കൊച്ചി: യുവതിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി മാരകമായ രാസലഹരി കുത്തിവെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ പ്രതികളെ റിമാൻഡ് ചെയ്തു. ഗുണ്ടാനേതാവായ മട്ടാഞ്ചേരി പുതിയറോഡ് കൊച്ചുപറമ്പിൽ വീട്ടിൽ അട്ടാണി അനീഷ് (43), ഇയാളുടെ സുഹൃത്ത് കൊല്ലം മയ്യനാട് സ്വദേശി ഫിറോസ്ഖാൻ (23) എന്നിവരെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അനീഷ് കൊച്ചി കേന്ദ്രീകരിച്ചാണ് ക്വട്ടേഷൻ-ഗുണ്ടാ പ്രവർത്തനങ്ങൾ നടത്തുന്നത്. അനീഷ് യുവതിയെ പലവിധത്തിൽ പ്രലോഭിപ്പിച്ച് മട്ടാഞ്ചേരിയിലുള്ള തന്റെ രഹസ്യ താവളത്തിലെത്തിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഈ പീഡന ദൃശ്യങ്ങൾ ഇയാൾ മൊബൈൽ ഫോണിൽ രഹസ്യമായി പകർത്തുകയും പിന്നീട് ഇത് ഫിറോസ്ഖാന് കൈമാറുകയും ചെയ്തു.
കഴിഞ്ഞ ദിവസം കലൂർ സ്റ്റേഡിയത്തിന് സമീപം യുവതിയെ തടഞ്ഞുനിർത്തി ഫിറോസ്ഖാൻ ഭീഷണിപ്പെടുത്തി. തന്റെ കൈവശമുള്ള പീഡനദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. തുടർന്ന് ബലമായി ലോഡ്ജ് മുറിയിലെത്തിച്ച് എം.ഡി.എം.എ നിർബന്ധപൂർവം ശരീരത്തിൽ കുത്തിവെച്ച ശേഷം ബലാത്സംഗം ചെയ്തെന്നാണ് കേസ്. അബോധാവസ്ഥയിലായ യുവതി പിറ്റേദിവസം ലോഡ്ജ് മുറിയിൽനിന്ന് പ്രതികളുടെ കണ്ണ് വെട്ടിച്ചാണ് രക്ഷപ്പെട്ടത്.
എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയെ പരിശോധിച്ച ഡോക്ടർ, ക്രൂരമായ ലൈംഗികാതിക്രമം നടന്നതായി സ്ഥിരീകരിക്കുകയും വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. നോർത്ത് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് അനീഷിനെയും ഫിറോസ്ഖാനെയും പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.