അർജുൻ
ദോഹ: ജീവിതത്തിന്റെ പച്ചപ്പുതേടി പ്രവാസലോകത്തേക്ക് പറന്നുയർന്ന മലയാളി യുവാവിന്റെ സ്വപ്നങ്ങൾ കൂടിയാണ് റാസ് ലഫാൻ ഗ്യാസ് പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ കരിഞ്ഞുപോയത്. കോഴിക്കോട് തുണേരി സ്വദേശി അർജുന്റെ അപ്രതീക്ഷിത വിയോഗം നാട്ടുകാർക്കും കുടുംബത്തിനും ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല.
കഴിഞ്ഞ മാസത്തിലാണ് അർജുൻ 30ാം ജന്മദിനം ആഘോഷിച്ചത്. ആ സന്തോഷത്തിന് ഒരു മാസം തികയും മുമ്പേയാണ് പ്രിയപ്പെട്ടവന്റെ മരണവാർത്ത ജന്മനാടിനെ തേടിയെത്തിയത്. മൂന്ന് വർഷം മുമ്പാണ് അർജുൻ ഖത്തറിൽ പ്രവാസ ജീവിതം ആരംഭിച്ചത്. ബർസാൻ പ്ലാന്റിൽ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. കൂടെ ജോലി ചെയ്യുന്നവരോടും നാട്ടുകാരോടും എപ്പോഴും സൗമ്യമായി മാത്രം പെരുമാറിയിരുന്ന അർജുൻ എല്ലാവർക്കും പ്രിയങ്കരനായിരുന്നു.വാണിമേൽ പുതുക്കയം സ്വദേശി അതുലയുമായി അർജുന്റെ വിവാഹം കഴിഞ്ഞിട്ട് പത്ത് മാസം തികയുന്നതേയുള്ളൂ. കഴിഞ്ഞ അവധിക്ക് നാട്ടിലെത്തിയപ്പോഴായിരുന്നു വിവാഹം.
നാട്ടിൽ കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച ശേഷമാണ് ഭാവി കെട്ടിപ്പടുക്കാനുള്ള മോഹങ്ങളുമായി അർജുൻ തിരികെയെത്തിയത്. ഓണാഘോഷവുമായി ബന്ധപ്പെട്ട് അർജുനും പിതാവ് ബാബുവും ഒരുക്കിയ കലാവിരുന്ന് ഏവരും സങ്കടത്തോടെയാണ് പങ്കുവെക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള ദൃഢബന്ധത്തിന്റെ മാതൃകയായിരുന്നു ഇരുവരും.
ബർസാൻ പ്ലാന്റിലെ സൂപ്പർവൈസറായിരുന്ന അർജുൻ വളരെ ശാന്തനായ വ്യക്തിയായിരുന്നുവെന്ന് സഹജീവനക്കാർ ഓർക്കുന്നു. നാട്ടിലും ഏറെ പ്രിയപ്പെട്ടവനായ യുവാവിന്റെ അപ്രതീക്ഷിത വിയോഗം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും താങ്ങാനാവുന്നതിലും അപ്പുറമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.