോധനക്കും തിരുത്തലിനും തയാറായേ തീരൂ. സമീപകാലത്തൊന്നും ഉയരാത്ത വിമർശങ്ങൾ പിണറായി വിജയനും പാർട്ടി സെക്രട്ടറിയും കേട്ടിരുന്നു. സ്വജനപക്ഷപാതത്തിലായിരുന്നു ആരോപണങ്ങളേറെയും. ചുറ്റും നിൽക്കുന്നവർ ചെയ്യുന്നതെന്തും ന്യായീകരിക്കുന്ന ശൈലി അപകടം ചെയ്തുവെന്നാണ് വിമർശനം.
തെരഞ്ഞെടുപ് പരാജയം വിശദമായി വിശകലനം ചെയ്യാനും പ്രവർത്തകരെ കേൾക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ടെങ്കിലും അണികൾ സൈബറിടത്തിലടക്കം കൂട്ടത്തോടെ നേതൃത്വത്തെ ചോദ്യംചെയ്യുകയാണ്. പാർട്ടിയുടെ സൈബർപോരാളികളാരും ഇതിനെ പ്രതിരോധിക്കാനെത്തുന്നുമില്ല. പാർട്ടിക്കോട്ടകളിലെ തോൽവിയാണ് സി.പി.എമ്മിനെ ശരിക്കും ഉത്തരം മുട്ടിക്കുന്നത്. ഇതിനു കാരണക്കാരൻ എന്ന നിലയിലാണ് എം.വി. ഗോവിന്ദന് നേരേയുള്ള പ്രതിഷേധം. ഒതുക്കി നിർത്തിയ പി. ജയരാജനെ തിരിച്ചുവിളിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇതിനിടെ ടി.കെ. ഗോവിന്ദനെയും വി. കുഞ്ഞികൃഷ്ണനെയും വർഗവഞ്ചകരെന്ന് പറയാനാവില്ലെന്ന ടി.പി. രാമകൃഷ്ണന്‍റെ പരാമർശവും ശ്രദ്ധേയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.