കോഴിക്കോട്: പി.എം ശ്രീക്കു പിന്നാലെ മദ്യനയത്തിലും പ്ലസ്വൺ സീറ്റ് വിഷയത്തിലും സർക്കാറിനെതിരെ ന്യൂനപക്ഷ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നത് മുസ്ലിം ലീഗിനെ പ്രതിരോധത്തിലാക്കി. മൂന്ന് വിഷയത്തിലും ഇടത് സർക്കാരിനെതിരെ ശക്തമായ വിമർശനം ഉയർത്തിയ ലീഗിന് യു.ഡി.എഫ് സർക്കാറിന്റെ പുതിയ നിലപാടുകളോട് പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും ന്യായീകരിച്ച് പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥാണ്. പ്രത്യേകിച്ചും സമുദായ സംഘടനകൾ ഒന്നടങ്കം സർക്കാർ നിലപാടിനെതിരെ രംഗത്തുവന്നത് പുത്തരിയിലെ കല്ലുകടിയായി. ബജറ്റിലെ മദ്യ നികുതി ഇളവുകളുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകൾ ദൂരീകരിക്കണമെന്ന് പാർട്ടി അധ്യക്ഷൻ സാദിഖലി തങ്ങൾ ചന്ദ്രിക പത്രത്തിൽ എഴുതിയ ലേഖനത്തിൽ ആവശ്യപ്പെട്ടു. സുന്നി സംഘടനകളും ജമാഅത്ത്, മുജാഹിദ് വിഭാഗങ്ങളും ക്രൈസ്തവ സംഘടനകളും ബജറ്റിലെ മദ്യ നിലപാടിനെതിരെ ശക്തമായി പ്രതിഷേധമുയർത്തിയിരിക്കയാണ്.
പി.എം ശ്രീയിൽ രഹസ്യമായി ഒപ്പുവെച്ചതിനെതിരെ മുസ്ലിം ലീഗ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളും എൽ.ഡി.എഫ് ഘടകകക്ഷിയായ സി.പി.ഐയും ഒന്നടങ്കം പ്രതിഷേധമുയർത്തിയിരുന്നു. മന്ത്രിസഭയിൽ വെക്കാതെ മന്ത്രിയുടെ നിർദേശപ്രകാരം വിദ്യാഭ്യാസ സെക്രട്ടറി പി.എം ശ്രീയിൽ ഒപ്പുവെച്ചത് നിയമ വിരുദ്ധമാണെന്ന് അന്നുതന്നെ നിയമവിദഗ്ധർ ചൂണ്ടിക്കാട്ടിയതാണ്. ഈ നിയമവിരുദ്ധ പ്രവർത്തിയാണ് ഇപ്പോൾ യു.ഡി.എഫ് സർക്കാർ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ മുൻ സർക്കാറിന്റെ തുടർച്ചയായതിനാൽ കരാറിൽനിന്ന് പിന്മാറാനാകില്ലെന്ന മന്ത്രി ഷംസുദ്ദീന്റേത് ഉൾപ്പെടെ ന്യായം അംഗീകരിക്കാനാകില്ലെന്ന് ലീഗിൽനിന്ന് തന്നെ അഭിപ്രായം ഉയർന്നിട്ടുണ്ട്.
മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം സംബന്ധിച്ച പരാതികൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വിദ്യാഭ്യാസ വകുപ്പ് ഏറെക്കാലം കൈകാര്യം ചെയ്തിട്ടും പ്രശ്നം പരിഹരിക്കാൻ കഴിയാതിരുന്നതിൽ ലീഗ് വിരുദ്ധ സംഘടനകൾ ലീഗിനെ പ്രതിക്കൂട്ടിലേറ്റുന്നുമുണ്ട്. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് അധികാരമേറ്റിട്ടും ഇക്കാര്യത്തിൽ അഴകൊഴമ്പൻ പ്രതികരണം മന്ത്രി ഷംസുദ്ദീന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതിലും പാർട്ടിക്കകത്ത് നീരസമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.